സൗരോര്‍ജസാമഗ്രി കയറ്റുമതിക്കു പ്രോല്‍സാഹനം

സൗരോര്‍ജസാമഗ്രി കയറ്റുമതിക്കു പ്രോല്‍സാഹനം

സൗരോര്‍ജ സാമഗ്രികള്‍ കയറ്റി അയയ്ക്കുന്നതു പ്രോല്‍സാഹിപ്പിക്കാന്‍ ദേശീയ സമിതി രൂപീകരിക്കുന്നു

പാരമ്പര്യേതര ഊര്‍ജരംഗം ഇന്ന് ലോകം ഉറ്റുനോക്കുന്ന വലിയ മേഖലയായി മാറിയിരിക്കുന്നു. വളര്‍ന്നുവരുന്ന സമ്പദ്‌രംഗമായ ഇന്ത്യക്കും ഈ രംഗത്തു നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. ഈ രംഗത്ത് ഇതിനകം നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ച രാജ്യം സൗരോര്‍ജ്ജ സാമഗ്രികളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി ഒരു സ്ഥാപനം ഇന്ത്യ ഉടന്‍ രൂപീകരിക്കും. പാരമ്പര്യേതര ഊര്‍ജ കയറ്റുമതി കൗണ്‍സില്‍ എന്ന പേരിലാണ് സമിതി രൂപീകരിക്കുന്നത്.

സൗരോര്‍ജ്ജത്തെ അവസരങ്ങള്‍ ഇന്ത്യക്ക് വളരെയധികം സാദ്ധ്യത തുറന്നിട്ടിരിക്കുന്നു. മിനി ഗ്രിഡുകളുടെ രൂപീകരണവും സൗരോര്‍ജത്തിന്റെ ഉപയോഗവും ശക്തമാകുന്നതോടെ 2050 ആകുമ്പോഴേക്കും പരമ്പരാഗത ഊര്‍ജമേഖലയെ ഇവ പിന്തള്ളുമെന്ന പ്രവചനം ചിലപ്പോള്‍ യാഥാര്‍ത്ഥ്യമാകും. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍ഡ്യയുടെ ഊര്‍ജ ആവശ്യകതയുടെ 100 ശതമാനം പാരമ്പര്യേതര ഊര്‍ജ മാര്‍ഗങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയും. അതില്‍ സിംഹഭാഗം വഹിക്കുന്നത് സൗരോര്‍ജമായിരിക്കും.

ഇന്ന് ഊര്‍ജമേഖല ശക്തമായ വരുമാനസ്രോതസ് കൂടിയാണ്. ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കുന്നതു പോലെ സൗരോര്‍ജമേഖലയിലും പണം നിക്ഷേപിക്കാന്‍ അവസരങ്ങളൊരുങ്ങുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ നിക്ഷേപകര്‍ സൗരോര്‍ജപാനലുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇത് നിക്ഷേപകരുടെ അക്ഷയഖനിയായി മാറാന്‍ വലിയ സമയമെടുക്കില്ലെന്നതാണ് വസ്തുത.

ആഗോള സൗരോര്‍ജ കൗണ്‍സിലിന്റെ (സിജിഎസ്) ആഭിമുഖ്യത്തിലാണ് സമിതി രൂപീകരിക്കുന്നത്. സിജിഎസ് ചെയര്‍മാന്‍ പ്രണവ് മെഹ്തയാണ് ഇക്കാര്യമറിയിച്ചത്. സൗരോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ച ആഗോള സമിതിയുടെ ചെയര്‍മാനായി അടുത്തകാലത്താണു മേത്ത തിരഞ്ഞെടുക്കപ്പെട്ടത്. ആഭരണക്കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ രൂപീകരിച്ച ജെംസ് ആന്‍ഡ് ജൂവല്‍റി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ മാതൃകയിലായിരിക്കും പുതിയ സമിതിയും രൂപീകരിക്കുക.

സൗരോര്‍ജത്തിന്റെ ഉപയോഗവും വന്‍തോതിലുള്ള ചെറുഗ്രിഡുകളുടെ രൂപീകരണവും താപവൈദ്യുതിയെ അപേക്ഷിച്ച് വളരെയധികം ചെലവുകുറഞ്ഞതാണെന്ന് മേത്ത പറയുന്നു. ഇന്ത്യയുടെ വൈദ്യുതിഉല്‍പാദനത്തിന്റെ 77% ശുദ്ധ ജലസ്രോതസ്സുകളെ ആശ്രയിക്കുന്ന താപവൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. മൊത്തം ഉല്‍പാദനശേഷിയുടെ 38.9%മാകട്ടെ ജലവൈദ്യുതപദ്ധതികളില്‍ നിന്നുമാണു വരുന്നത്.

സൗരോര്‍ജ രംഗത്ത് ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 28 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട് രാജ്യത്തിന്. ഈ രംഗത്തു മുന്‍പന്തിയിലുള്ളത് 165 ജിഗാവാട്ട് ശേഷിയുള്ള ചൈനയാണ്. പരിശ്രമശാലികളായ ചൈനയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. അവരില്‍ നിന്ന് ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ടെന്നും മേത്ത ചൂണ്ടിക്കാട്ടുന്നു. പുകമലിനീകരണത്തിന്റെയും ഇതര പരിസ്ഥിതി ആഘാതങ്ങളുടെയും അനുഭവത്തില്‍ നിന്നാണ് ചൈന പാഠം പഠിച്ചത്. ഇതേത്തുടര്‍ന്ന് കാറ്റാടി, സൗരോര്‍ജ പദ്ധതികളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി കൊയ്യാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി.

ഗവേഷണം, പരീക്ഷണനിരീക്ഷണങ്ങള്‍, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളില്‍ ഇന്ത്യയില്‍ അധികം പണം നിക്ഷേപിക്കാത്തതടക്കം സൗരോര്‍ജവികസനത്തിന് തടസങ്ങളുണ്ട്. സൗരോര്‍ജമേഖലയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നു. മേല്‍ക്കൂരയില്‍ പാകുന്ന പഴയ തരം സോളാര്‍ പ്ലാന്റുകളുടെ ആധിക്യമാണ് ഇവയുടെ കയറ്റുമതി പരാജയപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്നതിനു പകരം പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനി ഗ്രിഡ് കമ്പനികളില്‍ നിന്ന് പ്രയോജനം നേടാന്‍ ശ്രമിക്കുന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം.

സൗരോര്‍ജത്തിന് ഇന്ത്യയെപ്പോലൊരു രാജ്യത്ത് സുസ്ഥിര ഊര്‍ജ്ജം പകരാന്‍ കഴിയുമെന്നും, വിദൂര മേഖലകളില്‍ വൈദ്യുതി എത്തിക്കുന്നതിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധിക്കുമെന്നും സൈഡസ് കാഡില്ല ഗ്രൂപ്പിന്റെ കോര്‍പറേറ്റ് അഫയേഴ്‌സ് ആന്‍ഡ് സ്ട്രാറ്റജിക് അഡൈ്വസറി മേധാവി സുനില്‍ പരേഖ് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News, Top Stories
Tags: solar energy