ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ആര്‍15 വി3

ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ആര്‍15 വി3

ഡെല്‍ഹി എക്‌സ് ഷോറൂം വില 1.39 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : മൂന്നാം തലമുറ യമഹ വൈഇസഡ്എഫ്-ആര്‍15 മോട്ടോര്‍സൈക്കിളില്‍ ഡുവല്‍ ചാനല്‍ എബിഎസ് നല്‍കി. 1.39 ലക്ഷം രൂപയാണ് രണ്ട് ചക്രങ്ങളിലും എബിഎസ് ലഭിച്ച മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. നിലവിലെ റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേ എന്നീ നിറങ്ങള്‍ കൂടാതെ ഡാര്‍ക്‌നൈറ്റ് എന്ന പുതിയ നിറത്തിലും ഇനി യമഹ വൈഇസഡ്എഫ്-ആര്‍15 വി3.0 ലഭിക്കും. എന്നാല്‍ പുതിയ കളര്‍ ഓപ്ഷനുമാത്രം 1.41 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

2018 ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്തശേഷം മൂന്നാം തലമുറ ആര്‍15 മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയാണ്. യമഹ മോട്ടോര്‍ ഇന്ത്യയുടെ ആകെ വില്‍പ്പനയില്‍ ആര്‍15 വി3.0 വലിയ സംഭാവന നല്‍കുന്നു. കാര്യമായ വില്‍പ്പന വിജയം നേടാന്‍ മോട്ടോര്‍സൈക്കിളിന് കഴിഞ്ഞു. 150 സിസി സെഗ്‌മെന്റില്‍ ഡുവല്‍ ചാനല്‍ എബിഎസ് ലഭിച്ച ആദ്യ മോട്ടോര്‍സൈക്കിളായി ഇപ്പോള്‍ യമഹ വൈഇസഡ്എഫ്-ആര്‍15 വി3.0 മാറി.

ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നല്‍കിയതൊഴിച്ചാല്‍ മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 155 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ് എന്‍ജിനാണ് യമഹ വൈഇസഡ്എഫ്-ആര്‍15 വി3.0 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 19.3 പിഎസ് കരുത്ത് ഉല്‍പ്പാദിപ്പിക്കും. മുന്‍ഗാമിയേക്കാള്‍ 16.3 ശതമാനം കരുത്താണ് വര്‍ധിച്ചത്. മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധനക്ഷമത 4.7 ശതമാനം വര്‍ധിച്ചു. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പ് ക്ലച്ച് സഹിതം 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

പുതിയ യമഹ വൈഇസഡ്എഫ്-ആര്‍1 സൂപ്പര്‍ബൈക്കില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് മൂന്നാം തലമുറ ആര്‍15 മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് സൂചകങ്ങള്‍. ലൈറ്റിംഗ് എല്ലാം ഇപ്പോള്‍ എല്‍ഇഡികളാണ്. മാത്രമല്ല, ഇന്‍ട്രുമെന്റ് ക്ലസ്റ്റര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്.

Comments

comments

Categories: Auto
Tags: R15 V3