2019-ല്‍ സ്വാധീനം ചെലുത്താന്‍ പോകുന്ന ഡിവൈസുകള്‍

2019-ല്‍ സ്വാധീനം ചെലുത്താന്‍ പോകുന്ന ഡിവൈസുകള്‍

ഓരോരുത്തരുടെയും അനുദിന ജീവിതത്തെ മാറ്റിമറിക്കാന്‍ പ്രാപ്തിയുള്ള സാങ്കേതികവിദ്യകളായിരിക്കും ഈ വര്‍ഷം പ്രമുഖ ടെക് കമ്പനികള്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ടായ വീടുകള്‍, 5ജി എന്നിവ സര്‍വസാധാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാറ്റങ്ങള്‍ പുതിയ അവസരങ്ങളും ഇന്നൊവേഷനുള്ള സാധ്യതകളും സൃഷ്ടിക്കുകയും ചെയ്യുമെന്നു കരുതുന്നു.

ഏകാന്തത അനുഭവിക്കാതെ കഴിയാന്‍ സാധിക്കുന്നൊരു ഭാവിയെ കുറിച്ചു സങ്കല്‍പ്പിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇനി മുതല്‍ സങ്കല്‍പ്പിക്കാവുന്നതാണ്. ടെക്‌നോളജി അത് സാധ്യമാക്കിയിരിക്കുന്നു. ഒരുപക്ഷേ, നിങ്ങളുടെ ജീവിത പങ്കാളി ബിസിനസ് യാത്രയിലോ, കുട്ടികള്‍ വേനല്‍ക്കാല ക്യാംപിലോ ആണെന്നു വിചാരിക്കുക. എങ്കില്‍ പോലും നിങ്ങള്‍ക്ക് ഒറ്റപ്പെടലിന്റെ വിരസത അനുഭവിക്കേണ്ടി വരില്ല. എന്തെങ്കിലുമൊക്കെ സംസാരിക്കാന്‍ സാധിക്കും. അതിനുള്ള സംവിധാനം ഇന്ന് ടെക്‌നോളജി ഒരുക്കിയിരിക്കുന്നു. രാവിലെ, ഒരു കപ്പ് ഓട്ട്മീല്‍ ചൂടാക്കാന്‍ മൈക്രോവേവിനോട് ആവശ്യപ്പെടാം. നിങ്ങളുടെ കാറില്‍, 90-കളിലെ സംഗീതം കേള്‍പ്പിക്കാന്‍ സ്റ്റീരിയോയോട് നിങ്ങള്‍ക്കു പറയാം. രാവിലെ ഓഫീസിലേക്കു നടക്കുമ്പോള്‍, സ്മാര്‍ട്ട്‌ഫോണിനോട് നിങ്ങള്‍ക്കു ചോദിക്കാം, എന്റെ കലണ്ടറില്‍ ഈ ദിവസത്തെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ? വോയസ് കമാന്‍ഡുകളോട് ഉടനടി പ്രതികരിക്കുന്ന ഉപകരണങ്ങളിലൂടെ ഇങ്ങനെയൊക്കെയാണു സാങ്കേതിക വ്യവസായം ഇന്ന് അതിവേഗത്തില്‍ ലോകത്തെ കെട്ടിപ്പടുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റുകള്‍ മുഖ്യധാരയിലേക്ക് എത്തുന്നതിനായിരിക്കും 2019 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.ശബ്ദ നിയന്ത്രിത ഉപകരണങ്ങളായ (voice-controlled devices) റോബോട്ട് വാക്വംസ് (robot vacuums), അലാറം ക്ലോക്കുകള്‍, റഫ്രിജറേറ്ററുകള്‍, കാര്‍ ആക്‌സസറികള്‍ തുടങ്ങിയവ ഈ വര്‍ഷം വിപണിയിലിറക്കാന്‍ വലുതും. ചെറുതുമായ കമ്പനികള്‍ തയാറെടുക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് അസിസ്റ്റന്റ്‌സ് രംഗത്തെ പ്രമുഖരായ ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയവരാണ് ഈ ഉത്പന്നം വിപണിയിലിറക്കാന്‍ ശ്രമിക്കുന്നവരില്‍ ചിലര്‍. 2018-ല്‍ ഏറ്റവും പ്രതീക്ഷയുളവാക്കിയ ട്രെന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെയായിരുന്നു. ഈ വര്‍ഷവും എഐയെ അടിസ്ഥാനമാക്കിയായിരിക്കും ടെക് രംഗം മുന്നേറുകയെന്നു വിദഗ്ധര്‍ പറയുന്നു. കുതിച്ചു ചാട്ടം നടത്തുന്നതിനേക്കാളും, പുതിയതായി എന്തെങ്കിലുമൊക്കെ അവതരിപ്പിക്കുന്നതിനും അപ്പുറം, ആവര്‍ത്തനമാണ് ടെക്‌നോളജി രംഗത്ത് സംഭവിക്കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു പുറമേ ഈ വര്‍ഷം ചലനമുണ്ടാക്കാന്‍ പോകുന്ന മറ്റ് ടെക്‌നോളജി ട്രെന്‍ഡുകളിലൊന്ന് അഞ്ചാം തലമുറ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകള്‍ അഥവാ 5ജിയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ കഴിവുള്ളതാണ് 5ജി. ഹോം നെറ്റ്‌വര്‍ക്കുകളുടെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്ന ഉത്പന്നങ്ങളും കൂടുതലായി വിപണിയില്‍ അവതരിപ്പിക്കുന്ന കാഴ്ച കാണുവാനാകും. വീടിനുള്ളിലോ, സമീപത്തോ ആശയവിനിമയം സാധ്യമാക്കുന്ന ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിനെയാണു ഹോം നെറ്റ്‌വര്‍ക്ക് എന്നു പറയുന്നത്. ഈ നെറ്റ്‌വര്‍ക്കില്‍ പൊതുവേ ഉപയോഗിക്കുന്ന ഒരു ഉപകരണമാണു മൊബൈല്‍ കമ്പ്യൂട്ടര്‍.

