ജപ്പാനുമായുള്ള കറന്‍സി കൈമാറ്റ കരാരിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ജപ്പാനുമായുള്ള കറന്‍സി കൈമാറ്റ കരാരിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

വിദേശ വിനിമയത്തില്‍ നേരിടുന്ന ഹ്രസ്വകാല അപര്യാപ്തതകളെ നേരിടാന്‍ ഈ കരാര്‍ സഹായകമാകും

ന്യൂഡെല്‍ഹി: ജപ്പാനുമായി 75 ബില്യണ്‍ ഡോളറിന്റെ കറന്‍സി കൈമാറ്റ കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കറന്‍സി മൂല്യങ്ങളില്‍ വരുന്ന ചാഞ്ചാട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശേഷി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം. വ്യാഴാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉഭയകക്ഷി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ആഭ്യന്തര കറന്‍സിക്കു പകരമായി പരമാവധി 75 ബില്യണ്‍ ഡോളര്‍ വരെ ഇന്ത്യക്കും ജപ്പാനുമിടയില്‍ വിനിമയം ചെയ്യുന്നതിനും പുനര്‍ വിനിമയം ചെയ്യുന്നതിനുമുള്ള കരാറാണിതെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ജപ്പാനും തമ്മിലാണ് കരാര്‍ ഒപ്പിടുക. വിദേശ വിനിമയത്തില്‍ നേരിടുന്ന ഹ്രസ്വകാല അപര്യാപ്തതകളെ നേരിടാന്‍ ഈ കരാര്‍ സഹായകമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ പരസ്പരം സഹകരിക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെയും ജപ്പാന്റെയും ശ്രമങ്ങളുടെ ഭാഗമാണ് കരാര്‍. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ മൂലധനം കണ്ടെത്തുന്നതിലും ഈ കരാര്‍ കൂടുതല്‍ കരുത്ത് പകരും. രാജ്യത്തിന്റെ വിനിമയ മൂല്യത്തെ കുറിച്ച് നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം വര്‍ധിക്കുന്നതാണ് കാരണം.

കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശിച്ച സന്ദര്‍ഭത്തിലാണ് ഇതുസംബന്ധിച്ച ആദ്യ പ്രഖ്യാപനമുണ്ടായത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ടോക്കിയോയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം വിനിമയ മൂല്യത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഏഷ്യന്‍ കറന്‍സിയാണ് രൂപ. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ചാഞ്ചാട്ടവും ഇന്ത്യന്‍ ഓഹരി വിപണികളെയും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു. അതിനാല്‍ ഇന്ത്യന്‍ ഓഹരിവിപണികളുടെ സ്ഥിരത വര്‍ധിപ്പിക്കുന്നതിന് കൂടി സഹായകമാണ് പുതിയ കരാര്‍.

Comments

comments

Categories: Business & Economy