വന്നെത്തി, ആഗോളവല്‍ക്കരണം 4.0

വന്നെത്തി, ആഗോളവല്‍ക്കരണം 4.0

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളെ മാനിക്കുന്ന, കാലാവസ്ഥാ വ്യതിയാനത്തെ അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമായി പരിഗണിക്കുന്ന, ദാരിദ്ര്യം ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് സങ്കല്‍പ്പിച്ചുനോക്കൂ. അതിനുള്ള ഏറ്റവും മികച്ച അവസരമാണ് മുമ്പിലുള്ളത്. ആഗോളവല്‍ക്കരണം 4.0 വിഭാവനം ചെയ്യുന്നത് അതാണ്.

രണ്ടാംലോക മഹായുദ്ധത്തിന് ശേഷമാണ് എല്ലാവരുടേതുമായൊരു ഭാവി എന്ന ആശയവുമായി ആഗോള സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വന്നത്. അത്തരത്തിലൊരു നൂതന ആശയത്തിന്റെ അനിവാര്യതയിലേക്കാണ് ഇന്ന് വീണ്ടും ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളിക്കൈകളില്‍ നിന്ന് ഇനിയും മുക്തമാകാത്ത ഈ ദശാബ്ദത്തില്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളും അസംതൃപ്തരും കോപാകുലരുമാണ്. രാഷ്ട്രീയ അരാജകത്വവും ആര്‍ത്തി മുഴുത്ത രാഷ്ട്രീയക്കാരും മാത്രമല്ല അതിനുള്ള കാരണം ആഗോളവല്‍കരണത്തിന്റെ പൂര്‍വ്വ മാതൃകകളും അതിനെ പിന്താങ്ങുന്ന മുഴുവന്‍ സമ്പദ് വ്യവസ്ഥയും നിരാശയുടെ കൊടുമുടിയിലേക്കാണ് സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നത്.

നാലാം വ്യാവസായിക വിപ്ലവത്തോട് അനുബന്ധിച്ച് നാം കൈവരിച്ച സാങ്കേതിക വൈദഗ്ധ്യം ലോകത്തിന് ഒന്നടങ്കം ഗുണകരമാകുന്നതാണ്. ഉല്‍പാദനവും വരുമാനവും വര്‍ധിപ്പിച്ച് തൊഴിലാളികള്‍ക്ക് അധിക വിശ്രമവും വിനോദവും പ്രദാനം ചെയ്യാനും സമ്പദ് വ്യവസ്ഥകളെ കാര്‍ബണ്‍ മുക്തമാക്കാനും പ്രതിഫലേതര ജോലികളില്‍ നിന്ന് സ്ത്രീകളെ മുക്തരാക്കാനുമുള്ള ശേഷി അതിനുണ്ട്. പക്ഷേ നാലാം വ്യാവസായിക വിപ്ലവത്തോട് അനുബന്ധിച്ചുണ്ടായ നേട്ടങ്ങളുടെ യഥാര്‍ത്ഥശേഷി തിരിച്ചറിയണമെങ്കില്‍ ആഗോളവല്‍കരണം എന്ന ആശയത്തെ പുതിയ കണ്ണിലൂടെ നോക്കിക്കാണാന്‍ നമുക്ക് സാധിക്കണം. അതാണ് ആഗോളവല്‍കരണം 4.0.

ഈ മാസം അവസാനത്തോടെ സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ ആരംഭിക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം ഇത്തവണ ചര്‍ച്ച ചെയ്യുന്നതും ആഗോളവല്‍കരണം 4.0 എന്ന വിഷയമാണ്. ആഗോളവല്‍കരണം 4.0 യുടെ പ്രത്യാഘാതങ്ങള്‍, ഭാവിയില്‍ ആഗോള സഹകരണത്തില്‍ അത് എന്തു മാറ്റമുണ്ടാക്കും, നാലാം വ്യാവസായിക വിപ്ലവത്തെ അത് എങ്ങനെ ബാധിക്കും തുടങ്ങിയ വിഷയങ്ങള്‍ ലോകനേതാക്കളും സാമ്പത്തിക വിദഗ്ധരും ബിസിനസ് പ്രമുഖന്മാരും പങ്കെടുക്കുന്ന ഈ ഫോറത്തില്‍ ചര്‍ച്ചയാകും.

