ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെക്‌സിറ്റ് ഗുണകരമാകും

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെക്‌സിറ്റ് ഗുണകരമാകും

ഈ വര്‍ഷം മാര്‍ച്ച് 29 ന് രാത്രി 11 മണിക്ക് ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി വേര്‍പിരിയും. 310 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യുകെ-ഇയു അതിര്‍ത്തിയില്‍ അതോടെ മുന്‍കാല നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകും. ബ്രിട്ടണിലേക്കുള്ള യൂോപ്യന്‍ യൂണിയന്‍ ജനതയുടെ സ്വനന്ത്ര സഞ്ചാരവും താമസാനുമതിയും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുമെന്നാണ് സൂചന. സംഝാതമായേക്കുന്ന ഈ സാഹചര്യം ഇന്ത്യയിലെയും ചൈനയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വന്‍തോതില്‍ അവസരമൊരുക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. സാമ്പത്തിക ഞെരുക്കം തരണം ചെയ്യാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബ്രിട്ടണ്‍ വാതില്‍ തുറന്നിട്ടേക്കും. നൈപുണ്യവാന്‍മാരായ തൊഴിലാളികള്‍ക്കും ബ്രെക്‌സിറ്റ് മികച്ച അവസരമായേക്കും

പല വിധത്തിലുള്ള ആശങ്കകളും പരാതികളും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സമ്മാനിച്ചെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷിക്കാനുള്ള വകയുമായാണ് ബ്രെക്‌സിറ്റ് എത്തുന്നത്. ബ്രെക്‌സിറ്റിന്റെ ഭാഗമായി ഉയരുന്ന സാമ്പത്തികമായ വെല്ലുവിളികള്‍ നേരിടാന്‍ യുകെയിലെ പ്രമുഖ സര്‍വകലാശാലകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്നാണ് മേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി ജനസംഖ്യ ഏറ്റവുമധികമുള്ള ഇന്ത്യയും ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ അധിവസിക്കുന്ന ചൈനയും വിവിധ ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ സജീവ പ്രതീക്ഷയാണെന്ന് സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും റസല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സര്‍ ആന്റണ്‍ മസ്‌കറ്റെല്ലി വ്യക്തമാക്കുന്നു. കിംഗ്‌സ് കോളെജ്, ഇംപീരിയല്‍ കോളെജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നിവ ഉള്‍പ്പടെ 24 പൊതു ഗവേഷണ സര്‍വകലാശാലകളെയാണ് റസല്‍ ഗ്രൂപ്പ് പ്രതിനിധീകരിക്കുന്നത്.

‘വരുമാനത്തില്‍ പെട്ടന്നുണ്ടാകുന്ന ഇടിവിനോട് പ്രതികരിക്കാനുള്ള ഒരേയൊരു മാര്‍ഗമെന്ന നിലയിലാണ് മിക്ക സര്‍വകലാശാലകളും ഈ രീതി പിന്തുടരാന്‍ ശ്രമിക്കുക,’ മസ്‌കറ്റെല്ലി പറയുന്നു. ഗ്ലാസ്‌ഗോ സര്‍വകലാശാല തന്നെ വിദേശ വിദ്യാര്‍ത്ഥികളുടെ അനുപാതം വര്‍ധിപ്പിച്ച് ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ പകുതിയോളമാക്കിയേക്കുമെന്ന് സൂചനയുണ്ട്. സമാനമായി ലണ്ടന്‍ യൂണിവേഴ്‌സിറ്റിയും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിച്ച് 50 ശതമാനമാക്കുകയും സ്വദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്‌തേക്കും. നിലവില്‍ തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം 12,000 പൗണ്ടിലധികം തുക ഫീ ഇനത്തില്‍ അടയ്ക്കുന്നുണ്ട്. അവരെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെ നയം, തദ്ദേശീയരായ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീ 9,250 പൗണ്ടില്‍ നിന്നും 6,500 പൗണ്ടായി കുറയ്ക്കാനും ഉതകിയേക്കും. വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ ആദായകരമാവുമെന്ന് സാരം.

