വിമാന ഓര്‍ഡറുകള്‍ റദ്ദ് ചെയ്ത് ഇത്തിഹാദ്, പൈലറ്റുമാരെ പിരിച്ചുവിട്ടേക്കും

വിമാന ഓര്‍ഡറുകള്‍ റദ്ദ് ചെയ്ത് ഇത്തിഹാദ്, പൈലറ്റുമാരെ പിരിച്ചുവിട്ടേക്കും

രണ്ടുവര്‍ഷത്തിനിടെ ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കമ്പനി കൂടുതല്‍ തസ്തികകള്‍ വെട്ടിച്ചുരുക്കിയേക്കുമെന്ന് ജൂലൈയില്‍ കമ്പനി സിഇഒ ടോണി ഡൗഗ്ലസ് വ്യക്തമാക്കിയിരുന്നു.

അബുദബി: ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി ഇത്തിഹാദ് എയര്‍വെയ്‌സ് പുതിയ വിമാനങ്ങള്‍ക്കായി നല്‍കിയ ഓര്‍ഡര്‍ റദ്ദ് ചെയ്തു. 50 ഓളം പൈലറ്റുമാരുടെ തസ്തിക വെട്ടിച്ചുരുക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി ജീവനക്കാര്‍ക്ക് സൂചന നല്‍കി. വന്‍ നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി തീരുമാനമെടുത്തത്.

പത്തോളം എ320 നിയോ സിംഗിള്‍-ഐല്‍ ജെറ്റ് വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡറാണ് കമ്പനി റദ്ദ് ചെയ്തിരിക്കുന്നത്. ജീവനക്കാര്‍ക്കയച്ച കത്തിലാണ് പൈലറ്റുമാരെ പിരിച്ചുവിടാനുള്ള തീരുമാനം കമ്പനി സൂചിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇവരെ കമ്പനിയില്‍ നിന്നും പുറത്താക്കിയേക്കുമെന്ന സൂചനയാണ് കത്ത് നല്‍കുന്നത്.

രണ്ടുവര്‍ഷത്തിനിടെ ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കമ്പനി കൂടുതല്‍ തസ്തികകള്‍ വെട്ടിച്ചുരുക്കിയേക്കുമെന്ന് ജൂലൈയില്‍ കമ്പനി സിഇഒ ടോണി ഡൗഗ്ലസ് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര യാത്രക്കാരേക്കാളും പ്രാദേശിക യാത്രക്കാര്‍ക്കാണ് നിലവിലെ അവസ്ഥയില്‍ മുന്‍ഗണന നല്‍കുന്നതെന്നും ഡൗഗ്ലസ് പറഞ്ഞു.

ചെലവുചുരുക്കലിന്റെ ഭാഗമായി പത്ത് ശതമാനം പ്രവര്‍ത്തനച്ചെലവ് ചുരുക്കാന്‍ കമ്പനി നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കമ്പനിയുടെ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് സുലൈമാന്‍ യാക്കൂബി ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. 2,065 പൈലറ്റുമാരുള്ള ഇത്തിഹാദില്‍ നിലവില്‍ പ്രഖ്യാപിച്ച പൈലറ്റുമാരുടെ തസ്തിക വെട്ടിച്ചുരുക്കലിനെ ‘ചെറിയൊരു വിഭാഗം’ എന്നാണ് സുലൈമാന്‍ വിശേഷിപ്പിച്ചത്.

കത്ത് സംബന്ധിച്ച് ഇത്തിഹാദ് വക്താവ് പ്രതികരണത്തിന് തയ്യാറായിട്ടില്ല, എങ്കിലും കാര്യശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇനിയും മാറ്റങ്ങളുണ്ടായേക്കുമെന്ന് അദ്ദേഹം സൂചന നല്‍കി.

ലാഭത്തിന് വലിയ സാധ്യതയില്ലാത്ത റൂട്ടുകള്‍ ഒഴിവാക്കുന്നുണ്ടെങ്കിലും ആഗോള ഏവിയേഷന്‍ രംഗത്ത് ഏറ്റവുമധികം വിമാനങ്ങള്‍ കൈവശമുള്ള കമ്പനികളിലൊന്ന് തന്നെയാണ് ഇത്തിഹാദ്. എ320 റദ്ദാക്കിയെങ്കിലും ദീര്‍ഘദൂരയാത്രകള്‍ക്ക് പ്രാപ്തമായ 100, എ350 വിമാനങ്ങള്‍ക്കും ബോയിംഗ് 777, 787 വിമാനങ്ങള്‍ക്കുമെല്ലാം കമ്പനി നല്‍കിയ കരാറുകള്‍ക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല.

ഇതിനിടെ ഇത്തിഹാദും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സും തമ്മില്‍ ലയനത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എമിറേറ്റ്‌സുമായി കൂടുതല്‍ അടുത്ത ബന്ധത്തിന് തയ്യാറാണെന്നും എന്നാല്‍ ലയനവിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഇരു കമ്പനികളുടെയും ഉടമസ്ഥരാണെന്നും ഡൗഗ്ലസ് വ്യക്തമാക്കി.

ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സില്‍ 24 ശതമാനം ഓഹരിയുള്ള കമ്പനി കൂടിയാണ് ഇത്തിഹാദ്.

Comments

comments

Categories: Arabia