ആഗോളവല്‍ക്കരണത്തിന്റെ മുന്‍ പതിപ്പുകള്‍

ആഗോളവല്‍ക്കരണത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഒരിക്കലും ക്രമാനുഗതമായ ഒരു വളര്‍ച്ചയും അഭിവൃദ്ധിയും അതിനുണ്ടായിട്ടില്ല എന്ന് മനസിലാക്കാം. ആധുനിക ചരിത്രം ആഗോളവല്‍ക്കരണത്തെ വളര്‍ച്ചയുടെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.

ആഗോളവല്‍ക്കരണം 1.0

ഇടനില വ്യാപാരമാണ് ആഗോളവല്‍ക്കരണത്തെ മുന്നോട്ട് നയിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനായ റിച്ചാര്‍ഡ് ബാള്‍ഡ്‌വിന്‍ പറയുന്നു. ഒന്നാംലോക മഹായുദ്ധത്തിന് മുമ്പ് വ്യാവസായിക വിപ്ലവത്തോട് അനുബന്ധിച്ചാണ് ആഗോളവല്‍ക്കരണം 1.0 ഉണ്ടായത്. ആവി എഞ്ചിനും മറ്റ് യാന്ത്രിക ശക്തികളും ഗതാഗതച്ചിലവ് കുറച്ചു. ദൂരയുള്ള സ്ഥലങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നവയാണെങ്കില്‍ പോലും മിതമായ നിരക്കില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇതിലൂടെ സാധിച്ചു. ഒന്നാംലോക മഹായുദ്ധത്തോടെ ആഗോളവല്‍ക്കരണം 1.0 മങ്ങിത്തുടങ്ങി.

ആഗോളവല്‍ക്കരണം 2.0

സോഷ്യല്‍ മാര്‍ക്കറ്റ് ഡെമോക്രസി സംബന്ധിച്ച് അമേരിക്കയും മറ്റ് സമ്പന്ന രാഷ്ട്രങ്ങളും പുതിയ ഉടമ്പടികളിലെത്തിയതോടെ മുതലാളിത്ത വ്യവസ്ഥിതിക്ക് അറുതിയായിത്തുടങ്ങി. സ്റ്റാലിന്റെയും മാവോയുടെയും കാലത്തിന് ശേഷം കമ്മ്യൂണിസവും മയപ്പെട്ടു. ഈ കാലഘട്ടത്തെ ആഗോളവല്‍ക്കരണം 2.0 എന്ന് വിളിക്കാം. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം 1950കളിലാണ് ആഗോളവല്‍ക്കരണം 2.0്ത്തിന് തുടക്കമായത്. നിര്‍മ്മാണമേഖലയില്‍ വന്‍ കുതിപ്പുണ്ടായതും പാശ്ചാത്യ കമ്പനികള്‍ കയറ്റുമതി ശൃംഖലകള്‍ ആരംഭിച്ചതും ഇക്കാലത്താണ്. ഈ കാലഘട്ടത്തില്‍ ചരക്ക് വ്യാപാരം അധികമായി. ആഗോളവല്‍ക്കരണത്തിന്റെയും ഓട്ടോമേഷന്റെയും ഗുണങ്ങളും ദോഷങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രാദേശികമായി നിയമങ്ങളും നയങ്ങളും നിലവില്‍ വന്നു. ഐക്യരാഷ്ട്ര സഭ, അതിന്റെ ഭക്ഷ്യ, കാര്‍ഷിക ശാഖകള്‍, അന്താരാഷ്ട്ര തൊഴിലാളി സംഘടന, നാണ്യനിധി, ലോകബാങ്ക്, ലോകവ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ നിയമങ്ങളിലധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര ഭരണസംവിധാനം രൂപപ്പെട്ടത് ആഗോളവല്‍ക്കരണം 2.0യുടെ കാലത്താണ്. 1970കളുടെ മധ്യത്തില്‍ സംജാതമായ ഇന്ധന ദൗര്‍ബല്യം ആഗോളവല്‍ക്കരണം 2.0യുടെ അവസാനത്തിലേക്ക് നയിച്ചു.

