40,000ത്തോളം വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടി

40,000ത്തോളം വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വനികള്‍ക്ക് വേണ്ടി 14 ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങുമെന്ന് സൗദി അധികൃതര്‍

റിയാദ്: കഴിഞ്ഞ വര്‍ഷം ജൂണിലാണ് സൗദി അറേബ്യയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് പൂര്‍ണമായും നീങ്ങിയത്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായിരുന്നു വനിതകളുടെ ഡ്രൈവിം വിലക്ക് നീക്കിയ നടപടി യാഥാര്‍ത്ഥ്യമായത്. എന്നാല്‍ അതിനുശേഷം ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുടെ എണ്ണത്തില്‍ വമ്പന്‍ വര്‍ധനയാണുണ്ടിയിരിക്കുന്നത്.

ഡ്രൈവിംഗ് വിലക്ക് നീങ്ങിയതിന് ശേഷം 40,000ത്തിലധികം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വനിതകള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകള്‍ക്കായി 14 ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി നിലവിലുള്ളതായി ട്രാഫിക് വകുപ്പ് ഡയറക്റ്റര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസാമി വ്യക്തമാക്കി.

അന്താരാഷ്ട്ര നിലവാരമുള്ള ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതിന് 22 കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ആകുന്വോഴേക്കും സൗദിയില്‍ 20 ശതമാനം അഥവാ മൂന്ന് ദശലക്ഷം വനിതകള്‍ ഡൈവിംഗ് പ്രാഗല്‍ഭ്യം നേടുമെന്നാണ് കണക്കാക്കുന്നത്.

ജൂണ്‍ 24 മുതലാണ് സൗദിയിലെ വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ആവേശത്തോടെയും ആകാംക്ഷയോടെയും വളയം പിടിക്കാന്‍ തുടങ്ങിയത്. മാറ്റത്തിന്റെ, പ്രതീക്ഷയുടെ, ആധുനികതയുടെ പുതിയ ലോകത്തേക്കുള്ള യാത്രയ്ക്ക് കൂടിയായിരുന്നു അന്നവര്‍ തുടക്കമിട്ടത്. കിരീടാവകാശിയായി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റ ശേഷമാണ് സൗദിയില്‍ വമ്പന്‍ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ടത്. 33കാരനായ പ്രിന്‍സ് മുഹമ്മദിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ ഭാഗമാണ് ഡ്രൈവിംഗ് പരിഷ്‌കരണവും.

2030 ആകുമ്പോഴേക്കും സൗദി അറേബ്യയുടെ തൊഴില്‍ ശക്തിയില്‍ വനിതകളുടെ പങ്കാളിത്തം 30 ശതമാനമാക്കാനാണ് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നത്. എണ്ണ ഉപഭോഗം കൂടുതന്നതിനൊപ്പം തന്നെ കാര്‍, ഇന്‍ഷുറന്‍സ് വില്‍പ്പനയിലും വമ്പന്‍ കുതിപ്പാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്.

2025 വരെ സൗദിയിലെ കാര്‍വില്‍പ്പനയില്‍ പ്രതിവര്‍ഷം 9 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വനിതകള്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയതോടു കൂടിയാണിത്. കഴിഞ്ഞ നാല് വര്‍ഷമായി കാര്‍വില്‍പ്പനയിലെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് മൂന്ന് ശതമാനം മാത്രമാണ്.
ബ്ലൂംബര്‍ഗ് ഇക്കണോമിക്‌സിന്റെ വിലയിരുത്തല്‍ പ്രകാരം വനിതകള്‍ ഡ്രൈവ് ചെയ്യുന്നതിലൂടെ സൗദി അറേബ്യക്ക് 2030 ആകുമ്പോഴേക്കും 90 ബില്ല്യണ്‍ ഡോളറിന്റെ നേട്ടമാണുണ്ടാകുക.

  • വനിതകളുടെ ഡ്രൈവിംഗ് 2030 ആകുമ്പോഴേക്കും സൗദിക്ക് 90 ബില്ല്യണ്‍ ഡോളര്‍ നേട്ടം നല്‍കും
  • 2025 വരെ സൗദിയിലെ കാര്‍വില്‍പ്പനയില്‍ പ്രതിവര്‍ഷം 9% വര്‍ധനയുണ്ടാകും
  • തൊഴില്‍ ശക്തിയില്‍ വനിതകളുടെ പങ്കാളിത്തം 30 ശതമാനമാക്കി മാറ്റാനും നീക്കം

Comments

comments

Categories: Arabia