ബ്രിട്ടണിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ഷങ്ങളോളം ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ചുരുങ്ങുന്ന പ്രവണതയായിരുന്നു ദൃശ്യമായിരുന്നത്. 2013 നും 2017 നും ഇടയില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 26 ശതമാനം ഇടിഞ്ഞു. പഠനാനന്തര വിസ റദ്ദാക്കിയതായിരുന്നു ഇതിനുള്ള കാരണം. നിലവില്‍, യുകെയിലേക്ക് വിദ്യാര്‍ത്ഥികളെ അയയ്ക്കുന്ന കാര്യത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

പ്രതിസന്ധി വര്‍ധിക്കുന്നു

ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രത്യേക മുന്‍ഗണന ലഭിക്കില്ല. ”രാജ്യത്തേക്കുള്ള സ്വതന്ത്രമായ സഞ്ചാരം ഞങ്ങള്‍ അവസാനിപ്പിക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ ഇനി മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പൗരന്‍മാര്‍ക്കും ബാധകമായിരിക്കും,” ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് ഡിസംബര്‍ 19 ന് പറഞ്ഞ വാക്കുകളാണിത്. പകരം, ‘നൈപുണ്യാധിഷ്ഠിതമായ കുടിയേറ്റ’ സംവിധാനത്തിലേക്ക് യുകെ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നിയമങ്ങള്‍ 2021 ഓടെ പ്രാബല്യത്തില്‍ വരാനിരിക്കെ യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും നിയമിച്ചിരിക്കുന്ന തങ്ങളുടെ 50,000 ല്‍ ഏറെ ജീവനക്കാരുടെയും പ്രവേശനം നല്‍കിയിരിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികളുടെയും ഭാവിയുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയിലാണ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍. കരാറുകളും നിബന്ധനകളുമില്ലാതെ യുകെ, യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് തങ്ങളുടെ സര്‍വകലാശാലകളെ സംബന്ധിച്ച് വലിയ ഭീഷണിയാണെന്നതില്‍ സര്‍വകലാശാലകളുടെ മേധാവികള്‍ക്കെല്ലാം ഏകാഭിപ്രായമാണെന്ന് ഈ മാസം നാലിന് 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കെഴുതിയ തുറന്ന കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂണിവേഴ്‌സിറ്റീസ് യുകെ, ദി റസല്‍ ഗ്രൂപ്പ്, ഗില്‍ഡ് എച്ച്ഇ, മില്യണ്‍ പ്ലസ്, യൂണിവേഴ്‌സിറ്റി അലയന്‍സ് തുടങ്ങി. പ്രമുഖ സ്ഥാപനങ്ങളെല്ലാം ചേര്‍ന്നാണ് ഈ അപകടം ചൂണ്ടിക്കാട്ടിയത്.

‘പുതിയ കാന്‍സര്‍ ചികില്‍സാ മാര്‍ഗങ്ങള്‍ മുതല്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന സാങ്കേതിതവിദ്യകളുടെ വികസനം വരെയുള്ള നിര്‍ണായകമായ ഗവേഷണ ബന്ധങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, അറിവ് എന്നിവയുടെ മൂല്യവത്തായ കൈമാറ്റത്തിന് ഗുരുതരമായ ഹാനി സംഭവിക്കും. ധാരണകളൊന്നുമില്ലാതെ പുറത്തു കടക്കുന്ന ഈ അവസ്ഥ, വിതരണ ശൃംഖലകള്‍ മുതല്‍ സുരക്ഷ, യാത്ര എന്നിവയടക്കം എല്ലാ ബിസിനസുകള്‍കും മേല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കകളും ഞങ്ങള്‍ക്ക് ഉണ്ട്. ഇത് ഒരു സാംസ്‌കാരികവും ശാസ്ത്രീയവും അക്കാദമികവുമായ തിരിച്ചടിയായിരിക്കുമെന്നും തിരിച്ചുകയറാന്‍ പതിറ്റാണ്ടുകള്‍ തന്നെ വേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല,’ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് കാരണമുണ്ടായ അനിശ്ചിതാവസ്ഥയുടെ പ്രതികൂല പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ത്തന്നെ വിദ്യാര്‍ത്ഥി പ്രവേശനങ്ങളില്‍ പ്രകടമാണെന്ന് റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പ് അക്കാഡമിക് വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശനത്തില്‍ ഒന്‍പത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എല്ലാ വിഭാഗത്തിലുമായി മൂന്ന് ശതമാനം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു.