ആഗോളവല്‍ക്കരണം 3.0

1980കളിലാണ് ആഗോളവല്‍ക്കരണത്തിന്റെ മൂന്നാംപതിപ്പ് 3.0 ആവിര്‍ഭാവം ചെയ്തത്. ഇന്റെര്‍നെറ്റിന്റെ വ്യാപനത്തോടെ ചിലവ് കുറഞ്ഞ നിര്‍മ്മാണ,സേവന സാധ്യതകള്‍ കണ്ടെത്തി കമ്പനികള്‍ ഔട്ട്‌സോഴ്‌സിംഗ് ആരംഭിച്ചു. ലോകം മുഴുവന്‍ വ്യാപിച്ച വിതരണശൃംഖല ഇങ്ങനെ ഉയര്‍ന്നു വന്നു. ന്യൂഗ്ലോബലൈസേഷനെന്നും ഹൈപ്പര്‍ ഗ്ലോബലൈസേഷനെന്നും ഗ്ലോബല്‍ വാല്യൂ ചെയിന്‍ റെവല്യൂഷന്‍ എന്നുമൊക്കെ ഇതിനെ വിളിക്കാറുണ്ട്. അതിര്‍ത്തി കടന്നെത്തിയ ഫാക്ടറികളും ജി7 കമ്പനികളും വഴി സാങ്കേതികജ്ഞാനം വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളിലേക്കും എത്തി. 2008ലെ സാമ്പത്തിക മാന്ദ്യം ആഗോളവല്‍ക്കരണം 3.0യുടെ തകര്‍ച്ചയ്ക്കിടയാക്കി.

ഡീഗ്ലോബലൈസേഷന്‍ അഥവാ പ്രാദേശികവാദം

അരക്ഷിതാവസ്ഥയുടെയും നിരാശയുടെയും ഈ കലിയുഗത്തില്‍ സംരക്ഷണവാദത്തിലേക്ക്(പോപ്പുലിസം) ലോകം ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടണ്‍ തന്നെ ഇതിന് ഉദാഹരണമാണ്. സാമ്പത്തിക, വാണിജ്യ പ്രതിസന്ധികളാണ് അമേരിക്ക പോലുള്ള രാഷ്ട്രങ്ങളില്‍ വ്യാപാര സംരക്ഷണവാദത്തിനും സാമ്പത്തിക സംരക്ഷണവാദത്തിനും പ്രചാരമേകിയത്. ട്രംപ് അധികാരത്തില്‍ വന്നതോടെ ഈ വാദങ്ങള്‍ക്ക് മൂര്‍ച്ചയേറുകയും ചെയ്തു. നിലവിലെ ദുരവസ്ഥയ്ക്ക് താത്കാലികപരിഹാരമായി പല രാജ്യങ്ങളിലെയും ജനം സംരക്ഷണവാദത്തെ കാണുന്നു.

തമ്മില്‍ തമ്മില്‍ സഹകരണം വേണ്ടുന്ന ഈ ലോകത്ത് രാഷ്ട്രങ്ങളുടെ പരമാധികാരം വീണ്ടെടുക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. സംരക്ഷണവാദത്തിന്റെയും ദേശീതയിലൂന്നിയ രാഷ്ട്രീയത്തിന്റെയും ചുവട് പിടിച്ച് സമ്പദ് വ്യവസ്ഥകള്‍ അടച്ചുപൂട്ടാതെ, പൗരന്മാരും നേതാക്കളും തമ്മില്‍ പുതിയൊരു സാമൂഹിക ഉടമ്പടിയുണ്ടാക്കി ഒരേസമയം ലോകത്തിന് മുമ്പില്‍ തുറന്നിരിക്കുമ്പോഴും സ്വന്തം നാട്ടില്‍ സുരക്ഷിതരാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന ഒരു മാര്‍ഗമാണ് ഇന്നത്തെ അവസ്ഥയില്‍ അഭികാമ്യം. അല്ലാത്ത പക്ഷം സാമൂഹികഘടനയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ശിഥിലീകരണം നമ്മെ കൊണ്ടെത്തിക്കുക ജനാധിപത്യത്തിന്റെ തന്നെ തകര്‍ച്ചയിലേക്കായിരിക്കും.

