അവധിയെടുക്കാം അലോസരമില്ലാതെ

അവധിയെടുക്കാം അലോസരമില്ലാതെ

പ്ലാനിംഗ് ഉണ്ടെങ്കില്‍ ഓഫിസിലും സഹപ്രവര്‍ത്തകര്‍ക്കും അലോസരം സൃഷ്ടിക്കാതെ തന്നെ അവധിയെടുക്കാനാകും

ജോലി കിട്ടിയിട്ടു വേണം ലീവെടുത്തു വീട്ടിലിരിക്കാന്‍ എന്നു തമാശ പറയാറുണ്ട് പലരും. വളരെ കൗശലപൂര്‍വ്വം അവധികള്‍ ആസൂത്രണം ചെയ്യുന്ന മിടുക്കരുമുണ്ട്. സത്യത്തില്‍ ഇത്തരം ആസൂത്രണം ഒരു നല്ല കാര്യമാണ്. ജനുവരിയില്‍ത്തന്നെ ആ വര്‍ഷത്തെ അവധിയെടുക്കുന്നതു സംബന്ധിച്ച് ഒരു ധാരണയുണ്ടാക്കാനായാല്‍ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെ പ്രായോഗികമായിരിക്കും. അത് വ്യക്തിപരമായി ജീവനക്കാര്‍ക്കും പൊതുവെ കമ്പനിക്കും പ്രയോജനപ്രദമായിരിക്കും. ഇക്കാര്യത്തില്‍ മനുഷ്യവിഭവ ക്രമീകരണ വിഭാഗം സവിശേഷ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

തൊഴില്‍പദ്ധതികളുടെ ക്രമീകരണത്തിനും അന്തിമസമയം നിര്‍ണയിക്കുന്നതിനൊപ്പം എച്ച് ആര്‍ മാനെജര്‍മാര്‍ പ്രാധാന്യം കൊടുക്കേണ്ട വിഷയമാണിത്. ഓഫിസ് അന്തരീക്ഷം മികച്ച രീതിയില്‍ കൊണ്ടു പോകാന്‍ ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കാതെയും അവരെ മുഷിപ്പിക്കാതെയും കൊണ്ടുപോകുന്ന തന്ത്രങ്ങള്‍ക്കൊപ്പം ഓഫിസ് പ്രവര്‍ത്തനത്തെ അവ ബാധിക്കാതിരിക്കാനുള്ള വൈഭവവും അവര്‍ കാട്ടേണ്ടതുണ്ട്. മാനെജര്‍മാരും ജീവനക്കാരും ഉള്‍പ്പെടുന്ന പരസ്പരചര്‍ച്ചയ്ക്ക് ഇതില്‍ വലിയ പങ്കുണ്ട്.

എല്ലാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും ഓരോ വര്‍ഷവും ചുരുങ്ങിയത് 20 ദിവസം വരെ ഏണ്‍ഡ് ലീവ് എടുക്കണമെന്ന് അടുത്തിടെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഇത്തരം അവധികള്‍ എടുക്കാതെ പകരം പണം സമ്പാദിക്കുന്ന രീതി നിരുല്‍സാഹപ്പെടുത്താനായി. ഇന്ത്യന്‍ തൊഴില്‍ രംഗത്ത്, സ്ഥാപനമേധാവികളോട് അവധി അഭ്യര്‍ത്ഥിക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. തൊഴിലുടമകളും മാനേജര്‍മാരുമടങ്ങിയ അധികാരശ്രേണിയുടെ മേലറ്റത്തിന് വ്യക്തമായ ആധിപത്യമുള്ള മേഖലയില്‍ താഴെത്തട്ടില്‍ താല്‍ക്കാലിക ജീവനക്കാരും കരാര്‍ തൊഴിലാളികളും അസംഘടിതജോലിക്കാരും തൊഴിലില്ലായ്മയും സങ്കീര്‍ണത സൃഷ്ടിക്കുന്നു.

