സൗദിയും പാക്കിസ്ഥാനും തമ്മില്‍ 70,000 കോടിയുടെ കരാറുകളില്‍ ഒപ്പുവെക്കും

സൗദിയും പാക്കിസ്ഥാനും തമ്മില്‍ 70,000 കോടിയുടെ കരാറുകളില്‍ ഒപ്പുവെക്കും
  • അടുത്ത മാസം പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും
  • അടുത്തിടെ പാക്കിസ്ഥാനായി 42,000 കോടി രൂപയുടെ സാമ്പത്തിക സഹായം സൗദി പ്രഖ്യാപിച്ചിരുന്നു
  • പ്രതിസന്ധിയിലായ പാക്കിസ്ഥാനെ യുഎഇയും പിന്തുണയ്ക്കുന്നുണ്ട്

റിയാദ്: ഏകദേശം 70,000 കോടി രൂപയുടെ വിവിധ കരാറുകള്‍ക്കുള്ള ധാരണാപത്രത്തില്‍ പാക്കിസ്ഥാനും സൗദി അറേബ്യയും ഒപ്പുവെക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം എറെ ആശ്വാസകരമാകും പുതിയ കരാറുകള്‍. ഈ മാസം തന്നെ ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.

സാമ്പത്തികമായി അതീവ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് മികച്ച പിന്തുണയാണ് അറബ് ലോകത്ത് നിന്ന് ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഒക്‌റ്റോബറില്‍ പാക്കിസ്ഥാനായി 42,000 കോടി രൂപയുടെ സാമ്പത്തിക സഹായം സൗദി പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെയാണ് 70,000 കോടിയുടെ പുതിയ കരാറുകളില്‍ ഒപ്പുവെക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് പാക് ധനകാര്യമന്ത്രി അസദ് ഉമര്‍ വ്യ്ക്തമാക്കി. പ്രിന്‍സ് മുഹമ്മദിന്റെ സന്ദര്‍ശനവേളയില്‍ തന്നെ കരാറുകള്‍ ഒപ്പുവെക്കും.

ഓയില്‍ റിഫൈനറി, പെട്രോകെമിക്കല്‍സ്, പുനരുപയോഗ ഊര്‍ജ്ജം, മൈനിംഗ് തുടങ്ങിയ നാല് മേഖലകളിലാണ് സൗദി അറേബ്യക്ക് പാക്കിസ്ഥാനിലുള്ള നിക്ഷേപ താല്‍പ്പര്യമെന്ന് പാക്കിസ്ഥാന്റെ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ ഹറൂണ്‍ ഷറീഫ് പറഞ്ഞു. രാജ്യത്തിന്റെ വാണിജ്യ ഹബ്ബായ കറാച്ചിയിലായിരിക്കും നിക്ഷേപത്തിന്റെ 65 ശതമാനവും ചെലവഴിക്കപ്പെടുകയെന്ന് സൂചനയുണ്ട്.

അറബ് ലോകത്തിന്റെ പിന്തുണ

ജനുവരി ആറിന് അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. 12 വര്‍ഷത്തിനിടെ അദ്ദേഹം നടത്തിയ ആദ്യ പാക് സന്ദര്‍ശനമായിരുന്നു അത്. ഒരു മാസം മുമ്പ്് ഇമ്രാന്‍ ഖാന്‍ അബുദാബി സന്ദര്‍ശിക്കുകയു ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി അന്ന് തീരുമാനമായിരുന്നു. മൂന്ന് മാസത്തിനിടെ അബുദാബിയിലേക്കുള്ള ഇമ്രാന്റെ രണ്ടാം സന്ദര്‍ശനമായിരുന്നു അത്.

ഗള്‍ഫില്‍ പാക്കിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. പാക്കിസ്ഥാന് സഹായമായി 6.2 ബില്ല്യണ്‍ ഡോളര്‍ നല്‍കാന്‍ യുഎഇ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ഷേഖ് മുഹമ്മദ് പ്രഖ്യാപിച്ചത്.

Comments

comments

Categories: Arabia
Tags: Soudhi-Pak