ഇലക്ട്രിക് കണ്‍സെപ്റ്റ് ബൈക്കുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

ഇലക്ട്രിക് കണ്‍സെപ്റ്റ് ബൈക്കുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

ഇലക്ട്രിക് സ്‌കൂട്ടര്‍, ഇലക്ട്രിക് മോപെഡ് കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു

ലാസ് വേഗസ് : ലൈവ്‌വയര്‍ മോട്ടോര്‍സൈക്കിളിനുപിന്നാലെ ഹാര്‍ലി ഡേവിഡ്‌സണ്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നു. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ രണ്ട് കണ്‍സെപ്റ്റ് മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഇലക്ട്രിക് സ്‌കൂട്ടറും ഇലക്ട്രിക് മോപെഡുമാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ഇലക്ട്രിക് മൊബിലിറ്റി കണ്‍സെപ്റ്റുകള്‍ ഉല്‍പ്പാദനത്തില്‍ കലാശിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. അന്തിമ മോഡല്‍ ഇതുപോലെത്തന്നെ ആയിരിക്കുമോയെന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. പ്രദര്‍ശിപ്പിച്ചയില്‍ ഒന്ന് ഇലക്ട്രിക് സ്‌കൂട്ടറാണെങ്കില്‍ മറ്റൊന്ന്് ഓഫ്-റോഡ് ശേഷിയുള്ള ഇലക്ട്രിക് മോപെഡ് ആണ്.

രണ്ട് കണ്‍സെപ്റ്റ് ബൈക്കുകളും ഇലക്ട്രിക് കരുത്തില്‍ സഞ്ചരിക്കുമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പുറത്തുവിട്ടില്ല. യൂട്ടിലിറ്റേറിയന്‍ ഗണത്തില്‍പ്പെടുത്താവുന്നതാണ് ഇലക്ട്രിക് സ്‌കൂട്ടര്‍. റണ്ണിംഗ് ബോര്‍ഡുകള്‍, നീളമേറിയ സിംഗിള്‍ സീറ്റ് എന്നിവ സവിശേഷതകളാണ്. സീറ്റിനും ബാറ്ററി പാക്കിനും ഇടയിലായി ധാരാളം സ്റ്റോറേജ് സ്‌പേസ് നല്‍കിയിരിക്കുന്നു. കണ്‍സെപ്റ്റ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം നടത്തുകയാണെങ്കില്‍ യുഎസ്സിലായിരിക്കും ആദ്യം വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

രണ്ട് കണ്‍സെപ്റ്റുകളും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ എന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ വിശേഷിപ്പിക്കുന്നതെങ്കിലും രൂപകല്‍പ്പനയും വിശദാംശങ്ങളും കണക്കിലെടുക്കുമ്പോള്‍ മോട്ടോര്‍സൈക്കിള്‍ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. കണ്‍സെപ്റ്റുകള്‍ക്ക് ഇതുവരെ പേര് നല്‍കിയിട്ടില്ല. ഭാവിയില്‍ മോട്ടോര്‍സൈക്കിളുകളില്‍ മാത്രം ഒതുങ്ങാനല്ല ബാര്‍ & ഷീല്‍ഡ് ബ്രാന്‍ഡിന്റെ തീരുമാനമെന്ന് ലാസ് വേഗസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍നിന്ന് മനസ്സിലാക്കാനാകും. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കൂടാതെ, ഇലക്ട്രിക് ഡ്രൈവ്‌ട്രെയ്ന്‍ നല്‍കി വിവിധ തരത്തിലും ഡിസൈനിലുമുള്ള ഇരുചക്ര വാഹനങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

Comments

comments

Categories: Auto