ജിഎസ്ടിയിലെ മാറ്റങ്ങള്‍ സ്വാഗതാര്‍ഹം…

ജിഎസ്ടിയിലെ മാറ്റങ്ങള്‍ സ്വാഗതാര്‍ഹം…

ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് ജിഎസ്ടി കൗണ്‍സില്‍ വ്യാഴാച്ച കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ പ്രായോഗികതയിലധിഷ്ഠിതമാണ്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് അത് ഏറെ ഗുണം ചെയ്യും

ജിഎസ്ടി(ചരക്കുസേവനനികുതി) സംവിധാനത്തില്‍ വീണ്ടും സുപ്രധാനമാറ്റമാണ് വ്യാഴാഴ്ച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രം ഒരു നികുതിയെന്ന ആശയത്തിന്റെ ബലത്തില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ജിഎസ്ടി, ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് താല്‍ക്കാലികമായെങ്കിലും ചെറിയ പ്രതിസന്ധിയുണ്ടാക്കിയതായി പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ പ്രധാനികളായ വ്യാപാര സമൂഹത്തെ ഇത് അലോസരപ്പെടുത്തുകയും ചെയ്തു. ജിഎസ്ടി കാരണം വലഞ്ഞ ഇടത്തരം വ്യാപാരികള്‍ മോദിക്കെതിരെ നിലപാടെടുക്കുമെന്നു വരെ വാര്‍ത്തകള്‍ വന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഇവര്‍ മാറിച്ചിന്തിക്കുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ടായിരിക്കാം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയില്‍ കാണാവുന്നതാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട് വന്ന പുതിയ മാറ്റങ്ങള്‍.

ജിഎസ്ടി കൗണ്‍സില്‍ കൈക്കൊണ്ട പരിഷ്‌കരണങ്ങള്‍ ചെറുകിട, ഇടത്തരം സംരംഭക മേഖലയ്ക്ക് വലിയ ആശ്വാസം നല്‍കുമെന്നത് തീര്‍ച്ച. 40 ലക്ഷം രൂപയെങ്കിലും വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ മാത്രം ജിഎസ്ടി റെജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുത്താല്‍ മതിയെന്നുള്ളതാണ് പരിഷ്‌കരണങ്ങളിലെ സുപ്രധാനമായ കാര്യം. നിലവിലെ പരിധി 20 ലക്ഷം രൂപയാണ്. ഇതാണ് ഇരട്ടിപ്പിച്ചിരിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ പരിഷ്‌കരണമാണിത്. ജിഎസ്ടി കൂടുതല്‍ ലളിതവല്‍ക്കരിക്കുന്നതിനുള്ള ശ്രമമായി വേണം ഇതിനെ കാണാന്‍. ഏകദേശം 20 ലക്ഷം സംരംഭങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.

ജിഎസ്ടി കംപോസിഷന്‍ സ്‌കീമില്‍ ചേരേണ്ടതിന്റെ പരിധി ഏപ്രില്‍ ഒന്നു മുതല്‍ 1.5 കോടി രൂപയുടെ വിറ്റുവരവായി ഉയര്‍ത്തിയതും ഏറെ ശ്രദ്ധേയമായി. ഇതും സംരംഭങ്ങള്‍ക്ക് ഗുണം ചെയ്യും. നിലവില്‍ ജിഎസ്ടിക്ക് കീഴില്‍ വരുന്ന 1.17 കോടി ബിസിനസുകളില്‍ 18 ലക്ഷം സംരംഭങ്ങള്‍ കംപോസിഷന്‍ സ്‌കീം തെരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം ജിഎസ്ടി റെജിസ്‌ട്രേഷന്റെ പരിധി 40 ലക്ഷമാക്കി ഉയര്‍ത്തിയത് വരുമാനം കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. 20 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയില്‍ വരുമാനമുള്ള ജിഎസ്ടി റെജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളുടെ ജിഎസ്ടി വരുമാനത്തിലേക്കുള്ള സംഭാവന അഞ്ച് ശതമാനം മാത്രമാണ്.

കേരളത്തിന് രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ് ഈടാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കിയതും സ്വാഗതാര്‍ഹമാണ്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ നടപടിയാണിത്. കേരളത്തിനുള്ളില്‍ വില്‍പ്പന നടക്കുന്ന തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും സെസ് ഏര്‍പ്പെടുത്തുക. ഇതില്‍ നിന്നും പ്രതിവര്‍ഷം 500 കോടി രൂപയെങ്കിലും സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പ്രളയ സെസ് കാലപരിധി കഴിഞ്ഞും നടപ്പാക്കപ്പെടുന്നില്ലെന്നത് ഉറപ്പാക്കണം. നോട്ട് അസാധുവാക്കലിന്റെ ആഘാതം മാറും മുമ്പ് തന്നെ ജിഎസ്ടിയും വന്നതോടെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നത് തീര്‍ച്ചയായിരുന്നു. എന്തായാലും വിപണി കൂടുതല്‍ ചലനാത്മകമാകാന്‍ പരിഷ്‌കരണനയങ്ങള്‍ വഴിവെച്ചേക്കും.

Comments

comments

Categories: Editorial, Slider
Tags: GST