പ്രതികൂല തീരുമാനം, അനുകൂല ഫലം

യൂറോപ്യന്‍ യൂണിയന് പുറഞ്ഞുള്ള വിദേശ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇത് ഏറ്റവും അനുകൂലമായ സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടാന്‍ രണ്ട് കാരണങ്ങളുണ്ട്. യൂറോപ്യന്‍ യൂണിയനിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തുല്യവും നീതിയുക്തവുമായ അവസരം അവര്‍ക്ക് ലഭിക്കുമെന്നതാണ് ഒന്നാമത്തേത്. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റുകള്‍ കുറയുന്നതിനനുസരിച്ച് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്യപ്പെടുമെന്നത് രണ്ടാമത്തെ കാര്യം.

കോളെജുകള്‍ക്കുപരി, തൊഴില്‍ വിപണി പോലും ഇവര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാകുന്ന സ്ഥിതിവിശേഷം സംജാതമാകും. ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ആറുമാസം കൂടി അവിടെ തങ്ങാനുള്ള അവസരം ലഭിക്കാറുണ്ട്. സ്ഥിരവും വൈദഗ്ധ്യമുള്ളതുമായ ജോലി കണ്ടെത്താന്‍ ഇക്കാലയളവ് അവരെ സഹായിക്കുമെന്ന് ജാവേദ് പറയുന്നു. പിഎച്ച്ഡി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇപ്രകാരം ലഭിക്കുന്നത് ഒരു വര്‍ഷ കാലയളവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”കുറഞ്ഞ തുടക്ക ശമ്പളം തീര്‍ച്ചയായും 30,000 പൗണ്ടോളമാണ്. സ്‌പോണ്‍സര്‍ തൊഴിലാളികള്‍ക്കായി ആയിരക്കണക്കിന് പൗണ്ടുകള്‍ ബിസിനസുകള്‍ക്ക് പിന്നെയും ചെലവഴിക്കേണ്ടതായും വരും. എന്നാല്‍, കുറഞ്ഞത് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കെങ്കിലും മറ്റ് രാജ്യങ്ങളിലെ പൗരന്‍മാരേക്കാള്‍ ആനുകൂല്യം ലഭിക്കില്ലെന്നുറപ്പാണ്,’ ജാവേദ് വ്യക്തമാക്കുന്നു.

2018 സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം രണ്ടാം നിരയില്‍ ഉള്‍പ്പെടുന്ന നൈപുണ്യ തൊഴിലാളി വിസയുടെ ഗുണഭോക്താക്കളില്‍ 55 ശതമാനവും ഇന്ത്യക്കാരാണ്. വിദഗ്ധരായ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്ന തൊഴില്‍ വിസയുടെ എണ്ണം 20,700 ലേക്ക് പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ പരിധി നീക്കം ചെയ്യപ്പെടുമെന്ന് ജാവേദ് പറഞ്ഞു. വിസയുടെ കുറവ് എപ്പോഴും അഭിമുഖീകരിക്കുന്ന, ഇന്ത്യയില്‍ നിന്നുള്ള ഡോക്റ്റര്‍മാരെയും ഐടി പ്രൊഫഷണലുകളെയും സംബന്ധിച്ച് ഇതൊരു ഗംഭീര വാര്‍ത്ത തന്നെയാണ്.

Comments

comments

Categories: FK Special, Slider
Tags: Brexit