ആഗോളവല്‍ക്കരണം 4.0 യുടെ ആവശ്യകത

നാലാം വ്യാവസായിക വിപ്ലവവുമായി ബന്ധപ്പെട്ട വെല്ലുവിളികളോടൊപ്പം പെട്ടന്ന് ഉദയം ചെയ്ത പാരിസ്ഥിതിക ബുദ്ധിമുട്ടുകള്‍, പല ധ്രുവങ്ങളിലുള്ള അന്താരാഷ്ട്ര ക്രമത്തിന്റെ ആവിര്‍ഭാവം, വളര്‍ന്നുവരുന്ന അസമത്വം തുടങ്ങിയ പ്രശ്‌നങ്ങളും ചേര്‍ന്ന് മോശപ്പെട്ട ബിസിനസ് അന്തരീക്ഷത്തിന് പിറവി നല്‍കിയിരിക്കുന്നു. ഇങ്ങനെയുള്ളൊരു ഘട്ടത്തിലാണ് ആഗോളവല്‍കരണത്തിന്റെ പുതിയൊരു പതിപ്പിനുള്ള ആവശ്യം പ്രസക്തമാകുന്നത്. പക്ഷേ മനുഷ്യന്റെ സാമൂഹികജീവിത നിലവാരം മെച്ചപ്പെടുത്താന്‍ അത് സഹായകമാകുമോ എന്നത് കോര്‍പ്പറേറ്റ്, പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ ഭരണകൂടങ്ങള്‍ക്ക് കാലക്രമത്തില്‍ പുതിയ ആശയവുമായി ഒത്തുപോകാന്‍ സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.എന്നിരുന്നാലും പുതിയൊരു ആഗോള പൊതു-സ്വകാര്യ സഹകരണത്തിനായുള്ള ചട്ടക്കൂട് അണിയറയില്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.

ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഓരോ തവണയും ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളാണ് ആഗോളവല്‍ക്കരണത്തിന്റെ വളര്‍ച്ചയ്ക്ക് തടസം നിന്നതെന്ന് മനസിലാക്കാം. ആഗോളവല്‍ക്കരണ വിരുദ്ധത അഥവാ സംരക്ഷണവാദം വരുത്തിത്തീര്‍ക്കുന്ന അധോഗതിയും ഇതിനോടകം മനസിലാക്കാന്‍ ലോകത്തിന് സാധിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വേണ്ടം ആഗോളവല്‍ക്കരണം 4.0 യെ സ്വീകരിക്കാന്‍.

ഇതുവരെ നാം കണ്ട ആഗോളവല്‍ക്കരണത്തിന്റെ പതിപ്പുകള്‍ അസമത്വം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തത്. കഴിവുള്ളവരും മത്സരക്ഷമതയുള്ളവരും മാത്രം വിജയിച്ചപ്പോള്‍ താഴെക്കിടയിലുള്ള തൊഴിലാളിവര്‍ഗവും വികസിത – വികസ്വര രാഷ്ട്രങ്ങളുമെല്ലാം അതിന്റെ ദുരിതഫലങ്ങള്‍ പേറി. ലോകത്തിലെ സമ്പന്നരായ 1 ശതമാനം ജനവിഭാഗം സമ്പത്തിന്റെ 82 ശതമാനവും കയ്യാളുമ്പോള്‍ ദാരിദ്ര്യ നിര്‍മാര്‍ജന നിരക്ക് മന്ദഗതിയിലായെന്ന് ലോകബാങ്ക് പറയുന്നു. 2030 ഓടെ ദാരിദ്ര്യം ഭൂമുഖത്ത് നിന്നും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ പിന്നോട്ടടിക്കുന്ന വസ്തുതയാണിത്. മാത്രമല്ല, അര്‍ദ്ധ സഹാറന്‍ ആഫ്രിക്ക നാള്‍ക്കുനാള്‍ കൊടിയ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

സിലിക്കണ്‍ വാലിയിലെയും അമേരിക്കയിലെയും ലോകത്ത് മറ്റെവിടെയുമുള്ള ശതകോടീശ്വരന്മാര്‍ ആഗോളവല്‍ക്കരണത്തിന്റെ ഭാവി നിശ്ചയിക്കുന്ന അവസ്ഥ നിലവിലുള്ളോളം കാലം ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകാനിടയില്ല. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളില്‍ നാം കണ്ട മലീമസമായ, സര്‍വ്വവും ഊറ്റിയെടുക്കുന്ന ലൈംഗിക വിഭജന മനോഭാവമുള്ള പുരോഗമനവാദം അവസാനിപ്പിക്കാന്‍ ആഗോളവല്‍ക്കരണം 4.0യ്ക്ക് സാധിക്കണം. പഴഞ്ചനായ സാമ്പത്തിക, വ്യാപാര, വേതന, നികുതി വ്യവസ്ഥകളും നിയമങ്ങളും പൊളിച്ചെഴുതുന്നതിന് ഭരണകൂടങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിന് ആഗോളവല്‍ക്കരണം 4.0യ്ക്ക് സാധിക്കും. എങ്കില്‍ മാത്രമേ നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്കും എത്തുകയുള്ളു.

