പ്രഖ്യാപിത ലക്ഷ്യം കടന്ന് ഇന്ത്യയുടെ ധനക്കമ്മി

പ്രഖ്യാപിത ലക്ഷ്യം കടന്ന് ഇന്ത്യയുടെ ധനക്കമ്മി

ബജറ്റില്‍ കണക്കാക്കിയതിന്റെ 15 ശതമാനം കൂടുതലാണ് ഏപ്രില്‍-നവംബറിലെ ധനക്കമ്മിയെന്ന് ഡിബിഎസ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ഇന്ത്യയുടെ ധനക്കമ്മി ബജറ്റില്‍ പ്രഖ്യാപിച്ച ലക്ഷ്യം കടന്നതായി സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ബാങ്കിംഗ് ഗ്രൂപ്പ്. ഈ സാമ്പത്തിക വര്‍ഷത്തെ പ്രഖ്യാപിത ലക്ഷ്യത്തേക്കാള്‍ 15 ശതമാനം കൂടുതലാണ് ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ ധനക്കമ്മിയെന്ന് ഡിബിഎസ് പറയുന്നു.

2018-2019ല്‍ ധനക്കമ്മി 6.24 ലക്ഷം കോടി രൂപയില്‍ പിടിച്ചുനിര്‍ത്താനായിരുന്നു (ജിഡിപിയുടെ 3.3%) സര്‍ക്കാരിന്റെ ലക്ഷ്യം. ഏപ്രില്‍-സെപ്റ്റംബര്‍ കാലത്തെ ധനക്കമ്മി ഈ ലക്ഷ്യത്തിന്റെ 95.3 ശതമാനത്തിലെത്തിയിരുന്നു. ഒക്‌റ്റോബറിലിത് 103.5 ശതമാനത്തിലെത്തി. സര്‍ക്കാരിന്റെ ചെലവിടല്‍ വര്‍ധിച്ചതും വരുമാനം കുറഞ്ഞതുമാണ് ധനക്കമ്മി ഉയരാന്‍ കാരണം. ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ കുറഞ്ഞ പ്രത്യക്ഷ നികുതി വരുമാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വഴിയുള്ള ധനസമാഹരണം മന്ദഗതിയിലായതും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ഡിബിഎസ് ഗ്രൂപ്പ് റിസര്‍ച്ച് സാമ്പത്തിക വിദഗ്ധ രാധിക റാവു പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നതിന്റെ പകുതി പ്രത്യക്ഷ നികുതി വരുമാനമാണ് ഏപ്രില്‍-നവംബറില്‍ സര്‍ക്കാരിലേക്കെത്തിയിട്ടുള്ളത്. സാധാരണയായി പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ഷാവസാനമാണ് വര്‍ധനയുണ്ടാകുന്നത്. പരോക്ഷ നികുതി വരുമാനവും സമാനമായ അവസ്ഥയിലാണ് കുറഞ്ഞ ശുഭാപ്തിവിശ്വാസം മാത്രമാണ് വിപണികളിലുള്ളതെന്നും ഡിബിഎസ് വ്യക്തമാക്കി.

വാര്‍ഷിക ബജറ്റില്‍ വകയിരുത്തിയ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ ജിഎസ്ടി വരുമാനത്തില്‍ നിലവില്‍ 70,000-80,000 കോടി രൂപയുടെ കുറവാണുള്ളത്. ഡിസംബറില്‍ ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. മൊത്തം 94,726 കോടി രൂപയാണ് ഡിസംബറിലെ ജിഎസ്ടി വരുമാനം. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ജിഎസ്ടി വരുമാനമാണിത്. നവംബറില്‍ 97,637 കോടി രൂപയായിരുന്നു ജിഎസ്ടി വഴിയുള്ള വരുമാനം.

നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 12.9 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളില്‍ മൊത്തം 8,71,043 കോടി രൂപയാണ് ജിഎസ്ടി വഴി സര്‍ക്കാരിലേക്കെത്തിയിട്ടുള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രഖ്യാപിത ലക്ഷ്യത്തില്‍ ജിഎസ്ടി വരുമാനം എത്തിക്കുന്നതിന് ജനുവരി-മാര്‍ച്ച് പാദത്തില്‍ സര്‍ക്കാര്‍ 4.2 ലക്ഷം കോടി രൂപയുടെ വരുമാനം നേടേണ്ടതുണ്ട്. പ്രഖ്യാപിത ലക്ഷ്യത്തിന്റെ മൂന്നിലൊന്ന് വരുമിത്. 2019 വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഇതാണ്.

ഓഹരി വിറ്റഴിക്കല്‍ ശ്രമങ്ങളുടെ കാര്യത്തിലും സമാനമായ ആശങ്കയാണ് ഉള്ളത്. ഓഹരി വിറ്റഴിയല്‍ വഴി 80,000 കോടി രൂപയുടെ ധനസമാഹരണമാണ് നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ അഞ്ചിലൊന്ന് മാത്രമെ ഇതുവരെയുള്ള മാസങ്ങളിലായി സര്‍ക്കാരിന് നേടാനായിട്ടുള്ളു.

Comments

comments

Categories: Business & Economy