മാരുതി സുസുകി വില വര്‍ധിപ്പിച്ചു

മാരുതി സുസുകി വില വര്‍ധിപ്പിച്ചു

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 10,000 രൂപ വരെയാണ് വില വര്‍ധിക്കുന്നത്

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി വില വര്‍ധന പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 10,000 രൂപ വരെയാണ് വില വര്‍ധിക്കുന്നത്. പുതിയ വിലകള്‍ ഇന്നലെ പ്രാബല്യത്തില്‍വന്നു. ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, ഫോഡ്, ഹോണ്ട, റെനോ, നിസാന്‍, ടൊയോട്ട, ബിഎംഡബ്ല്യു തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ നേരത്തെ വില വര്‍ധിപ്പിച്ചിരുന്നു.

പുതു തലമുറ മാരുതി സുസുകി എര്‍ട്ടിഗ ഇന്ത്യയില്‍ ഈയിടെയാണ് പുറത്തിറക്കിയത്. 7.44 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. വില വര്‍ധന പ്രഖ്യാപിച്ചതോടെ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ വിലയില്‍ മാറ്റം വരും. ഈ മാസം 23 നാണ് പുതിയ വാഗണ്‍ആര്‍ വിപണിയിലെത്തിക്കുന്നത്. നിലവില്‍ അരീന, നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ പതിനേഴ് മോഡലുകളാണ് മാരുതി സുസുകി വില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സാധാരണയായി വില്‍പ്പന വര്‍ധിക്കുന്നതാണ് പതിവെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ നേരത്തെ വ്യക്തമാക്കിയിരുന്നു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പുതിയ രണ്ട് മോഡലുകളില്‍ ഒന്ന് പ്രീമിയം റീട്ടെയ്ല്‍ ശൃംഖലയായ നെക്‌സ വഴിയും രണ്ടാമത്തേത് അരീന ഔട്ട്‌ലെറ്റുകളിലൂടെയും വില്‍ക്കും. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ എല്ലാ മോഡലുകളിലും എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ നല്‍കും.

Comments

comments

Categories: Auto