2020ഓടെ രാജ്യത്ത് നടക്കുന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ 80% യുപിഐ വഴിയാകും

2020ഓടെ രാജ്യത്ത് നടക്കുന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ 80% യുപിഐ വഴിയാകും

യുപിഐ ഇടപാടുകളുടെ എണ്ണം ഡിസംബറില്‍ 18% വര്‍ധിച്ചു

ന്യൂഡെല്‍ഹി: 2020ഓടെ രാജ്യത്ത് നടക്കുന്ന മൊത്തം ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനം യുപിഐ വഴിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. യുണീക് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം വഴിയുള്ള ഇടപാടുകളുടെ എണ്ണം ഡിസംബറില്‍ 18 ശതമാനം വര്‍ധിച്ച് 620 മില്യണിലെത്തിയിരുന്നു. 1,02,600 കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ മാസം നടന്നത്. 2016 ഡിസംബറില്‍ 706 കോടി രൂപയുടെ ഇടപാടുകളും 2017 ഡിസംബറില്‍ 13,144 കോടി രൂപയുടെ ഇടപാടുകളും യുപിഐ വഴി നടന്ന സ്ഥാനത്താണിത്.

യുപിഐ ഇടപാടുകളുടെ മൂല്യത്തില്‍ സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 25 ശതമാനം വളര്‍ച്ചയാണ് ഡിസംബറില്‍ ഉണ്ടായിട്ടുള്ളത്. ഇതാദ്യമായാണ് ഇടപാട് മൂല്യം ഒരു ലക്ഷം കോടി കടക്കുന്നതും. യുപിഐ ഇടപാടുകളില്‍ ഇതേ വളര്‍ച്ച തുടരുകയാണെങ്കില്‍ ഐഎംപിഎസ് ഇടപാടുകളേക്കാള്‍ മുന്നിലെത്താന്‍ യുപിഐയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8,92,500 കോടി രൂപയുടെ ഇടപാടുകളാണ് ഐഎംപിഎസ് വഴി നടന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് യുപിഐ സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്. ക്രമേണ ഐഎംപിഎസിനെയും എന്‍ഇഎഫ്ടി ഇടപാടുകളെയും മറികടക്കാന്‍ യുപിഐയ്ക്ക് കഴിയുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം. 2020ഓടെ രാജ്യത്ത് നടക്കുന്ന മൊത്തം ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനത്തോളം യുപിഐ വഴിയായിരിക്കുമെന്നും ഇവര്‍ പറയുന്നു.

നോട്ട് ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം ഇപ്പോഴും ഉയര്‍ന്ന തലത്തില്‍ തന്നെയാണ്. പക്ഷെ, സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയില്‍ കണ്ടുവരുന്ന വലിയ വര്‍ധന വലിയ അവസരമാണ് ഡിജിറ്റല്‍ പേമെന്റ് രംഗത്ത് സൃഷ്ടിക്കുന്നത്. 2020 ഓടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 700 മില്യണ്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തുന്നതിന് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഡിജിറ്റല്‍ പേമെന്റുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് യുഐഡിഎഐ (യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) മുന്‍ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തില്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റല്‍വല്‍ക്കരണം വഴിയുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സമിതി രൂപീകരിക്കുന്നത്. നിലവില്‍ ഡിജിറ്റല്‍ പേമെന്റ് രംഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെക്കും.

Comments

comments

Categories: FK News