മുതിര്‍ന്നവര്‍ ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ സാധ്യത കൂടുതലുള്ളവരെന്നു പഠന റിപ്പോര്‍ട്ട്

മുതിര്‍ന്നവര്‍ ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ സാധ്യത കൂടുതലുള്ളവരെന്നു പഠന റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: സമീപകാലത്തു ഫേസ്ബുക്ക് ഏറ്റവുമധികം പഴി കേട്ടത് വ്യാജ വാര്‍ത്തകളുടെ പേരിലായിരുന്നു. ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയാണെന്നും ഇത് തടയാന്‍ ഫേസ്ബുക്ക് ശ്രമിക്കുന്നില്ലെന്നും പരാതിയുയര്‍ന്നു. 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലായിരുന്നു ഏറ്റവുമധികം വ്യാജ വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചത്.
ഈയടുത്ത് നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നതു യുവതലമുറയേക്കാള്‍ ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ സാധ്യത കൂടുതല്‍ മുതിര്‍ന്നവരാണെന്നു വിശദീകരിക്കുന്നു. സയന്‍സ് അഡ്വാന്‍സസ് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയത്, ശരാശരി 65 വയസിനു മുകളിലുള്ള അമേരിക്കയിലെ ഫേസ്ബുക്ക് യൂസര്‍മാര്‍, 18നും-29നും ഇടയിലുള്ള യൂസര്‍മാരേക്കാള്‍ ഏഴ് മടങ്ങ് വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തതായിട്ടാണ്.

പ്രായപൂര്‍ത്തിയായ 1,750 അമേരിക്കക്കാരുടെ ഫേസ്ബുക്ക് ചരിത്രം ഗവേഷകര്‍ പരിശോധിച്ചു. അവര്‍ പോസ്‌ചെയ്ത ലിങ്കുകള്‍ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവരുടെ പട്ടികയുമായി ബന്ധപ്പെടുത്തി വിശദമായി പരിശോധിച്ചു. ഇങ്ങനെ ചെയ്തതിലൂടെ വ്യാജ വാര്‍ത്താ ഡൊമെയ്‌നുകളില്‍നിന്നുള്ള ആര്‍ട്ടിക്കിളുകള്‍ അഥവാ ലേഖനങ്ങള്‍ 2016 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം യൂസര്‍മാരും ഷെയര്‍ ചെയ്തിട്ടില്ലെന്നു കണ്ടെത്തി. 1,750 പേരില്‍ 8.5 ശതമാനം പേര്‍ മാത്രമാണു വ്യാജ വാര്‍ത്താ വെബ്‌സൈറ്റില്‍നിന്നും ചുരുങ്ങിയത് ഒരു ലിങ്ക് എങ്കിലും ഫേസ്ബുക്കില്‍ പങ്കുവച്ചതായി കാണപ്പെട്ടത്. വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നതിന് വിദ്യാഭ്യാസമോ, വരുമാനമോ, ലിംഗമോ ഒന്നും തടസമാകുന്നില്ലെന്നും പഠനം കണ്ടെത്തി.

Comments

comments

Categories: FK News
Tags: Facebook