ഇന്ത്യയുടെ ഭാവി വളര്‍ച്ചയില്‍ ആഭ്യന്തര കമ്പനികള്‍ക്ക് ശുഭപ്രതീക്ഷ

ഇന്ത്യയുടെ ഭാവി വളര്‍ച്ചയില്‍ ആഭ്യന്തര കമ്പനികള്‍ക്ക് ശുഭപ്രതീക്ഷ

അടുത്ത 12 മാസത്തിനുള്ളില്‍ ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നാണ് ഇന്ത്യന്‍ കമ്പനികള്‍ പറയുന്നത്

ന്യൂഡെല്‍ഹി: അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കമ്പനികള്‍. ജിഎസ്ടി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള നയ പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നാണ് ഇന്ത്യന്‍ കമ്പനികള്‍ പറയുന്നതെന്ന് പിഡബ്ല്യുസിയും ഫിക്കിയും ചേര്‍ന്ന് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സമ്പദ്‌വ്യവസ്ഥയുടെ ഭാവി സംബന്ധിച്ച് ശുഭപ്രതീക്ഷയാണ് ഇന്ത്യന്‍ കമ്പനികള്‍ക്കുള്ളത്. ശക്തമായ ആഭ്യന്തര ആവശ്യകതയും കയറ്റുമതി വിപണികളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയെ മുന്നോട്ടുനയിക്കുമെന്നാണ് കമ്പനികള്‍ വിശ്വസിക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 12 മാസത്തിനുള്ളില്‍ ഏഴ് ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കാന്‍ കഴിയും. ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് തുടങ്ങിയ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും സമാനമായ നിരീക്ഷണമാണുള്ളതെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ശരിയായ ദിശയിലുള്ള ഒരു നടപടിയായാണ് ജിഎസ്ടിയെ ഇന്ത്യന്‍ കമ്പനികള്‍ വിലയിരുത്തുന്നത്. സാമ്പത്തിക വളര്‍ച്ചയെയും രാജ്യത്തേക്കുള്ള നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഏകീകൃത ചരക്ക് സേവന നികുതി നയം സഹായിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. സാമ്പത്തിക വളര്‍ച്ചയെ നയിക്കാന്‍ ശേഷിയുള്ള ഒരു ഘടകമാണ് ജിഎസ്ടി. ആഭ്യന്തര വിപണികളിലും കയറ്റുമതി വളര്‍ച്ചയിലും ഇത് സ്വാധീനം ചെലുത്തുമെന്ന് പിഡബ്ല്യുസി ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിഭാഗം മേധാവി മുഹമ്മദ് അത്തര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും കാലക്രമേണ ജിഎസ്ടിയുടെ നടത്തിപ്പില്‍ പുരോഗതിയുണ്ടാകുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നയം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നുമാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ മേഖലകളിലുടനീളം വിദേശ, ആഭ്യന്തര നിക്ഷേപം ആകര്‍ഷിക്കാന്‍ ജിഎസ്ടി സഹായിക്കുമെന്നാണ് രാജ്യത്തെ കമ്പനികള്‍ കരുതുന്നത്. ലോജിസ്റ്റിക്‌സ് രംഗത്തെ പുരോഗതിക്ക് നയം വഴിയൊരുക്കുമെന്നും ഇവര്‍ പറയുന്നു. ഇതിനുപുറമെ ശക്തമായ പൊതുമേഖല അടിസ്ഥാനസൗകര്യ വികസനത്തെ നയിക്കുന്നതും ബിസിനസ്, റെഗുലേറ്ററി നടപടികള്‍ സുഗമമായതും നിരവധി മേഖലകളില്‍ എഫ്ഡിഐക്ക് അവസരമൊരുക്കിയതും വന്‍കിട നിക്ഷേപങ്ങള്‍ക്കുള്ള എഫ്ഡിഐ നയങ്ങള്‍ ലളിതമാക്കിയതുമടക്കമുള്ള കാര്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയില്‍ കമ്പനികളുടെ ആന്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.

രാജ്യത്തെ വിവിധ കമ്പനികളില്‍ നിന്നുള്ള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍മാരും ഇന്ത്യന്‍ മാനുഫാക്ച്ചറിംഗ് മേഖലയില്‍ നിന്നുള്ള മേധാവികളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 76 ശതമാനം പേരും ഇന്ത്യയുടെ ഭാവിയില്‍ ശുഭ പ്രതീക്ഷയുള്ളവരാണ്. ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നാണ് മിക്കവരുടെയും അഭിപ്രായം.

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് നിലവില്‍ ഇന്ത്യ. യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് ഫിക്കി മാനുഫാക്ച്ചറിംഗ് കമ്മിറ്റിചെയര്‍മാന്‍ പുനീത് ഡാല്‍മിയ പറഞ്ഞു. വലിയ ആഭ്യന്തര വിപണിയാണ് ഇന്ത്യ. ഇതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് രാജ്യം ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. കാലക്രമേണ ഇതിന് മാറ്റമുണ്ടാകും. ആഗോള കയറ്റുമതിയില്‍ ഇപ്പോഴും രണ്ട് ശതമാനത്തില്‍ താഴെയാണ് ഇന്ത്യയുടെ സംഭാവന. കയറ്റുമതിയില്‍ വലിയ വിപണി വിഹിതം ഇന്ത്യ നേടേണ്ടതുണ്ടെന്നും പുനീത് ഡാല്‍മിയ അഭിപ്രായപ്പെട്ടു.

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) നിഗമനം. കാര്‍ഷിക മാനുഫാക്ച്ചറിംഗ് മേഖലകളിലെ പ്രകടനം മെച്ചപ്പെട്ടതാണ് ഇതിനുള്ള കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.7 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ കമ്പനികള്‍ പറയുന്നു…

  • സാമ്പത്തിക വളര്‍ച്ചയും നിക്ഷേപവും പ്രോത്സാഹിപ്പിക്കാന്‍ ജിഎസ്ടി സഹായിക്കും
  • ലോജിസ്റ്റിക്‌സ് രംഗത്തെ പുരോഗതിക്ക് ജിഎസ്ടി വഴിയൊരുക്കും. ആഭ്യന്തര വിപണികളിലും കയറ്റുമതി വളര്‍ച്ചയിലും നയം സ്വാധീനം ചെലുത്തും
  • ദീര്‍ഘകാലാടിസ്ഥാനത്തില്‍ നയം തങ്ങള്‍ക്ക് ഗുണം ചെയ്യും
  • ശക്തമായ പൊതുമേഖല അടിസ്ഥാനസൗകര്യ വികസനത്തെ നയിക്കുന്നതും ബിസിനസ്, റെഗുലേറ്ററി നടപടികള്‍ സുഗമമായതും നിരവധി മേഖലകളില്‍ എഫ്ഡിഐക്ക് അവസരമൊരുക്കിയതും വന്‍കിട നിക്ഷേപങ്ങള്‍ക്കുള്ള എഫ്ഡിഐ നയങ്ങള്‍ ലളിതമാക്കിയതും സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തെ പിന്തുണയ്ക്കും

Comments

comments

Categories: Business & Economy