അവധികളുടെ വിതരണത്തില്‍ ഇന്ത്യയിലെ സ്വകാര്യ, പൊതുമേഖലാ ജീവനക്കാര്‍ തമ്മില്‍ വലിയ വിവേചനം നിലനില്‍ക്കുന്നു. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ഷത്തില്‍ ശരാശരി 15 ദിവസമാണ് ശമ്പളത്തോടു കൂടിയ അവധി നല്‍കാറുള്ളതെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ദിവസമാണ് വേതനസഹിതം അവധി നല്‍കുന്നത്. ഇതു കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ശമ്പളമില്ലാതെയുള്ള 10 അവധികളും പരിഗണിക്കണം. വളരെ കുറച്ചുപേര്‍ മാത്രമേ ഇതിന്റെ പകുതി അവധി പോലും പ്രയോജനപ്പെടുത്തുന്നുള്ളൂ. 30 ശതമാനം ഇന്ത്യന്‍ ജീവനക്കാരും അവധിക്ക് അപേക്ഷിക്കാന്‍ അധൈര്യമുള്ളവരാണ്. 42 ശതമാനം പേരാകട്ടെ ജോലിബാഹുല്യം കാരണം അവധിയെടുക്കുന്നുമില്ല.

ഇന്ത്യന്‍ തൊഴില്‍ രംഗം തൊഴില്‍ ദാതാവിന് അനുകൂലമാണെന്ന് ഹെഡ് ഹഡ് ഹണ്ടേഴ്‌സ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാന്‍ ക്രിസ് ലക്ഷ്മികാന്ത് ചൂണ്ടിക്കാട്ടുന്നു. ഇവിടെ അവധി ഏതാണ്ട് മുതലാളിയുടെ ഔദാര്യം പോലെയാണു വെച്ചു നീട്ടാറുള്ളത്. തൊഴില്‍ക്ഷാമവും ഒരു ജോലികിട്ടാനുള്ള ഉദ്യോഗാര്‍ത്ഥികളുടെ കിട മത്സരവും, മുതലാളിമാര്‍ക്ക് അവധി നിഷേധിക്കാന്‍ കൂടുതല്‍ അനുകൂലാന്തരീക്ഷം സൃഷ്ടിക്കുന്നു. ഓരോ വര്‍ഷവും ജീവനക്കാര്‍ക്ക് വിവിധയിനം ലീവുകള്‍ വകയിരുത്താറുണ്ടെന്ന് സ്ഥാപനങ്ങള്‍ അവകാശവാദം ഉയര്‍ത്താറുണ്ടെങ്കിലും ഇതി വെറും അധരവ്യായാമം മാത്രമായി ഒതുങ്ങിപ്പോകുകയാണു പതിവ്. ഇവയൊന്നും ശരിയാംവണ്ണം എടുക്കാന്‍ ജീവനക്കാര്‍ക്കു പറ്റാറില്ലെന്നതാണു വാസ്തവം.

അവധി നഷ്ടപ്പെടുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യന്‍ ജീവനക്കാരാണെന്ന് ഓണ്‍ലൈന്‍ വിനോദയാത്രാ സ്ഥാപനമായ എക്‌സ്പീഡിയ പുറത്തിറക്കിയ വെക്കേഷന്‍ ഡിപ്രിവേഷന്‍ റിപ്പോര്‍ട്ട് 2018 പറയുന്നു. 75% ഇന്ത്യന്‍ ജീവനക്കാരും അവധിക്കാലം നഷ്ടമായതിന്റെ വേദന അനുഭവിക്കുന്നവരാണ്. ആഗോളതലത്തിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്, 34% മാനേജര്‍മാര്‍ അവധി എടുക്കുന്നതില്‍ നിന്നു തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുന്നുവെന്നാണ്. ജീവനക്കാര്‍ അവധി ആവശ്യപ്പെടുമ്പോള്‍ തത്വത്തില്‍ പിന്തുണയ്ക്കുമെങ്കിലും, ജോലി ഭാരം വര്‍ധിപ്പിച്ചും അന്ത്യശാസനം കര്‍ക്കശമാക്കിയും അവസാനഘട്ടത്തില്‍ ആവശ്യം നിഷേധിക്കുന്നത് പതിവാണ്.

