റിലയന്‍സ് ജിയോ പിഒഎസ് ബിസിനസിലേക്ക്

റിലയന്‍സ് ജിയോ പിഒഎസ് ബിസിനസിലേക്ക്

വ്യാപാരികളും ചെറുകിട സ്റ്റോറുകളും 3000 രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് പിഒഎസ് ഡിവൈസ് സ്വന്തമാക്കുന്നതിന് നടത്തേണ്ടത്

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ അടുത്തതായി ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യംവെക്കുന്നത് ഫിന്‍ടെക് മേഖലയെ. പേയ്‌മെന്റ് ബാങ്കിലൂടെ ധനകാര്യ രംഗത്തെത്തിയ ജിയോ പോയിന്റ് ഓഫ് സെയ്ല്‍(പിഒഎസ്) മെഷീനുകളുടെ മേഖലയിലേക്ക് പ്രവേശിക്കുകയാണ്. നിലവില്‍ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ. പൂനെ, കൊല്‍ക്കത്ത തുടങ്ങിയ ആറ് നഗരങ്ങളില്‍ പിഒഎസ് സേവനങ്ങള്‍ ജിയോ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നുണ്ട്. ടെലികോം സേവനങ്ങളിലൂടെ നിലവില്‍ തങ്ങളുടെ ഉപഭോക്തൃ അടിത്തറ 200 മില്യണിനു മുകളിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

വ്യാപാരികളും ചെറുകിട സ്റ്റോറുകളും 3000 രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് പിഒഎസ് ഡിവൈസ് സ്വന്തമാക്കുന്നതിന് നടത്തേണ്ടത്. ഇതിലൂടെ നടത്തുന്ന 2000 രൂപ വരെയുള്ള ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്( എംഡിആര്‍) ഈടാക്കുന്നതല്ല. കാര്‍ഡ് പേമെന്റുകള്‍ക്കായി വ്യാപാരികള്‍ ബാങ്കിന് നല്‍കേണ്ട തുകയാണ് എംഡിആര്‍. നിലവില്‍ ജിയോ മണിയില്‍ നിന്നും നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്റെ ഭീം ആപ്പില്‍ നിന്നുമുള്ള പേമെന്റുകള്‍ റിലയന്‍സിന്റെ പിഒഎസ് മെഷീന്‍ സ്വീകരിക്കുന്നുണ്ട്. മറ്റു വാലറ്റുകളെയും ഉടന്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. വാലറ്റുകളില്‍ നിന്ന് പണം സ്വീകരിക്കുന്നതിന് ക്യുആര്‍ കോഡ് സ്‌കാനര്‍ ഫീച്ചറോടു കൂടിയാണ് ഡിവൈസ് എത്തുന്നത്.

കാര്‍ഡില്‍ നിന്നുള്ള വരവിനെ അടിസ്ഥാനമാക്കി മുന്‍കൂര്‍ വായ്പ വാങ്ങിക്കുന്നതിനുള്ള അവസരവും റിലയന്‍സ് വ്യാപാരികള്‍ക്ക് നല്‍കുന്നുണ്ട്. വ്യാപാരികളെ കണ്ടെത്തുന്നതിനും പിഒഎസ് ഡിവൈസുകളുടെ വ്യാപനത്തിനുമായി ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ലിമിറ്റഡുമായി ജിയോ സഹകരിക്കുന്നുണ്ട്. പുതിയ വ്യാപാരികളെ ജിയോക്കായി കൂട്ടിച്ചേര്‍ക്കുന്നത് എച്ച്‌യുഎല്‍ വിതരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഇന്ത്യയിലെ വന്‍കിട എഫ്എംസിജി ബ്രാന്‍ഡിന്റെ വിതരണ ശൃംഖലയെ തങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിലൂടെ വലിയ തോതിലുള്ള വ്യാപനം തങ്ങളുടെ പിഒഎസ് ഡിവൈസുകള്‍ക്ക് ഉറപ്പുവരുത്തുന്നതിനാണ് ജിയോ ശ്രമിക്കുന്നത്. ജിയോയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെയും സേവനങ്ങളെയും റിലയന്‍സ് റീട്ടെയ്‌ലിന്റെ സ്റ്റോറുകളെയും കൂട്ടിയിണക്കി ഇ-കൊമേഴ്‌സ് രംഗത്തേക്ക് കടക്കുന്നതിനുള്ള പദ്ധതിയും മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ പിഒഎസ് വിപണിയുടെ 70 ശതമാനവും കൈയാളുന്നത് ബാങ്കുകളാണ്. എംസൈ്വപ്, എസെടാപ്, പൈന്‍ ലാബ്‌സ്, ഇന്നൊവിറ്റി, ഫോണ്‍പേ തുടങ്ങി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് കമ്പനികളും ജിയോയുടെ വരവോടെ കടുത്ത മല്‍സരം നേരിടേണ്ടി വരും.

Comments

comments

Categories: Business & Economy
Tags: Jio, Jio POS