40 ലക്ഷം വരെ വരുമാനമുള്ള വ്യാപാരികള്‍ ജിഎസ്ടി അടക്കേണ്ട

40 ലക്ഷം വരെ വരുമാനമുള്ള വ്യാപാരികള്‍ ജിഎസ്ടി അടക്കേണ്ട

ജിഎസ്ടി സംയോജന പദ്ധതി പ്രകാരം ചെറുകിട വ്യാപാരികളുടെ നികുതി പരിധി 1.5 കോടിയായി ഉയര്‍ത്തി; പ്രളയ കേരളത്തിന് രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് പിരിക്കാം

ന്യൂഡെല്‍ഹി: ഭൂരിഭാഗം ഉല്‍പ്പന്ന, സേവനങ്ങളുടെയും നികുതി കുറച്ചതിന് പിന്നാലെ വ്യാപാരികള്‍ക്കും ആശ്വാസം പകരുന്ന നികുതി ഇളവുകളുമായി ജിഎസ്ടി കൗണ്‍സില്‍. ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള വരുമാന പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷത്തിലേക്കാണ് വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് 40 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യാപാരികള്‍ ഇനി ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടതില്ല. ഇരുപത് ലക്ഷത്തിലേറെ ചെറുകിട വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും ഗുണം ചെയ്യുന്നതാണ് രജിസ്‌ട്രേഷന്‍ പരിധി ഉയര്‍ത്തിയ നടപടി. വടക്കു കിഴക്കന്‍ മേഖലയൊഴിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും തീരുമാനം ബാധകമാവുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്്റ്റ്‌ലി വ്യക്തമാക്കി. വരുമാന ശരാശരി തീരെ കുറവായതിനാലാണ് വടക്കു കിഴക്കന്‍ മേഖലയെ ഒഴിവാക്കിയിരിക്കുന്നത്. ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടിയില്‍ നിന്ന് പുറത്തു കടക്കാനുള്ള സൗകര്യമുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ പരിധി 50 ലക്ഷത്തിലേക്ക് ഉയര്‍ത്തണമെന്നായിരുന്നു മന്ത്രിതല സമിതി നല്‍കിയിരുന്ന ശുപാര്‍ശ.

ജിഎസ്ടി സംയോജന പദ്ധതിയുടെ പരിധി ഒരു കോടിയില്‍ നിന്ന് 1.5 കോടി രൂപയിലേക്ക് ഉയര്‍ത്താനുള്ള നിര്‍ണായക തീരുമാനവും ജിഎസ്ടി കൗണ്‍സില്‍ എടുത്തു. കോംപോസിഷന്‍ പരിധിയില്‍ പെട്ടവര്‍ ഇനി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. നാല് പാദങ്ങളിലായി നികുതി അടക്കേണ്ടി വരും. ഏപ്രില്‍ ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുക. ആറ് ശതമാനം നികുതിയാണ് ഈ വിഭാഗത്തില്‍ പെട്ട വ്യവസായികള്‍ അടക്കേണ്ടി വരിക. രാജ്യത്തെ സൂക്ഷ്മ, ചെറുകിട, മധ്യവര്‍ഗ (എംഎസ്എംഇ) വ്യാപാരികള്‍ക്കെല്ലാം പ്രയോജനപ്പെടുന്ന തീരുമാനമാണിത്. മൂല്യ വര്‍ധന കണക്കാക്കാതെ ഒരു നിശ്ചിത ശതമാനം നികുതിയാണ് ഈ വിഭാഗത്തില്‍ പെട്ട സംരംഭകരില്‍ നിന്ന് ഈടാക്കുന്നത്.

റിയല്‍ എസ്റ്റേറ്റിനെയും ലോട്ടറിയെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തിന് അഭിപ്രായൈക്യം ഉണ്ടാക്കാനവായില്ല. യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തു. വിഷയം വിശദമായി പരിശോധിക്കാന്‍ ഏഴംഗ മന്ത്രി സംഘം രൂപീകരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.

വ്യാപാരികള്‍ക്ക് വലിയ തോതില്‍ ആശ്വാസം പകരാനുള്ള കേന്ദ്രത്തിന്റെ നടപടിക്ക്, പൊതുതെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ പ്രാധാന്യം കൂടുതലാണ്. ചെറുകിട-മധ്യവര്‍ഗ വ്യാപാരികളും വ്യവസായികളും ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കാണ്. നികുതി പരിധിയില്‍ ഇളവുകള്‍ നല്‍കാന്‍ ഇവര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉല്‍പ്പന്ന സേവനങ്ങളുടെ നികുതി കുറച്ചാണ് സര്‍ക്കാര്‍ കൈയടി വാങ്ങിയിരുന്നത്. 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി 18 ശതമാനത്തിന് താഴെ എത്തിക്കാനാണ് ശ്രമമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു.

പ്രളയ കേരളത്തിന് ഒരു ശതമാനം സെസ് പിരിക്കാം

പ്രളയം തകര്‍ത്ത കേരളത്തിന് സംസ്ഥാനത്തിനുള്ളില്‍ രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം പ്രത്യേക സെസ് പിരിക്കാനും ഡെല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അനുമതി നല്‍കി. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി സെസ് പിരിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഏതൊക്കെ ഉല്‍പ്പന്ന, സേവനങ്ങള്‍ക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം കേരളത്തിന് നല്‍കിയിട്ടുണ്ട്. ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ മന്ത്രിതല ഉപസമിതി തള്ളിയിരുന്നു.

Comments

comments

Categories: Business & Economy
Tags: GST