ജീവനക്കാരന് അവധി അനുവദിക്കുകയെന്നത് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ജീവനക്കാരന് അവന്റെ ആവശ്യങ്ങള്‍ നടത്താന്‍ അവധി അനുവദിക്കാത്ത പക്ഷം അത് അവന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയില്‍ പ്രതിഫലിക്കുകയും ഉല്‍പാദനക്ഷമതയെയും താല്‍പര്യത്തെയും കെടുത്തുകയും ചെയ്യുന്നു. ഇത് ജോലിയുടെ ഫലപ്രാപ്തിയെ ദോഷകരമായി ബാധിക്കുന്നു. ഇതേക്കുറിച്ചെല്ലാം ബോധവാന്മാരായിരിക്കുമ്പോഴും മാനേജര്‍മാരുടെ മനസ്സില്‍ അവധിയുടെ കാര്യം അവസാനമേ വരൂവെന്നും ലക്ഷ്മികാന്ത് പറയുന്നു.

അവധിക്ക് ഉല്‍പ്പാദനക്ഷമതയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ വ്യക്തമായിട്ടും മികച്ച മാനേജ്‌മെന്റ് സമ്പ്രദായങ്ങള്‍ക്ക് വിരുദ്ധമായി, ജീവനക്കാരോട് അവധികള്‍ എടുക്കരുതെന്നു നിര്‍ബന്ധിക്കാനാണ് മിക്ക മാനേജര്‍മാരും താല്‍പ്പര്യപ്പെടുന്നതെന്ന് എസ് എച്ച് ആര്‍ എം ഇന്ത്യയുടെ നിശിത ഉപാധ്യായ കൂട്ടിച്ചേര്‍ക്കുന്നു. തെറ്റാണെന്ന് അറിഞ്ഞിട്ടും ഇത്തരം തൊഴിവിരുദ്ധ നടപടികള്‍ക്കു മാനേജര്‍മാര്‍ നിര്‍ബ്ബന്ധിക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ്. പരമാവധി ഉല്‍പ്പാദനംപിഴിഞ്ഞെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവര്‍ ശ്രമിക്കുമ്പോള്‍ അവര്‍ നഷ്ടപ്പെടുത്തുന്നത് തൊഴിലാളികളുടെ ജോലിയോടുള്ള കൂറും താല്‍പ്പര്യവുമാണ്.

അതിനാല്‍ തൊഴിലാളികളുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ലളിതവും ഫലപ്രദവുമായ പരിഹാരമാര്‍ഗം അവധി സംബന്ധിച്ച് അവര്‍ക്കിടയില്‍ ആരോഗ്യകരമായ സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ്. സ്ഥാപനത്തിന്റ നല്ല നടത്തിപ്പിന് അതാണ് ഉചിതം. തൊഴിലാളി- മുതലാളി ബന്ധത്തില്‍ ഒരു സമതുലിതാവസ്ഥ പാലിക്കേണ്ടത് ആവശ്യമാണ്. തൊഴിലാളിയില്‍ നിന്നു പ്രതീക്ഷിക്കുന്ന കാര്യക്ഷമതയ്‌ക്കൊപ്പം തൊഴിലിലെ അവരുടെ പങ്കാളിത്തവും പ്രാധാന്യവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അവധിക്കാര്യത്തില്‍ വ്യക്തത വരുത്തിയാല്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ക്ക് അവശേഷിക്കുന്ന അവധി എങ്ങനെ കമ്പനിക്കു പ്രശ്‌നമില്ലാതെ ഉപയോഗിക്കാനാകുമെന്ന് ആസൂത്രണം ചെയ്യാനാകും.

