ശ്രദ്ധേയ സാന്നിധ്യമായി ബെല്‍ നെക്‌സസ് പറക്കും ടാക്‌സി

ശ്രദ്ധേയ സാന്നിധ്യമായി ബെല്‍ നെക്‌സസ് പറക്കും ടാക്‌സി

ബെല്‍ എന്ന അമേരിക്കന്‍ എയ്‌റോസ്‌പേസ് കമ്പനിയാണ് എയര്‍ ടാക്‌സി വാഹനം നിര്‍മ്മിച്ചിരിക്കുന്നത്

ലാസ് വേഗസ് : ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ കണ്ട ശ്രദ്ധേയ സാന്നിധ്യങ്ങളിലൊന്ന് ബെല്‍ നെക്‌സസ് എന്ന എയര്‍ ടാക്‌സി വാഹനമായിരുന്നു. അമേരിക്കന്‍ എയ്‌റോസ്‌പേസ് നിര്‍മ്മാതാക്കളായ ബെല്‍ ഹെലികോപ്റ്ററാണ് നെക്‌സസ് എന്ന പറക്കുംകാറുമായി ലാസ് വേഗസിലെത്തിയത്. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (വിടിഒഎല്‍) എയര്‍ക്രാഫ്റ്റാണ് ബെല്‍ നെക്‌സസ്. അതായത് നേരെ കുത്തനെ മുകളിലേക്ക് പറന്നുയരാനും ഇറങ്ങാനും കഴിയും.

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ബെല്‍ നെക്‌സസ്. ഇന്റര്‍സിറ്റി ഷെയേര്‍ഡ് മൊബിലിറ്റി, അതിവേഗ കാര്‍ഗോ ഡെലിവറി എന്നിവയ്ക്ക് അനുയോജ്യമാണ് നെക്‌സസ് എന്ന് ബെല്‍ പ്രസ്താവിച്ചു. 600 പൗണ്ട് വരെ ഭാരം വഹിക്കാന്‍ കഴിയും. ഹൈബ്രിഡ് പ്രൊപല്‍ഷന്‍ സംവിധാനം കരുത്തേകുന്ന ആറ് ഫാനുകളാണ് എയര്‍ ടാക്‌സി വാഹനത്തെ പറക്കാന്‍ സഹായിക്കുന്നത്. 2020 പകുതിയോടെ പ്രധാന നഗരങ്ങളില്‍ സര്‍വീസ് നടത്താനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

വിശാലമായ സ്ഥലം ലഭിക്കുന്നതിന്റെ പരിമിതികള്‍ കണക്കിലെടുത്താണ് വെര്‍ട്ടിക്കല്‍ രീതി സ്വീകരിച്ചതെന്ന് ബെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മിച്ച് സ്‌നൈഡര്‍ പറഞ്ഞു. ബെല്‍ നെക്‌സസ് ഇപ്പോള്‍ പറത്തുന്നതിന് ഹ്യൂമന്‍ പൈലറ്റ് ആവശ്യമാണ്. എന്നാല്‍ ഫുള്ളി ഓട്ടോണമസ് വാഹനമാക്കി മാറ്റുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ബെല്‍ എന്‍ജിനീയര്‍മാര്‍.

പറക്കും ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്ന് യുബര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുബറിനായി എയര്‍ക്രാഫ്റ്റ് രൂപകല്‍പ്പന ചെയ്യുന്നത് ബെല്‍ ഹെലികോപ്റ്ററാണ്. 2023 ഓടെ പറക്കുംടാക്‌സി സര്‍വീസ് ആരംഭിക്കുകയാണ് യുബറിന്റെ ലക്ഷ്യം. ബെല്‍ നെക്‌സസ് ഉപയോഗിക്കുന്നതിന് എത്രമാത്രം ചെലവ് വരുമെന്ന് വ്യക്തമല്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുംവിധമായിരിക്കും ഫ്‌ളൈയിംഗ് ടാക്‌സി സര്‍വീസ് നടത്തുകയാണ് യുബറിന്റെ ലക്ഷ്യം.

Comments

comments

Categories: Auto
Tags: Bell nexus