ഗള്‍ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണം: സീമെന്‍സ് സിഇഒ

ഗള്‍ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണം: സീമെന്‍സ് സിഇഒ

ബിരുദം കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ തൊഴില്‍ വിപണിക്ക് അനുയോജ്യരായി മാറണമെങ്കില്‍ അവര്‍ക്ക് പ്രായോഗിക ബിസിനസില്‍ പരിചയം വേണം. അതിന് ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കേണ്ടതുണ്ട്

ദുബായ്: ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇന്റേണ്‍ഷിപ്പ് ചെയ്തിരിക്കണമെന്നും ഇത് അവരെ പുതിയ ജോലിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്നും സീമെന്‍സ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് യുഎഇ സിഇഒ ഡൈറ്റ്മര്‍ സീയഴ്‌സ്ഡോഫര്‍ പറഞ്ഞു.

ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്റേണ്‍ഷിപ്പിന് ഇത്തവണ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ വേണ്ടത്ര ആകര്‍ഷിക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സീമെന്‍സിന്റെ ‘ബിസിനസ് ടു സൊസൈറ്റി’ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പരിശീലനം നേടുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കണം. പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനുള്ള തയാറെടുപ്പ് വിദ്യാര്‍ത്ഥികള്‍ നടത്തണം. അവര്‍ കുറച്ചു സമയം ഇന്റേണ്‍ഷിപ്പ് ചെയ്യാനായി മാറ്റിവെക്കുന്നത് ഭാവിയില്‍ ഉപകാരപ്പെടുക തന്നെ ചെയ്യും- ഡൈറ്റ്മാര്‍ പറഞ്ഞു.

ജര്‍മ്മനി പോലുള്ള രാജ്യങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാണെന്നും താനും മൂന്ന് മാസം ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടാണ് ജോലിയില്‍ പ്രവശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫിലെ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്റേണ്‍ഷിപ്പുകള്‍ പ്രോത്സാഹിപ്പിക്കണം. സ്വകാര്യ മേഖലയും പൊതുമേഖലയും ഇന്റേണ്‍ഷിപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഒരുമി്ക്കണം. ഇന്റേണ്‍ഷിപ് നിര്‍ബന്ധമാക്കിയാലേ വിദ്യാര്‍ത്ഥികള്‍ ഇതിനായി പോവുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികളെ തൊഴില്‍ സജ്ജരാക്കാനായി 300 മില്യണ്‍ ഡോളറിന്റെ സോഫ്റ്റ്‌വെയര്‍ ഗ്രാന്റാണ് യുഎഇ-യിലെ അഞ്ചു സര്‍വകലാശാലകള്‍ക്ക് സീമെന്‍സ് സംഭാവന ചെയ്തത്. സോഫ്റ്റ് വെയര്‍ ഗ്രാന്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും വൈദഗ്ധ്യവും നല്‍കാനാണ് സീമെന്‍സിന്റെ ലക്ഷ്യം-അദ്ദേഹം പറഞ്ഞു.

തൊഴിലിനായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് ഞങ്ങളുടെ ആവശ്യം. സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തില്‍ ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. യുവാക്കളെ തൊഴില്‍ സജ്ജരാക്കേണ്ട പൂര്‍ണ ഉത്തരവാദിത്തവും അവസരങ്ങള്‍ നല്‍കേണ്ട ചുമതലയും സ്വകാര്യ മേഖലയ്ക്കാണ്. പഠനം കഴിഞ്ഞ് ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ തൊഴില്‍ നേടി കൊടുക്കാമെന്ന് എല്ലാവരും ചിന്തിക്കണം. അത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കൂടുതല്‍ പേര്‍ സ്വകാര്യമേഖലയില്‍ ജോലി തേടി പോകേണ്ടതുണ്ട്-ഡൈറ്റ്മാര്‍ കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് നൈപുണ്യ വിടവിനെ കുറിച്ച് അറിയാം, അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

2018-ല്‍ ഗള്‍ഫ് മേഖലയിലെ സര്‍വകലാശാലകള്‍ക്ക് സോഫ്റ്റ് വെയര്‍ ഗ്രാന്റായി 300 ദശലക്ഷം ഡോളറാണ് സീമെന്‍സ് നല്‍കിയത്. നേരിട്ട് 2,700 പേര്‍ക്ക് കമ്പനി മേഖലയില്‍ ജോലി നല്‍കുന്നു.

Comments

comments

Categories: Arabia

Related Articles