ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കമ്പനികള്‍ 300 ബില്യണ്‍ $ ചെലവാക്കും

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കമ്പനികള്‍ 300 ബില്യണ്‍ $ ചെലവാക്കും

തുകയില്‍ പകുതിയും ചൈനയെ ലക്ഷ്യം വെച്ച്; ചൈനീസ് വിപണിയായിരിക്കും ഫോക്‌സ്‌വാഗണിന്റെ ഭാവി നിര്‍ണയിക്കുക എന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഹെര്‍ബെര്‍ട്ട് ഡിസ്

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷങ്ങള്‍ക്കിടെ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയ്ക്കു മേലുള്ള ധനവിനിയോഗം 300 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആഗോള വാഹന നിര്‍മാതാക്കള്‍. ഈ തുകയില്‍ പകുതിയും ചൈനയെ ലക്ഷ്യം വെച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മേഖലയുടെ പരിവര്‍ത്തനത്തിന് വേഗം കൂട്ടാന്‍ കമ്പനികളുടെ നീക്കം സഹായിക്കും. ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ വാഹന നിര്‍മാതാക്കള്‍ നീക്കിവെച്ച 300 ബില്യണ്‍ ഡോളര്‍ ഈജിപ്റ്റ്, ചിലി തുടങ്ങിയ രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയേക്കാള്‍ വലുതാണ്.

ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌വാഗണ്‍ ആണ് അഭൂതപൂര്‍വമായ ഈ ധനവിനിയോഗത്തില്‍ ഏറെയും നടത്തുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളാണ് കമ്പനിയെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചത്. ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട ആകെ ധനവ്യയത്തില്‍ മൂന്നില്‍ ഒരു ഭാഗം, അതായത് 91 ബില്യണ്‍ ഡോളര്‍ ഫോക്‌സ് വാഗണിന്റെ പങ്കാണ്. 2025 ആകുമ്പോഴേക്കും മൂന്ന് ഭൂഖണ്ഡങ്ങളിലായി 15 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനാണ് ഫോക്‌സ് വാഗണ്‍ ലക്ഷ്യമിടുന്നത്. 50 പ്യുവര്‍ ഇലക്ട്രിക് മോഡലുകളും 30 ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകളുമുള്‍പ്പടെയാണിത്. ഓഡിയും പോര്‍ഷെയുമുള്‍പ്പെട്ട തങ്ങളുടെ ആഗോള പോര്‍ട്ട്‌ഫോളിയോയിലെ 12 ബ്രാന്‍ഡുകളിലെ 300 മോഡലുകളുടെ വൈദ്യുതീകൃത മാതൃകകള്‍ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഇലക്ട്രിക് വാഹന വിപ്ലവത്തെ ഇനി ചൈനയായിരിക്കും നയിക്കുകയെന്ന് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചൈനീസ് വിപണിയായിരിക്കും ഫോക്‌സ്‌വാഗണിന്റെ ഭാവി നിര്‍ണയിക്കുക എന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവായ ഹെര്‍ബെര്‍ട്ട് ഡിസ് പറഞ്ഞു. ലോകത്തിന്റെ ഓട്ടോമോട്ടീവ് പവര്‍ ഹൗസുകളിലൊന്നായി ചൈന മാറുമെന്നും ഈ ആഴ്ച ആദ്യം ബെയ്ജിംഗില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto