ടോള്‍ കളക്ഷന്‍ ഇരട്ടയക്ക വളര്‍ച്ച നേടും: ഐക്ര

ടോള്‍ കളക്ഷന്‍ ഇരട്ടയക്ക വളര്‍ച്ച നേടും: ഐക്ര

സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം നേരിട്ട 2013-14 വര്‍ഷത്തില്‍ ടോള്‍ കളക്ഷനില്‍ ഇടിവ് നേരിട്ടിരുന്നു

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ പാതകളില്‍ നിന്നുള്ള ടോള്‍ കളക്ഷനില്‍ ഇരട്ടയക്ക വളര്‍ച്ച നിരീക്ഷിക്കാനാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടാകുന്ന വളര്‍ച്ചയും മൊത്ത വില്‍പ്പന വില സൂചികയില്‍ ഉണ്ടാകുന്ന വര്‍ധനയുമാണ് ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വാണിജ്യ വാഹനങ്ങളാണ് ഭൂരിപക്ഷം ദേശീയപാതകളിലെയും ഗതാഗതത്തിന്റെ 65 ശതമാനത്തിലേറേ പങ്കുവഹിക്കുന്നത്. പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 30-35 ശതമാനം വിഹിതമാണ് ഉള്ളത്. ഇടത്തരം, വന്‍കിട കാര്‍ഗോ വാഹനങ്ങളുടെ വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ടുമാസങ്ങളില്‍ ഉണ്ടായിട്ടുള്ളതെന്ന് ഐക്രയിലെ കോര്‍പ്പറേറ്റ് റേറ്റിംഗ്‌സ് അസോസിയേറ്റ് ഹെഡ് രാജേശ്വര്‍ ബുര്‍ല പറഞ്ഞു. ഇതോടൊപ്പം 2018-19ല്‍ 4 ശതമാനത്തിനടുത്ത് മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ടോള്‍ നിരക്കുകള്‍ നിശ്ചയിക്കുന്നതിലെ പ്രധാന മാനദണ്ഡമാണ് ഡബ്ല്യുപിഐ പണപ്പെരുപ്പമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടോള്‍ അടിസ്ഥാനത്തിലുള്ള റോഡ് പദ്ധതികളെ കുറിച്ചുള്ള പുതിയ പഠനത്തില്‍ ശരാശരി ആറുവര്‍ഷം പ്രവര്‍ത്തനമുള്ള 48 പദ്ധതികളെയാണ് വിലയിരുത്തിയത്. സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം നേരിട്ട 2013-14 വര്‍ഷത്തില്‍ ഗതാഗതത്തിന്റെ അളവും കുറഞ്ഞുതുടങ്ങിയതായി പഠനത്തില്‍ നിരീക്ഷിക്കപ്പെട്ടു. ശരാശരി ഗതാഗത വളര്‍ച്ച -2.5 ശതമാനമായാണ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. ഖനന പ്രവര്‍ത്തനങ്ങളിലും മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളിലും ഉണ്ടായ ഇടിവാണ് ആ വര്‍ഷം ടോള്‍ കളക്ഷനെ നേരിട്ട് ബാധിച്ചത്.

Comments

comments

Categories: Business & Economy
Tags: Icra