പേട്ട (തമിഴ്)

പേട്ട (തമിഴ്)

സംവിധായന്‍: കാര്‍ത്തിക് സുബ്ബരാജ്
അഭിനേതാക്കള്‍: രജനികാന്ത്, നവാസുദ്ദീന്‍ സിദ്ധീഖി, വിജയ് സേതുപതി, സിമ്രന്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 52 മിനിറ്റ്

ഒരു രജനി ആരാധകനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ തീരെ ദയയില്ലാതെയാണു കടന്നുപോയത്. പ്രതീക്ഷിച്ചതുപോലുള്ള മാസ് വിജയങ്ങളൊന്നും രജനി ചിത്രങ്ങള്‍ക്കുണ്ടായില്ല. 2011-ല്‍ റിലീസ് ചെയ്ത യന്തിരനു ശേഷം രജനികാന്തിന്റെ പുറത്തിറങ്ങിയ ചിത്രം കൊച്ചടിയനായിരുന്നു. പിന്നീട് ലിംഗയും പുറത്തിറങ്ങി. പക്ഷേ, ഈ രണ്ട് ചിത്രങ്ങളും കാര്യമായ ചലനമുണ്ടാക്കിയില്ല. അതിനു ശേഷം പാ രഞ്ജിത്തിന്റെ കബാലിയും, കാലയും വന്നു. ഈ ചിത്രങ്ങള്‍ സംവിധായകന്റെ സിനിമയാണോ അതോ രജനി എന്ന സൂപ്പര്‍ സ്റ്റാറിന്റെ ചിത്രമാണോ എന്നു പോലും തിരിച്ചറിയാന്‍ സാധിച്ചില്ല. ഈയടുത്ത് റിലീസ് ചെയ്ത 2.0 എന്ന ചിത്രത്തിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു. രജനികാന്ത് ഒരു നല്ല നടനാണ്. മുള്ളും മലരും, ആറിലിരുന്ത് അറുപത് വരെ പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് രജനികാന്ത്. പക്ഷേ, രജനിയെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയത് ഈ ചിത്രങ്ങളൊന്നും തന്നെയായിരുന്നില്ല. പകരം, മുരട്ടു കാളൈ, മൂണ്‍ട്രു മുഖം, ധര്‍മതിന്‍ തലൈവന്‍, അണ്ണാമലൈ, ബാഷ, പടയപ്പ തുടങ്ങിയ ചിത്രങ്ങളായിരുന്നു രജനിക്ക് താരമൂല്യം നല്‍കിയത്. ഈ ചിത്രങ്ങളുടെ ഒരു പ്രത്യേകതയായി കാണുവാന്‍ സാധിക്കുന്നത്, അവയെല്ലാം വിനോദത്തിനു മുന്‍തൂക്കം നല്‍കിയവയായിരുന്നു എന്നതാണ്. ഈയൊരു വസ്തുത കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്‍ മനസിലാക്കിയിരിക്കുന്നു. ഈയൊരു ബോധ്യമാണു പേട്ട എന്ന സിനിമയിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. രജനികാന്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഷയുടെ പുനര്‍നിര്‍മാണമാണു പേട്ട. പക്ഷേ, കാര്‍ത്തിക സുബ്ബരാജ് ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
കാളി (രജനികാന്ത്്) ഒരു കോളേജ് ഹോസ്റ്റലില്‍ വാര്‍ഡനായെത്തുകയാണ്. വിനോദശീലമുള്ള വ്യക്തിയാണു കാളി. തന്റെ ശീലത്തിന് അനുസരിച്ചു ഹോസ്റ്റലില്‍ കാര്യങ്ങള്‍ ക്രമപ്പെടുത്തുകയാണ് അയാള്‍. ഹോസ്റ്റലില്‍ കുട്ടികളുടെ പ്രിയങ്കരനായി നിസാര നേരം കൊണ്ട് മാറുന്ന കാളി, സിംഹാചലത്തിന്റെ (നവാസുദ്ദീന്‍ സിദ്ധീഖി) ശത്രുവായി മാറുന്നു. കാളിയെ വകവരുത്താന്‍ നടക്കുകയാണു സിംഹാചലം. കഥ പുരോഗമിക്കുമ്പോള്‍ കാളിയുടെ യഥാര്‍ഥ സ്വത്വം പേട്ടയാണെന്നു വെളിപ്പെടുന്നു.
ആരാണ് പേട്ട ? അയാള്‍ക്കു സിംഹാചലവുമായി ശത്രുത വരാനുള്ള കാരണമെന്താണ് ? എന്തിനാണു പേട്ട അയാളുടെ സ്വത്വം മറച്ചുവച്ചത് ? ഇൗ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണു സിനിമ പറയുന്നത്.

ചിത്രത്തില്‍ രജനികാന്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. സ്റ്റൈലിലൂടെയും ഡയലോഗ ഡെലിവറിയിലൂടെയും പ്രേക്ഷകരില്‍ വിസ്മയം ജനിപ്പിക്കാന്‍ 68-ാം വയസിലും രജനികാന്തിനുള്ള കഴിവ് അപാരം തന്നെയാണ്. പേട്ടയിലെ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഒരു കാഴ്ചവിരുന്നാണ്. രജനിയോടൊപ്പം അഭിനയിച്ചിരിക്കുന്ന വിജയ് സേതുപതി ചിത്രത്തിന്റെ നെടുംതൂണായി മാറുന്നുണ്ട്. സിമ്രന്‍, തൃഷ തുടങ്ങിയവരും മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു.

പേട്ടയില്‍ പുതുതായൊന്നും അവകാശപ്പെടാനില്ലെങ്കിലും വാണിജ്യ ചിത്രത്തിനുള്ള ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് രസകരമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് വിജയിച്ചിരിക്കുന്നു. സംവിധായകന്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ സാങ്കേതിക പരിജ്ഞാനം പ്രകടമാക്കിയിട്ടുണ്ട്. അനിരുദ്ധ രവിചന്ദറിന്റെ സംഗീതം ചിത്രത്തന് മുതല്‍ക്കൂട്ടാകുന്നുണ്ട്.

Comments

comments

Categories: Movies
Tags: Petta