ആധുനികകാലത്തെ തൊഴിലിടങ്ങളില്‍ കര്‍മകുശലരാകാന്‍ സര്‍ഗാത്മകരാകേണ്ടത് അത്യന്താപേക്ഷിതമാണ്. 58 ശതമാനം തൊഴില്‍ദാതാക്കളും ജീവനക്കാരില്‍ നിന്നു സര്‍ഗാത്മകശേഷിയാണു കൂടുതല്‍ പ്രതീക്ഷിക്കുന്നത് എന്നാണു റിപ്പോര്‍ട്ട്. ജീവനക്കാര്‍ തൊഴിലിടത്തു വികസിപ്പിച്ചെടുക്കേണ്ട പത്തു കഴിവുകളിലൊന്നായി സര്‍ഗാത്മകതയ്ക്കു മാറിയിരിക്കുന്നു. പ്രചോദനത്തിനു വേണ്ടി ഉപയോഗിക്കാന്‍ വിപുലമായ രീതികള്‍ തന്നെയുണ്ട്. വ്യത്യസ്ത ചിന്താഗതികളുള്ളവരുമായി വലയം ചെയ്തിരിക്കുകയെന്നതാണ് സര്‍ഗാത്മകതയ്ക്ക് പ്രചോദനം ലഭിക്കാനുള്ള നിര്‍ദേശങ്ങളിലൊന്ന്.

മാനേജര്‍മാരുമായുള്ള തുറന്ന ചര്‍ച്ചകളില്‍ ജോലിക്കു ഭംഗം വരുത്താതെ അവധികളെടുക്കുന്ന കാര്യത്തില്‍ തൊഴിലാളികള്‍ ക്രിയാത്മകമായി ഇടപെടുമെന്ന് ഉപാധ്യായ ഉറച്ച പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അവധി സംബന്ധിച്ച ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ മാനേജര്‍മാരുമായി സംസാരിക്കാന്‍ ജീവനക്കാര്‍ക്ക് അവസരമുണ്ടെങ്കിലേ സാധിക്കൂ. ഇതിനുള്ള സാഹചര്യം കമ്പനി ഒരുക്കുന്നത് തൊഴില്‍ അന്തരീക്ഷത്തെ മെച്ചപ്പെടുത്താന്‍ വളരെയേറെ സഹായിക്കും. അത്തരം സംഭാഷണത്തിനുള്ള സാഹചര്യം ഒരുക്കുന്നത് തീരുമാനമെടുപ്പിന് അനുകൂലമാകും. ഇക്കാര്യത്തില്‍ എച്ച് ആര്‍ വകുപ്പിന് വലിയ പങ്കുണ്ട്.

ജീവനക്കാരുടെ ആശങ്കകളും ചിന്തകളും മനസ്സിലാക്കുന്നതിനും അത് മാനെജ്‌മെന്റുമായി വിനിമയം ചെയ്യുന്നതിനുമുള്ള ഇടനിലക്കാരനായി എച്ച് ആര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നു. അവകാശാവധികള്‍ക്കൊപ്പം അടിയന്തരഘട്ടത്തില്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കണമെന്ന കാര്യത്തിലും എച്ച് ആര്‍ മാനെജര്‍മാര്‍ മനസുവെക്കണം. കമ്പനി പരിശീലനപരിപാടികളിലും ഓറിയന്റേഷന്‍ മാനുവലുകളിലും ഇക്കാര്യം രേഖപ്പെടുത്തുകയും നിര്‍ദേശിക്കുകയും വേണം. അങ്ങനെ മാനേജ്‌മെന്റുകള്‍ ബാക്ക് അപ്പ് പ്രയോജനപ്പെടുത്തി, സ്ഥാപനനടത്തിപ്പ് തുടര്‍ന്നും നല്ലതുപോലെ മുമ്പോട്ടു കൊണ്ടുപോകാനാകും.

Comments

comments

Categories: FK Special, Slider