അപകട സാധ്യത കുറയ്ക്കുന്നതിന് 20,000 കോടിയുടെ ചെലവിടല്‍ നടത്തും

അപകട സാധ്യത കുറയ്ക്കുന്നതിന് 20,000 കോടിയുടെ ചെലവിടല്‍ നടത്തും

ഓരോ വര്‍ഷവും രാജ്യത്തെ റോഡുകളില്‍ ഒരു ലക്ഷത്തില്‍ അധികം പേരുടെ ജീവന്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി റോഡുകളിലെ അപകട സാധ്യതയുള്ള മേഖലകളില്‍ പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ 20,000 കോടി രൂപയ്ക്കു മുകളില്‍ ചെലവിടല്‍ നടത്തുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. റോഡപകടങ്ങളിലൂടെയുള്ള അത്യാഹിതങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് തന്റെ മന്ത്രാലയം പ്രഥമ പരിഗണന നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും സംയുക്തമായി തയറാക്കിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

ഓരോ വര്‍ഷവും രാജ്യത്തെ റോഡുകളില്‍ ഒരു ലക്ഷത്തില്‍ അധികം പേരുടെ ജീവന്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എന്‍ജിനീയറിംഗ് അപര്യാപ്തതകളാണ് റോഡ് അപകടങ്ങളിലെ ഒരു പ്രധാന കാരണം. രാജ്യവ്യാപകമായി അപകട സാധ്യത കൂടിയ പ്രദേശങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിലെ അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനും ഫ്‌ളൈ ഓവറുകളും അണ്ടര്‍പാസുകളും നിര്‍മിക്കുന്നതിനുമായി 20,000 കോടിക്കു മുകളിലുള്ള ചെലവിടല്‍ നടത്തുന്നതായി ഗഡ്കരി വിശദീകരിച്ചു.

ലൈസന്‍സ് അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഗൗരവകരമായ സമീപനം ആവശ്യമാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ അവബോധം വളരേണ്ടത് അനിവാര്യമാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. പ്രാഥമിക വിദ്യാഭ്യാസത്തില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പാഠങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിന് ഓര്‍മിപ്പിക്കുന്ന സംവിധാനം പോലുള്ളവ അവതരിപ്പിക്കുന്നതിന് ഓട്ടൊമൊബീല്‍ വ്യവസായത്തെയും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി വ്യക്തമാക്കി.

സര്‍വെയില്‍ പങ്കെടുത്ത 92.8 ശതമാനം പേരു കുട്ടികള്‍ക്കായുള്ള ഹെല്‍മെറ്റിന്റെ സുരക്ഷാ ഗുണങ്ങളെ കുറിച്ച് അറിവുള്ളവരാണെങ്കിലും 20.1 ശതമാനം പേര്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. 9,408 കുട്ടികള്‍ക്കാണ് 2017ല്‍ റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. നിരവധി ബോധവത്കരണ നടപടികള്‍ക്ക് ശേഷവും ഭൂരിപക്ഷം യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ തയാറാകുന്നില്ലെന്ന് നിസാന്‍ ഇന്ത്യ പ്രസിഡന്റ് തോമസ് ക്വാഹി പറഞ്ഞു.

Comments

comments

Categories: FK News

Related Articles