മഹീന്ദ്ര എക്‌സ്‌യുവി 300 ബുക്കിംഗ് ആരംഭിച്ചു

മഹീന്ദ്ര എക്‌സ്‌യുവി 300 ബുക്കിംഗ് ആരംഭിച്ചു

ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും എക്‌സ്‌യുവി 300 ബുക്ക് ചെയ്യാം

ന്യൂഡെല്‍ഹി : എക്‌സ്‌യുവി 300 എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. രാജ്യമെങ്ങുമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും എക്‌സ്‌യുവി 300 ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15 ന് വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പേര് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സബ്‌കോംപാക്റ്റ് എസ്‌യുവി അനാവരണം ചെയ്തിരുന്നു.

പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ എക്‌സ്‌യുവി 300 ലഭിക്കുമെന്ന് മഹീന്ദ്ര സൂചിപ്പിച്ചിരുന്നു. ഡീസല്‍ എന്‍ജിന്‍ 300 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ 200 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്നും ഇത് ഈ വിഭാഗത്തിലെ മികച്ച ടോര്‍ക്ക് ആയിരിക്കുമെന്നും പരാമര്‍ശിച്ചിരുന്നു. മാന്വല്‍ ട്രാന്‍സ്മിഷനായിരിക്കും തുടക്കത്തില്‍ നല്‍കുന്നത്. ഓട്ടോമാറ്റിക് പിന്നീട് നല്‍കും. ഫ്രണ്ട് വീല്‍ ഡ്രൈവ്‌ട്രെയ്ന്‍ ലഭിക്കും.

ഏഴ് എയര്‍ബാഗുകള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഫീച്ചറുകളായിരിക്കും. എയര്‍ബാഗുകള്‍, എബിഎസ്, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കും. മഹീന്ദ്ര എക്‌സ്‌യുവി 300 എസ്‌യുവിയുടെ വീതിയും നീളമേറിയ വീല്‍ബേസും ഈ വിഭാഗത്തിലെ മികച്ചതായിരിക്കും. അഞ്ച് മുതിര്‍ന്നവര്‍ക്ക് സുഖമായി യാത്ര ചെയ്യുന്നതിനുവേണ്ട സ്ഥലസൗകര്യം ഇതോടെ ലഭിക്കും. പ്രീമിയം തുകല്‍ സീറ്റുകള്‍, ഡുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, ഇലക്ട്രിക് സണ്‍റൂഫ് എന്നിവ എസ്‌യുവിയുടെ സവിശേഷതകളായിരിക്കും.

മാരുതി സുസുകി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ എസ്‌യുവികള്‍ക്കുള്ള മഹീന്ദ്രയുടെ ഉത്തരമാണ് എക്‌സ്‌യുവി 300. മഹീന്ദ്ര എക്‌സ്‌യുവി 500 എസ്‌യുവിയുടെ സ്റ്റൈലിംഗ് പ്രചോദനമുള്‍ക്കൊണ്ടാണ് എക്‌സ്‌യുവി 300 വിപണിയിലെത്തുന്നത്. ഡബ്ല്യു4, ഡബ്ല്യു6, ഡബ്ല്യു8 എന്നീ മൂന്ന് വേരിയന്റുകളിലും ഡബ്ല്യു8 (ഒ) എന്ന ഓപ്ഷണല്‍ പാക്കിലും മഹീന്ദ്ര എക്‌സ്‌യുവി 300 ലഭിക്കും.

ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയിലാണ് എക്‌സ്‌യുവി 300 വികസിപ്പിച്ചത്. മഹാരാഷ്ട്രയിലെ നാസിക് പ്ലാന്റില്‍ നിര്‍മ്മിക്കും. എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്210 എന്ന കോഡ്‌നാമം നല്‍കി വികസിപ്പിക്കുന്ന ഇലക്ട്രിക് വേര്‍ഷന്‍ 2020 ല്‍ വിപണിയിലെത്തിക്കും.

Comments

comments

Categories: Auto