ആഗോളവല്‍കരണം 4.0

ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ക്ലൗസ് ഷ്വാബ് ആണ് ആഗോളവല്‍ക്കരണം 4.0 ആരംംഭിച്ചുതുടങ്ങിയിട്ടേ ഉള്ളുവെന്നും എന്നാല്‍ ലോകം അതിന് വേണ്ടി വേണ്ടത്ര തയ്യാറെടുത്തിട്ടില്ലെന്നും മുന്നറിയിപ്പ് നല്‍കിയത്. ലോകമിന്ന് രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വെല്ലുവിളികളെ പെട്ടന്ന് മറികടക്കുകയും അസാധ്യമാണ്. നാലാം വ്യാവസായിക വിപ്ലവത്തില്‍ നിന്നുള്ള ഊര്‍ജം പുതിയൊരു സമ്പദ് വ്യവസ്ഥയും ആഗോളവല്‍ക്കരണത്തിന്റെ പുതിയൊരു മാതൃകയുമാണ് നമുക്ക് വാഗ്ദാനം നല്‍കുന്നത്. പൊതുനന്മ സംരക്ഷിക്കുന്ന പുതിയ രീതിയിലുള്ള ഭരണസംവിധാനമാണ് അതിനാവശ്യമെന്ന് ക്ലൗസ് ഷ്വാബ് പറയുന്നു.

ഭൗതിക, ജൈവിക, ഡിജിറ്റല്‍ മേഖലകളിലെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് മനുഷ്യചരിത്രം ഇതുവരെ കാണാത്ത, അതിവേഗതയാര്‍ന്ന കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന നാലാം വ്യാവസായിക വിപ്ലവത്തിന്റെ യുഗത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. ഈ പരിവര്‍ത്തനങ്ങള്‍ വ്യക്തികളും സര്‍ക്കാരും കമ്പനികളും എന്തിന്, ലോകത്തോട് തന്നെ നാം സംവദിക്കുന്ന രീതികളിലുണ്ടാകേണ്ട മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചുരുക്കത്തില്‍ ആഗോള സഹകരണത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക്, ആഗോളവല്‍കരണം 4.0യിലേക്ക് വളരെ വേഗത്തില്‍ അടുത്തുകൊണ്ടിരിക്കുകയാണ് നമ്മള്‍.

പങ്കിടലിന്റെ പ്രത്യയശാസ്ത്രമാണ് ആഗോളവല്‍കരണം 4.0. തുറന്ന മനോഭാവത്തിലധിഷ്ഠിതമായ സ്വതന്ത്ര വ്യാപാര, ആവാസ വ്യവസ്ഥ. ഒരുമിച്ചുള്ള മുന്നേറ്റത്തിനാണ് അത് ഊന്നല്‍ നല്‍കുന്നത്. ഇന്നവേഷന്‍, ഇന്‍ക്ലൂസിവ്‌നെസ്, ഗുണങ്ങളുടെയും സഹിഷ്ണുതയുടെയും പങ്കിടല്‍ എന്നിവ കൊണ്ട് സാധ്യമാകുന്ന ആഗോളവല്‍ക്കരണത്തിന്റെ താരതമ്യേന സുസ്ഥിരവും യുക്തവും സന്തുലിതവുമായ പതിപ്പാണത്. ആഗോളവല്‍ക്കരണത്തിന്റെ മുന്‍ പതിപ്പുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണത്.

