ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യക്ക് നേരിയ മുന്നേറ്റം

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യക്ക് നേരിയ മുന്നേറ്റം

പട്ടികയില്‍ 41-ാം സ്ഥാനത്താണ് ഇന്ത്യ നിലയുറപ്പിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: ‘ദ ഇക്കണോമിസ്റ്റ്’ തയാറാക്കിയ ആഗോള ജനാധിപത്യ സൂചിക( ഗ്ലോബല്‍ ഡെമോക്രസി ഇന്‍ഡക്‌സ്)യില്‍ റാങ്കിംഗ് മെച്ചപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ 42-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഈ വര്‍ഷം പട്ടികയില്‍ 41-ാം സ്ഥാനത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. അതേസമയം, ഇന്ത്യയുടെ റാങ്കിംഗില്‍ വലിയൊരു പുരോഗതിയൊന്നും അവകാശപ്പെടാനില്ലെന്ന് ‘ദ ഇക്കണോമിസ്റ്റ്’ ചൂണ്ടിക്കാട്ടി.

2017ല്‍ പുറത്തിറക്കിയ റാങ്കിംഗില്‍ 32-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇതാണ് കഴിഞ്ഞ വര്‍ഷം 42ലേക്ക് താഴ്ന്നത്. സമ്പൂര്‍ണ ജനാധിപത്യം, ന്യൂനതയുള്ള ജനാധിപത്യം, മിശ്ര ജനാധിപത്യം, സ്വേച്ഛാധിപത്യം എന്നിങ്ങനെ തിരിച്ചാണ് ജനാധിപത്യ സൂചികയില്‍ രാജ്യങ്ങളെ റാങ്ക് ചെയ്തിട്ടുള്ളത്. ഇതില്‍ ‘ന്യൂനതയുള്ള ജനാധിപത്യ’ രാഷ്ട്രങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യ ഇപ്പോഴും ഉള്‍പ്പെട്ടിട്ടുള്ളത്. 7.23 ആണ് സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍. സൂചിക പ്രസിദ്ധീകരിച്ച് തുടങ്ങിയതുമുതലുള്ള കാലയളവിലെ ഇന്ത്യയുടെ ഏറ്റവും താഴ്ന്ന സ്‌കോറാണിത്.

സൂചികയില്‍ യുഎസിനേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 25-ാം സ്ഥാനത്താണ് യുഎസ് നിലയുറപ്പിച്ചിട്ടുള്ളത്. ഇറ്റലി, ഫ്രാന്‍സ്, ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഇന്ത്യക്ക് മുന്നില്‍ ‘ന്യൂനതയുള്ള ജനാധിപത്യ’ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങള്‍. പ്രതീക്ഷിച്ചതുപോലെ തന്നെ സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളാണ് ഇത്തവണയും ജനാധിപത്യ സൂചികയില്‍ മുന്‍നിരയിലുള്ളത്.

ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാഷ്ട്രം നോര്‍വെയാണ്. ഐസ്‌ലന്‍ഡ്, സ്വീഡന്‍ എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ, ബഹുവിശ്വാസം, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയ ഇടപെടല്‍, രാഷ്ട്രീയ സംസ്‌കാരം, പൗര സ്വാതന്ത്ര്യം എന്നിവ വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്. ഈ ഘടകങ്ങളിലെല്ലാം ഇന്ത്യയുടെ പ്രകടനം മോശമാണ്.

‘ജനാധിപത്യം 2018: മീ ടു? രാഷ്ട്രീയ ഇടപെടല്‍, പ്രക്ഷോഭം & ജനാധിപത്യം’ എന്നീ തലക്കെട്ടില്‍ സൂചിക ബിജെപിക്ക് തിരിച്ചടിയാണ്. ഇന്ത്യയില്‍ ഭരണകക്ഷിയായ എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും 2019ലെ ബിജെപിയുടെ പ്രതീക്ഷകളെ കുറിച്ചും ശുഭാപ്തിവിശ്വാസത്തോടെയാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. വലിയ കാര്യങ്ങള്‍ക്കുവേണ്ടി തീവ്രമായി ശബ്ദം ഉയര്‍ത്തുന്ന ഒരാളായാണ് മോദിയെ ചിത്രീകരിച്ചിട്ടുള്ളത്. ബിസിനസിന് അദ്ദേഹം നല്‍കുന്ന പിന്തുണയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാനര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഗ്രാമ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇത് സര്‍ക്കാരിനെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തിന് കാരണമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News

Related Articles