സംവരണം ഗുണമാകുമോ? ഒഴിഞ്ഞു കിടക്കുന്നത് 29 ലക്ഷം പോസ്റ്റുകള്‍

സംവരണം ഗുണമാകുമോ? ഒഴിഞ്ഞു കിടക്കുന്നത് 29 ലക്ഷം പോസ്റ്റുകള്‍

വിദ്യാഭ്യാസം രംഗത്ത് മാത്രം ഒഴിഞ്ഞു കിടക്കുന്നത് 14 ലക്ഷത്തിലേറെ പോസ്റ്റുകള്‍; പൊലീസില്‍ വേണ്ടത് 4,43,524 ആളുകളെ; കേന്ദ്ര വകുപ്പുകളില്‍ 4.12 ലക്ഷം വേക്കന്‍സികള്‍

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളും വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം, വേക്കന്‍സികള്‍ നികത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അമാന്തം കാണിക്കുന്ന പശ്ചാത്തലത്തില്‍ എത്രമാത്രം ഗുണകരമാകുമെന്ന് ആശങ്ക ഉയരുന്നു. ഏതാനും കോണുകളൊഴിച്ചു നിര്‍ത്തിയാല്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ട മോദി സര്‍ക്കാരിന്റെ വമ്പന്‍ തീരുമാനത്തിന്റെ ഗുണം ലക്ഷ്യമിട്ട സമൂഹത്തിന് ലഭിക്കണമെങ്കില്‍ തൊഴില്‍ ദാതാവെന്ന നിലയിലും സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജസ്വലത കാട്ടേണ്ടി വരും. രാജ്യത്താകെ ഒഴിഞ്ഞുകിടക്കുന്നത് 29 ലക്ഷം പോസ്റ്റുകളാണ്. ഇവ നികത്തിയാല്‍ തന്നെ പൊതുവിഭാഗത്തിലുള്ള മൂന്ന് ലക്ഷത്തോളം പാവപ്പെട്ട ആളുകള്‍ക്ക് ആനുപാതികമായി സാമ്പത്തിക സംവരണം ലഭിക്കും.

9,00,316 ഒഴിവുകളോടെ പ്രാഥമിക വിദ്യാഭ്യാസം രംഗമാണ് മുന്‍ പന്തിയിലുള്ളത്. സര്‍വ ശിക്ഷാ അഭിയാന്‍ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലുമുള്ള 4,17,057 ഒഴിവുകളും 1,07,689 സെക്കന്ററി ടീച്ചര്‍മാരുടെയും ഒഴിവുകളും കൂടാതെയാണിത്. ഒഴിവുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള പൊലീസില്‍ 4,43,524 ആളുകള്‍ക്ക് അവസരമുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായി 4,12,752 ഒഴിവുകളുമുണ്ട്. റെയ്ല്‍വേയിലെ 2,53,324 സ്ഥിരം പോസ്റ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ട്രെയ്ന്‍ ഗതാഗതം ഇഴയുന്നതിന്റെ മുഖ്യ കാരണം ജീവനക്കാരുടെ കുറവുകൊണ്ടാണെന്ന് കുറ്റപ്പെടുത്തലുകള്‍ ഉയരുന്നുണ്ട്. അംഗന്‍വാടി ഹെല്‍പ്പര്‍മാരുടെ 1,16,293 ഉം വര്‍ക്കര്‍മാരുടെ 1,06,055 ഒഴിവുകളും നികത്താനുണ്ട്. തപാല്‍ വകുപ്പില്‍ 54,263 വേക്കന്‍സികളാണുള്ളത്. സിആര്‍പിഎഫില്‍ 22,746 ഉം ബിഎസ്എഫില്‍ 19,320 ഉം അംഗങ്ങളുടെ കുറവുണ്ട്. ഗ്രാമീണ മേഖലയില്‍ ഡോക്റ്റര്‍മാരുടെ ഒഴിവുകള്‍ 8,286 ആണ്. കേന്ദ്ര സര്‍വകലാശാലകളില്‍ 11,059 അനധ്യാപക ഒഴിവുകളും 5,651 അധ്യാപക ഒഴിവുകളും നികത്താന്‍ ബാക്കിയാണ്. ഒന്‍പത് സുപ്രീം കോടതി ജഡ്ജിമാരുടേതടക്കം 5862 ഒഴിവുകളാണ് വിവിധ കോടതികളിലുള്ളത്.

പക്ഷേ ഈ വേക്കന്‍സികളിലേക്ക് ആളെ എടുക്കാന്‍ സര്‍ക്കാരുകള്‍ എത്രമാത്രം തയാറാവുമെന്ന് കണ്ടറിയണം. നടപ്പ് സാമ്പത്തിക വര്‍ഷം 1.68 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശമ്പള ബില്‍. 2018 ല്‍ പെന്‍ഷന്‍ ചെലവ് ശമ്പള ചെലവിനേക്കാള്‍ 10,000 കോടി വര്‍ധിച്ചത് അധിക ബാധ്യതയായി. കേരളത്തില്‍ ആകെ വരുമാനത്തിന്റെ 26 ശതമാനവും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാനാണ് വിനിയോഗിക്കപ്പെടുന്നത്. ഇത് വീണ്ടും വര്‍ധിക്കുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ ഞെരുക്കും.

Comments

comments

Categories: FK News

Related Articles