ഡിജിറ്റല്‍ സാങ്കേതി വിദ്യകള്‍ മൂന്നുതരത്തിലാണ് പുതിയകാല ആഗോള ബിസിനസിനെയും വ്യാപാരത്തെയും പാകപ്പെടുത്തുന്നത്. രാജ്യങ്ങളുടെയും കമ്പനികളുടെയും ഉല്‍പാദനവും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നു എന്നതാണ് ഇതില്‍ ആദ്യത്തേത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ മൂലം ഉല്‍പാദനം 30 ശതമാനത്തോളം വര്‍ധിക്കുകയും നിര്‍മ്മാണച്ചിലവ് 30 ശതമാനത്തോളം കുറയുകയും ചെയ്യുന്നു എന്നാണ് കണക്ക്. മുന്‍കാല ആഗോളവല്‍ക്കരണ പതിപ്പുകളില്‍ നിന്നും വ്യത്യസ്തമായി ചരക്ക് വ്യാപാരം കുറയുകയും ആഗോളസേവനങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഡിജിറ്റല്‍ വിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സേവനങ്ങളാണ് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്നത്. പല വ്യവസായരംഗങ്ങളിലെയും സേവനമേഖലയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന കുതിപ്പ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ കൊണ്ട് മാത്രം സാധ്യമാക്കുന്നതാണ്. അവസാനമായി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വ്യാപനം രാഷ്ട്ര അതിര്‍ത്തികളെയും പരമ്പരാഗത ദേശസാത്കൃത ബിസിനസ് മാതൃകകളെയും തീര്‍ത്തും അപ്രസക്തമാക്കി. ഇന്ന് 700 ബില്യണ്‍ ഡോളറിന്റെ ചരക്കുകളാണ് അലിബാബ, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് മേഖലകളിലൂടെ വ്യാപാരം ചെയ്യപ്പെടുന്നത്. ഇത്തരം ആഗോള മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമുകളും അനുബന്ധ വിതരണ ശൃംഖലകളും ആഗോളവല്‍ക്കരണത്തിന്റെ ആദ്യ മൂന്ന് പതിപ്പുകളില്‍ നിലവിലുണ്ടായിരുന്ന സങ്കീര്‍ണമായ വിതരണശൃംഖലകളെ പുനഃസ്ഥാപിച്ചിരിക്കുന്നു. ചെറിയ കമ്പനികള്‍ക്ക് പോലും ആഗോളമാര്‍ക്കറ്റില്‍ വളരെ എളുപ്പത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കുന്ന നല്ല മാറ്റമാണിത്.

ചുരുക്കത്തില്‍ ഈ ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ആഗോളവല്‍ക്കരണം 4.0യുടെ അടിസ്ഥാനമെന്ന് പറയാം.

ആഗോളവല്‍ക്കരണം 4.0 യില്‍ ലോകരാജ്യങ്ങള്‍ക്കുള്ള പങ്ക്

ഉത്തരവാദിത്വമുള്ള, പക്വതയുള്ളവര്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ വേണം ആഗോളവല്‍ക്കരണം 4.0യെ നിയന്ത്രിക്കാന്‍. പൗരന്മാരുടെ വികാരവും ക്ഷോഭവും ഇരട്ടിപ്പിച്ച് കൊള്ളലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ അല്ല, പകരം ജനങ്ങളുടെ അസംതൃപ്തിയുടെ മൂലകാരണങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ ശ്രമിക്കുന്ന ലോകനേതാക്കളുടെ കയ്യിലാകണം ആഗോളവല്‍ക്കരണം 4.0യുടെ നിയന്ത്രണച്ചരട് ഉണ്ടാകേണ്ടത്.

അതുകൊണ്ടുതന്നെ വ്യാപാര അതിര്‍ത്തികളില്‍ മതില്‍ കെട്ടുന്ന ട്രംപിന്റെ അമേരിക്കയ്ക്കും ബിസിനസിനെ രാഷ്ട്രീയ അധിനിവേശത്തിന് ഉപയോഗിക്കുന്ന ചൈനയ്ക്കുമൊന്നും ഈ മുന്നേറ്റത്തില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. ഒരു രാജ്യമെന്ന നിലയില്‍ ഈ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിക്കാന്‍ സ്വതന്ത്ര വ്യാപാരനയമെന്ന തങ്ങളുടെ അസ്തിത്വത്തിലേക്ക് അമേരിക്ക തിരിച്ചുവരേണ്ടതുണ്ട്. ട്രംപിന്റെ പുറത്താക്കലിലൂടെയേ അത് സാധ്യമാകുകയുള്ളൂവെന്നു വേണം കരുതാന്‍. എന്നാല്‍ അമേരിക്കയിലെ സങ്കേതിക സംരംഭങ്ങള്‍, മേധാവിത്വം പുലര്‍ത്തുന്ന ബിസിനസ് ആവാസവ്യവസ്ഥ ഇതില്‍ സമാനതകളില്ലാത്ത പങ്കുവഹിക്കുകയും ചെയ്യും.

ആഗോളവല്‍ക്കരണത്തെ മുന്നോട്ട് നയിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ നമുക്കിടയില്‍ തന്നെയുണ്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂങ് ജി ഇന്‍, സമ്പന്നരിലും കോര്‍പ്പറേറ്റുകളിലും ഒരു കൂട്ടം നികുതി ചുമത്തിയും കുറഞ്ഞ വേതനപരിധി ഉയര്‍ത്തിയും പൊതുആവശ്യങ്ങള്‍ക്കുള്ള ധനവിനിയോഗം കൂട്ടിയും അസമത്വപ്രശ്‌നത്തെ നേരിടുകയാണ്. ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ത അര്‍ട്രേണും അസമത്വത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലാണ്. പൗരന്മാരുടെ സൗഖ്യത്തിന് മുന്‍ഗണന നല്‍കുന്നതാണ് അവരുടെ ഭരണവിജയത്തിന്റെ രഹസ്യം. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആഗോള വനിത വികസന നയത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ആഗോളവല്‍ക്കരണം എല്ലാവര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ കൈകാര്യം ചെയ്യാമെന്ന് തെളിയിച്ചവരാണിവര്‍.

ഇന്ത്യയും ഇക്കാര്യത്തില്‍ പിന്‍പന്തിയിലല്ല. ചരിത്രാതീതകാലം മുതല്‍ക്കേ തുറന്ന വ്യാപാര നയങ്ങളിലും പങ്കിടലിന്റെ പ്രത്യയശാസ്ത്രത്തിലും വിശ്വസിക്കുന്ന ഭാരതത്തിന് ഈ മുന്നേറ്റത്തിന്റെ നേതൃനിരയിലേക്ക് വരാനുള്ള എല്ലാ അവസരങ്ങളുമുണ്ട്. സംരക്ഷണവാദത്തില്‍ അധിഷ്ഠിതമായ നയങ്ങള്‍ക്കെതിരെ കുറച്ച് കാലം മുമ്പ് വരെ ശക്തമായ നിലപാടെടുത്ത മോദിയുടെ സമീപനം ഇനിയും തുടര്‍ന്നാല്‍ മാത്രം. അടുത്തിടെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആഗോളവല്‍ക്കരണത്തിന് വിരുദ്ധമായ നയപരിപാടികളിലേക്ക് മോദി സര്‍ക്കാരിന്റെ താല്‍പ്പര്യം മാറിയെന്നതും കണക്കിലെടുക്കണം. ഏതായാലും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആഗോളമാര്‍ക്കറ്റിലെ മത്സരത്തെ നേരിടാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറെടുത്തു കഴിഞ്ഞു.

ആഗോളവത്കരണം 4.0 ആരംഭിച്ചതേ ഉള്ളൂ. പക്ഷേ നാം അതിനുവേണ്ടി ഒട്ടും തന്നെ ഒരുങ്ങിയിട്ടില്ല എന്ന ക്ലൗസ് ഷ്വാബിന്റെ വാക്കുകള്‍ മറക്കാന്‍ പാടില്ല. പഴഞ്ചന്‍ ചിന്താഗതികളിലും കാഴ്ചപ്പാടുകളിലും അള്ളിപ്പിടിച്ച് നിന്ന് നിലവിലെ പ്രക്രിയകളെയും സ്ഥാപനങ്ങളെയും മാത്രം ആശ്രച്ചിരുന്നാല്‍ നാം പുരോഗതി കൈവരിക്കില്ല. ദേശീയതയും സംരക്ഷണവാദവും തമ്മിലുള്ള വൃത്തികെട്ട കോലാഹലമാണ് ഇന്ന് നടക്കുന്നത്. സമ്പത്ത് അധികരിക്കുമ്പോഴും ഉള്‍ക്കാഴ്ച ഇല്ലാത്ത അവസ്ഥ. ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണിത്.

വളര്‍ച്ചയ്ക്കുള്ള എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളുമായി വലിപ്പച്ചെറുപ്പമില്ലാതെ ആഗോളമാര്‍ക്കറ്റില്‍ കമ്പനികളെ മത്സരക്ഷമരാക്കുന്ന പുതിയ കാലത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഒരു സ്മാര്‍ട്ട്‌ഫോണിനപ്പുറം ആഗോള ഉപഭോക്താവ് മുന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ആഗോളവല്‍ക്കരണം 4.0യില്‍ വിജയിക്കുകയും വരും തലമുറകള്‍ക്ക് മാതൃകയാകുകയും ചെയ്യുക.

Comments

comments

Categories: FK Special, Slider