എയര്‍ ഇന്ത്യയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ 17 % ഉയര്‍ച്ച

എയര്‍ ഇന്ത്യയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ 17 % ഉയര്‍ച്ച

കാറ്ററിംഗ് ചെലവുകള്‍ ക്രമീകരിക്കുന്നതിനും കമ്പനി ശ്രമം നടത്തുകയാണ്

ന്യൂഡെല്‍ഹി: കടബാധ്യത മൂലം കനത്ത പ്രതിസന്ധിയിലപ്പെട്ട ദേശീയ വിമാനക്കമ്പനി എയര്‍ ഇന്ത്യ ഏപ്രില്‍- ഡിസംബര്‍ കാലയളവിലെ യാത്രത്താരില്‍ നിന്നുള്ള വരുമാനത്തില്‍ നടത്തിയത് മികച്ച മുന്നേറ്റം. വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വളര്‍ച്ചയോടെ എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ വരുമാനം 15,081 കോടി രൂപയിലെത്തി. ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയ മൊത്തം വരുമാനമാണിത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 12,918 കോടി രൂപയായിരുന്നു പാസഞ്ചര്‍ വരുമാനം.
യാത്രികരുടെ എണ്ണത്തില്‍ 7 ശതമാനം വര്‍ധനയാണ് നിരീക്ഷിക്കാനായിട്ടുള്ളത്. 16.13 മില്യണ്‍ യാത്രികരാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ എയര്‍ ഇന്ത്യക്ക് ലഭിച്ചത്. പാസഞ്ചര്‍ വരുമാനത്തിന്റെ 65 ശതമാനവും എയര്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത് അന്താരാഷ്ട്ര ഫ്‌ളൈറ്റുകളില്‍ നിന്നാണ്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ പുതിയതും നിലവിലുണ്ടായിരുന്നതുമായ റൂട്ടുകളിലായി 37 പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തിരുന്നു. പ്രവര്‍ത്തന ചെലവുകളിലും വലിയ ഉയര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷം ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിനായുള്ള ചെലവിടലില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ദൂരത്തിലേക്ക് എയര്‍ക്രാഫ്റ്റ് സര്‍വീസുകള്‍ നടത്തിയും പെലറ്റ് ഡ്യൂട്ടികള്‍ കൂടുതല്‍ വിവേകപൂര്‍വമായി ഉപയോഗിച്ചു വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിട്ടുവെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ പ്രദീപ് സിംഗ് ഖരോള പറയുന്നു. കൂടുതല്‍ ലാഭക്ഷമമായ റൂട്ടുകളിലെ ശേഷി വര്‍ധിപ്പിക്കുകയും രാത്രി സമയ ഫ്‌ളൈറ്റുകള്‍ ഉള്‍പ്പടെ വര്‍ധിപ്പിക്കുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ബാങ്കോക്കിലേക്ക് നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകള്‍ ആരംഭിച്ചപ്പോല്‍ ചണ്ഡീഗഡില്‍ നിന്നും ഭുവനേശ്വറില്‍ നിന്നും ബാങ്കോക്കിലേക്ക് ഉണ്ടായിരുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഈ സര്‍വീസുകള്‍ വാര്‍ഷികമായി 8-9 കോടി രൂപയുടെ നഷ്ടം വരുത്തിയിരുന്നുവെന്നാണ് കമ്പനി വിലയിരുത്തുന്നത്.

എയര്‍ ഇന്ത്യയുടെ അറ്റ നഷ്ടം 2017-18ല്‍ 5337 കോടി രൂപയായി കുറഞ്ഞിരുന്നു. വിവിധ അലവന്‍സുകള്‍ നല്‍കുന്നതില്‍ വരുത്തിയ കുറവ് കൂടിയാണ് ഇതിന് കാരണമായത്. തങ്ങളുടെ ഭക്ഷണ വിതരണ ചെലവുകളും കൂടുതല്‍ ലാഭകരമായി പുതുക്കിപ്പണിയുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. വിദേശ സര്‍വീസുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ഇന്ത്യയില്‍ നിന്നു തന്നെ ശേഖരിക്കാനാണ് പദ്ധതി. ഇന്ത്യയെ അപേക്ഷിച്ച് മറ്റു രാജ്യങ്ങളിലെ കാറ്ററിംഗ് ചെലവ് 3-4 മടങ്ങ് അധികമാണെന്നാണ് ഖരോള വിശദീകരിക്കുന്നത്. നിലവില്‍ 600-800 കോടിയാണ് ഒരു വര്‍ഷം കാറ്ററിംഗ് ചെലവിനത്തില്‍ വേണ്ടിവരുന്നത്.

Comments

comments

Categories: FK News
Tags: Air India

Related Articles