ചര്‍ച്ചയ്ക്കായി യുഎസ് സംഘം ഈ മാസമെത്തും

ചര്‍ച്ചയ്ക്കായി യുഎസ് സംഘം ഈ മാസമെത്തും

ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇന്ത്യ തീരുവ പ്രഖ്യാപിച്ചതെന്നാണ് യുഎസ് ആരോപണം

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണുകള്‍, ബേസ് സ്‌റ്റേഷനുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് ഡിജിറ്റല്‍ ആശയവിനിമയ ഉല്‍പ്പനങ്ങള്‍ (ഐസിടി) എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയ ഇറക്കുമതി തീരുവയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് യുഎസ് പ്രതിനിദി സംഘം ഈ മാസം അവസാനം ന്യൂഡെല്‍ഹിയില്‍ എത്തും. ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയവുമായാണ് യുഎസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക.

ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇന്ത്യ തീരുവ പ്രഖ്യാപിച്ചതെന്ന് യുഎസ് നേരത്തേ തന്നെ ആരോപിച്ചിട്ടുണ്ട്. 24നാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2017 ജൂലൈയിലാണ് ഇന്ത്യ ആദ്യമായി മൊബീല്‍ ഫോണുകള്‍ക്കും ഐസിടി ഉല്‍പ്പന്നങ്ങള്‍ക്കും ആദ്യമായി 10 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്. പിന്നീട് ആ വര്‍ഷം തന്നെ അത് 15 ശതമാനമാക്കി ഉയര്‍ത്തി. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ ഡബ്ല്യുടിഒയിലെ പ്രബല രാജ്യങ്ങളുടെ എതിര്‍പ്പ് വകവെക്കാതെ കഴിഞ്ഞ വര്‍ഷം ബജറ്റില്‍ മൊബീല്‍ ഫോണുകളുടെ തീരുവ 20 ശതമാനമാക്കി വീണ്ടും ഉയര്‍ത്തി.

2018 ഒക്‌റ്റോബറില്‍ നിരവധി ടെലികോം എക്യുപ്‌മെന്റുകളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തുകയും പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ക്ക് പുതുതായി തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. അത്യാവശ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് തടയാനും കറണ്ട് എക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്. സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യാ ഉദ്യമത്തിന് പ്രോല്‍സഹനമേകാനും ഇതിലൂടെ ശ്രമിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഡബ്ല്യുടിഒയിലെ ഐടി ഉടമ്പടി പ്രകാരം മൊബില്‍ ഫോണ്‍ ഉള്‍പ്പടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ ഇന്ത്യക്കാവില്ലെന്നാണ് യുഎസ് വാദിക്കുന്നത്. 1996ലെ ഉടമ്പടിയുടെ ഭാഗമാണ് ഇന്ത്യയും യുഎസും. എന്നാല്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ വികസിച്ചുവന്ന മൊബില്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഐസിടി ഉല്‍പ്പന്നങ്ങള്‍ 96ലെ ഉടമ്പടിയുടെ പരിധിയില്‍ വരില്ലെന്നാണ് ഡബ്ല്യുടിഒയില്‍ ഇന്ത്യ വാദിക്കുന്നത്. ആഭ്യന്തര മാനുഫാക്ചറര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതു കൂടി കണക്കിലെടുത്ത് തീരുവയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം തയാറല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചയില്‍ രമ്യമായി കാര്യങ്ങള്‍ പരിഹരിക്കുന്നതിനാകും യുഎസ് പ്രതിനിധികള്‍ ശ്രമിക്കുക. ഡബ്യുടിഒയില്‍ ഇതു സംബന്ധിച്ച കേസ് നല്‍കുന്നുണ്ടെങ്കില്‍ അതു സംബന്ധിച്ച സൂചനയും യുഎസ് സംഘത്തില്‍ നിന്ന് ലഭിക്കും.

Comments

comments

Categories: FK News
Tags: India- Us