ഇസഡ്എക്‌സ് പെട്രോള്‍-മാന്വല്‍ വേരിയന്റില്‍ ഹോണ്ട സിറ്റി

ഇസഡ്എക്‌സ് പെട്രോള്‍-മാന്വല്‍ വേരിയന്റില്‍ ഹോണ്ട സിറ്റി

ഡെല്‍ഹി എക്‌സ് ഷോറൂം വില 12.75 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഇസഡ്എക്‌സ് പെട്രോള്‍-മാന്വല്‍ എന്ന പുതിയ വേരിയന്റില്‍ ഇനി ഹോണ്ട സിറ്റി സെഡാന്‍ ലഭിക്കും. പുതിയ എംടി-പെട്രോള്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12.75 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. കൂടാതെ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു.

ആറ് എയര്‍ബാഗുകള്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, നമ്പര്‍ പ്ലേറ്റ് ലാംപുകള്‍ എന്നിവ ഹോണ്ട സിറ്റി ഇസഡ്എക്‌സ് പെട്രോള്‍-മാന്വല്‍ വേരിയന്റ് സംബന്ധിച്ച ഫീച്ചറുകളാണ്. ട്രങ്ക് ലിഡ് സ്‌പോയ്‌ലറില്‍ എല്‍ഇഡി ഇല്യൂമിനേഷന്‍ നല്‍കിയിരിക്കുന്നു. വണ്‍ ടച്ച് ഓപ്പണ്‍/ക്ലോസ് ഫംഗ്ഷന്‍, ഓട്ടോ റിവേഴ്‌സ് എന്നീ സവിശേഷതകളോടെ ഇലക്ട്രിക് സണ്‍റൂഫുമായാണ് സെഡാന്‍ വരുന്നത്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലൈറ്റുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ബേഷ് നിറത്തിലുള്ള ഇന്റീരിയറില്‍ മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ കാണാം.

നിലവില്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കിയ പെട്രോള്‍ വേരിയന്റുകള്‍ വലിയ തോതില്‍ വിറ്റുപോകുന്നതുകൊണ്ടാണ് പുതിയ വേരിയന്റ് പുറത്തിറക്കിയതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് & ഡയറക്റ്റര്‍ (സെയില്‍സ് & മാര്‍ക്കറ്റിംഗ്) രാജേഷ് ഗോയല്‍ പറഞ്ഞു. ഇതോടെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലായി എസ്‌വി, വി, വിഎക്‌സ്, ഇസഡ്എക്‌സ് എന്നീ നാല് വേരിയന്റുകളില്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ ഹോണ്ട സിറ്റി ലഭിക്കും. വി, വിഎക്‌സ്, ഇസഡ്എക്‌സ് വേരിയന്റുകളിലാണ് പെട്രോള്‍-സിവിടി ഹോണ്ട സിറ്റി ലഭിക്കുന്നത്. മാരുതി സുസുകി സിയാസ്, ഹ്യുണ്ടായ് വെര്‍ണ, ഫോക്‌സ്‌വാഗണ്‍ വെന്റോ തുടങ്ങിയ മോഡലുകളാണ് എതിരാളികള്‍.

Comments

comments

Categories: Auto