എയര്‍ ഇന്ത്യ വില്‍പ്പന; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1 ബില്യണ്‍ ഡോളര്‍

എയര്‍ ഇന്ത്യ വില്‍പ്പന; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1 ബില്യണ്‍ ഡോളര്‍

അടുത്ത സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കും

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ വില്‍പ്പന വഴി ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം (ഏകദേശം 7,000 കോടി രൂപ) സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന വഴി നിക്ഷേപം സമാഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കും.

ഇതിനുപുറമെ കമ്പനിയുടെ ചില അനുബന്ധ സ്ഥാപനങ്ങളും ആസ്തികളും വില്‍ക്കുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തും. മൊത്തം 55,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. ആസ്തികള്‍ വിറ്റഴിച്ചും ഓഹരി വില്‍പ്പന വഴിയും സമാഹരിക്കുന്ന തുകയിലൂടെ കമ്പനിയുടെ ബാധ്യത കുറയ്ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

കഴിഞ്ഞ വര്‍ഷം നവംബറില്‍ എയര്‍ ഇന്ത്യയുടെ 29,000 കോടി രൂപയുടെ കടബാധ്യത പ്രത്യേകോദ്ദേശ്യ സംവിധാനത്തിന് (എസ്പിവി) കൈമാറാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് കമ്പനി എന്നാണ് എസ്പിവിയുടെ പേര്.

കഴിഞ്ഞ വര്‍ഷം മേയില്‍ വാങ്ങാന്‍ ആളില്ലാതെ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജൂണില്‍ പദ്ധതി ഉപേക്ഷിക്കാന്‍ മന്ത്രിതല സമിതി തീരുമാനിച്ചു. പിന്നീടാണ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുകകൊണ്ട് കടബാധ്യത കുറയ്ക്കാനും കൂടുതല്‍ മൂലധനം കണ്ടെത്താനും സര്‍ക്കാര്‍ തീരുമാനിച്ചത്.

കമ്പനിയില്‍ 980 കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തുന്നതിന് ഓഗസ്റ്റില്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യയുടെ പുനരുജ്ജീവന പദ്ധതിക്കുകീഴിലാണിത്. ഈ മാസം ആദ്യം 2,345 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിനും പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടുണ്ട്. അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് വില്‍ക്കുന്നതിന് മന്ത്രിതല സമിതി ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. മറ്റൊരു അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് വില്‍പ്പനയും സമിതി പരിഗണിക്കുന്നുണ്ട്.

Comments

comments

Categories: Current Affairs
Tags: Air India