ദേശി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡിന്റെ പ്രസക്തി

ദേശി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡിന്റെ പ്രസക്തി

ഷഓമിയും ഒപ്പോയും വിവോയും വണ്‍പ്ലസുമെല്ലാം ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അരങ്ങുവാഴുകയാണ്. എന്നാല്‍ ഒരു ദേശി ബ്രാന്‍ഡ് എന്തുകൊണ്ടു വളരുന്നില്ല?

ഏറ്റവും വേഗത്തില്‍ വളരുന്ന ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ചൈനയെ പോലും പുറകിലാക്കിയാണ് മുന്നേറ്റം. എന്നാല്‍ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്നതും വിപണിയുടെ മേധാവിത്വം കൈയാളുന്നതും ചൈനീസ് ബ്രാന്‍ഡുകളാണെന്നു മാത്രം. ഓരോ ദിവസം കഴിയുന്തോറും അതിഗംഭീര മല്‍സരമാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നടക്കുന്നത്, ചൈനീസ് ബ്രാന്‍ഡുകള്‍ തമ്മിലാണെന്നു മാത്രം. നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ദക്ഷിണ കൊറിയന്‍ ഭീമന്‍ സാംസംഗ് നന്നായി പരിശ്രമിക്കുകയും ചെയ്യുന്നു.

മേക്ക് ഇന്‍ ഇന്ത്യ കാംപെയ്‌നെല്ലാം നന്നായി നടത്തിയെങ്കിലും 2018ലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡെന്ന സങ്കല്‍പ്പത്തിന് കാര്യമായ പ്രതീക്ഷകളൊന്നുമുണ്ടായില്ല. ബജറ്റ്, ഇടത്തരം സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിലും പ്രീമിയം വിഭാഗത്തിലുമെല്ലാം കാണുന്നത് ചൈനീസ് അപ്രമാദിത്വം തന്നെ. പൊതുഅടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാമാനായി ചൈനയുടെ ഷഓമിയാണുള്ളത്. സാംസംഗ് തൊട്ടുപിന്നിലും. തുടര്‍ന്നും ചൈനീസ് ബ്രാന്‍ഡുകള്‍ തന്നെ. ബിബികെ ഇലക്ട്രോണിക്‌സ് എന്ന ചൈനീസ് കമ്പനിയുടെ ഉപ ബ്രാന്‍ഡുകളായ ഒപ്പോയും വിവോയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് ഷഓമിയുടെ റെഡ്മി 5എ ഫോണാണെന്ന് കണക്കുകള്‍ പറയുന്നു. പ്രീമിയം വിഭാഗത്തില്‍ ചൈനയുടെ തന്നെ വണ്‍പ്ലസ് മറ്റ് ബ്രാന്‍ഡുകള്‍ക്കെല്ലാം ഭീഷണി ഉയര്‍ത്തി അതിവേഗ വരുമാന വളര്‍ച്ച നേടി മുന്നേറുകയാണ്.

യുഎസിനെയും ചൈനയെയും എല്ലാം കടത്തിവെട്ടി ഏറ്റവും വേഗത്തില്‍ വളരുന്നതാകും ഈ വര്‍ഷം ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യയുടെ സ്വന്തം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ഇല്ലാതെ പോയത്. ഒരുകാലത്ത് സാംസംഗിനെ പോലുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ക്കുള്ള ഇന്ത്യയുടെ മറുപടിയായി ആഘോഷിക്കപ്പെട്ടതായിരുന്നു മൈക്രോമാക്‌സ് എന്ന തദ്ദേശീയ ബ്രാന്‍ഡ്. എന്നാല്‍ 2000ത്തില്‍ തുടങ്ങിയ ഈ കമ്പനി വലിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് നിരാശപ്പെടുത്തുകയായിരുന്നു. പല സ്രോതസ്സുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ അനുസരിച്ച് 2018 സാമ്പത്തിക വര്‍ഷത്തില്‍ 26 ശതമാനത്തോളം ഇടിവാണ് മൈക്രോമാക്‌സിന്റെ വരുമാനത്തിലുള്ളത്. ലാഭത്തിലുണ്ടായിരിക്കുന്ന ഇടിവ് 76 ശതമാനം വരുമത്രെ.

കൂടുതല്‍ ഫീച്ചറുകളുള്ള മോഡലുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കിയാണ് മൈക്രോമാക്‌സ് വിപണി പിടിച്ചത്. എന്നാല്‍ ആ സ്ട്രാറ്റജി പിന്നീട് തിരിച്ചടിയാണ് നല്‍കിയത്. താങ്ങാവുന്ന വിലയില്‍ ഉന്നത ഗുണനിലവാരത്തില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി. വിപണിയിലെ മാറ്റങ്ങളും പുതുസാങ്കേതികവിദ്യയുടെ സാധ്യതകളുമൊന്നും വേണ്ട രീതിയില്‍ മനസിലാക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. വിദേശ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് പോലും ഇന്ന് നമുക്കില്ല. ചൈനീസ് ബ്രാന്‍ഡുകളെ അമിതമായി ആശ്രയിക്കുന്ന വിപണി ദീര്‍ഘകലാടിസ്ഥാനത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഗുണനിലവാരമുള്ള തദ്ദേശീയ ബ്രാന്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ വികസിപ്പിച്ചെടുക്കുകയെന്നത് ബിസിനസ് ലോകവും സര്‍ക്കാരും മുന്‍ഗണന നല്‍കുന്ന വിഷയങ്ങളിലൊന്നായി മാറണം.

Comments

comments

Categories: Editorial, Slider