ഇന്ത്യയില്‍ ഏറ്റവും മികച്ച വില്‍പ്പന നേടി മെഴ്‌സേഡീസ് ബെന്‍സ്

ഇന്ത്യയില്‍ ഏറ്റവും മികച്ച വില്‍പ്പന നേടി മെഴ്‌സേഡീസ് ബെന്‍സ്

15,538 കാറുകളാണ് മെഴ്‌സേഡീസ് ബെന്‍സ് ഇന്ത്യയില്‍ വിറ്റത്. ഒരു കലണ്ടര്‍ വര്‍ഷം നേടുന്ന എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന

ന്യൂഡെല്‍ഹി : 2018 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി മെഴ്‌സേഡീസ് ബെന്‍സ്. കഴിഞ്ഞ വര്‍ഷം 15,538 കാറുകളാണ് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വിറ്റത്. മെഴ്‌സേഡീസ് ബെന്‍സ് ഇന്ത്യയില്‍ ഒരു കലണ്ടര്‍ വര്‍ഷം നേടുന്ന എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണിത്. മാത്രമല്ല, തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യയില്‍ മെഴ്‌സേഡീസ് ബെന്‍സിന്റെ വില്‍പ്പന 15,000 യൂണിറ്റിന് മുകളില്‍ പോകുന്നത്. ഇന്ത്യയിലെ ആഡംബര വാഹന നിര്‍മ്മാതാക്കള്‍ക്കിടയില്‍ ബിഎംഡബ്ല്യു, ഔഡി കമ്പനികളെ പിന്തള്ളി നാലാം വര്‍ഷവും മെഴ്‌സേഡീസ് ബെന്‍സ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ലക്ഷ്വറി, പെര്‍ഫോമന്‍സ് സെഗ്‌മെന്റുകളിലായി 2018 ല്‍ മെഴ്‌സേഡീസ് ബെന്‍സ് ഇന്ത്യ ഏതാനും നല്ല ലോഞ്ചുകള്‍ നടത്തി. ലക്ഷ്വറി സെഗ്‌മെന്റില്‍ സി-ക്ലാസ് ഫേസ്‌ലിഫ്റ്റ് പുറത്തിറക്കിയപ്പോള്‍ പെര്‍ഫോമന്‍സ് സെഗ്‌മെന്റില്‍ മെഴ്‌സേഡീസ്-എഎംജി ഇ63എസ് സെഡാന്‍, മെഴ്‌സേഡീസ്-എഎംജി ജി63 എസ്‌യുവി തുടങ്ങിയ മോഡലുകള്‍ അവതരിപ്പിച്ചു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മെഴ്‌സേഡീസ് ബെന്‍സ് മോഡല്‍ ഇ-ക്ലാസാണ്. ലോംഗ് വീല്‍ബേസ് ഓപ്ഷനില്‍ മാത്രമാണ് ഇവിടെ ഇ-ക്ലാസ് ലഭിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മെഴ്‌സേഡീസ് എസ്‌യുവി ജിഎല്‍സി ആണെങ്കില്‍ പെര്‍ഫോമന്‍സ് സെഗ്‌മെന്റില്‍ ഏറ്റവും ജനപ്രീതി നേടുന്ന എഎംജി മോഡല്‍ എല്ലായ്‌പ്പോഴും ജി63 ആണ്. ഇതിനകം നിരവധി പുതിയ ജി63 എസ്‌യുവികളാണ് നിരത്തുകളിലെത്തിയത്. വി-ക്ലാസ് ലക്ഷ്വറി എംപിവി ഉള്‍പ്പെടെ ഇന്ത്യയില്‍ പത്ത് മോഡലുകള്‍ അവതരിപ്പിക്കാനാണ് മെഴ്‌സേഡീസ് ബെന്‍സ് തയ്യാറെടുക്കുന്നത്. വി-ക്ലാസ് ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്.

Comments

comments

Categories: Auto