വെര്‍ച്വല്‍ അസിസ്റ്റന്റുകളുടെ യുദ്ധം

2015-ല്‍ അലക്‌സ എന്ന വെര്‍ച്വല്‍ അസിസ്റ്റന്റിന്റെ ഫീച്ചറുള്ള അഥവാ സവിശേഷതയുള്ള എക്കോ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്പീക്കറിന് ആമസോണ്‍ രൂപം കൊടുത്തു. കൃത്യം ഒരു വര്‍ഷത്തിനു ശേഷം ഗൂഗിള്‍ ഹോം എന്ന സ്മാര്‍ട്ട് സ്പീക്കറുമായി രംഗത്തുവന്നു. അസിസ്റ്റന്റ് എന്ന ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്ട് സ്പീക്കറിന്റെ സഹായത്തോടെയാണു അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ ഹോം വിപണിയിലെത്തിയതിനു ശേഷം വിപണിയില്‍ മത്സരം മുറുകിയതോടെ ഓരോ മനുഷ്യന്റെയും ഡിജിറ്റല്‍ കൂട്ടാളിയായിത്തീരാനുള്ള ശ്രമത്തിന്റെ ഭാഗമായി ആമസോണും, ഗൂഗിളും ഡോര്‍ബെല്‍, ലൈറ്റ് ബള്‍ബ്, കാര്‍ ആക്‌സസറീസ്, തെര്‍മോസ്റ്റാറ്റ്(ഊഷ്മാവിനെ സ്വയം നിയന്ത്രിച്ചു നിര്‍ത്തുന്ന യന്ത്രം) തുടങ്ങിയ ഉപകരണങ്ങളുടെ നിര്‍മാതാക്കളുമായി സഹകരണം വര്‍ധിപ്പിച്ചിരിക്കുകയാണ്. ആമസോണിന്റെയും ഗൂഗിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റുകളുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടിയാണു സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം അസിസ്റ്റന്റിനെ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണു ഗൂഗിള്‍. അലക്‌സയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വൈവിധ്യമാര്‍ന്ന ടെക്‌നോളജികള്‍ പുറത്തിറക്കുമെന്നു ഗൂഗിളിന്റെ പ്രധാന എതിരാളിയായ ആമസോണും അറിയിച്ചിരിക്കുകയാണ്. അടുക്കളയില്‍, സ്വീകരണ മുറിയില്‍, ഓഫീസില്‍, വാഹനത്തില്‍ എന്നു വേണ്ട ജനങ്ങളുടെ അനുദിന ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ വര്‍ഷം വെര്‍ച്വല്‍ അസിസ്റ്റന്റിനെ എത്തിക്കാനുള്ള ശ്രമമാണ് ആമസോണ്‍ നടത്തുന്നത്.

സ്മാര്‍ട്ട് കാര്യങ്ങള്‍ക്കുള്ള സുരക്ഷ

ഇന്ന് എല്ലാവരും കമ്പ്യൂട്ടറുകളുടെ സുരക്ഷ ഉറപ്പാക്കാനായി ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. പക്ഷേ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് വാച്ച്, സ്മാര്‍ട്ട് ഫോണ്‍, ടിവി, സ്മാര്‍ട്ട് സ്പീക്കര്‍ പോലുള്ള ഉപകരണങ്ങളുടെ കാര്യത്തില്‍ സുരക്ഷയ്ക്കു കാര്യമായ മുന്‍കരുതലുകളൊന്നും തന്നെ എടുത്തിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. സ്മാര്‍ട്ട് കാര്യങ്ങള്‍ സംഭവിക്കുന്ന ഈ യുഗത്തില്‍ ഹാക്കര്‍മാരുടെ വലിയൊരു ലക്ഷ്യമായി തീര്‍ന്നിരിക്കുന്നത് വൈ-ഫൈ റൂട്ടറാണ്. അതിനാല്‍ നെറ്റ്‌വര്‍ക്ക് സുരക്ഷ മെച്ചപ്പെടുത്തി, സുരക്ഷ വാഗ്ദാനം ചെയ്യുന്ന പുതിയ ഉപകരണങ്ങളുടെയും, സോഫ്റ്റ്‌വെയറുകളുടെയും ഒരു കുത്തൊഴുക്ക് തന്നെ വിപണിയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം. വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും വൈറസ്, മാല്‍വെയര്‍ എന്നിവയ്‌ക്കെതിരായ സംരക്ഷണം പ്രദാനം ചെയ്യുന്ന സേവനവുമായി ഈറോ എന്ന വൈ-ഫൈ ഉപകരണ നിര്‍മാതാക്കള്‍ രംഗത്തുണ്ട്. അതു പോലെ നെറ്റ്ഗിയര്‍ എന്ന സ്ഥാപനം നെറ്റ്ഗിയര്‍ ആര്‍മര്‍ സുരക്ഷാ സേവനവുമായി കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയിരുന്നു.

5ജി

ഈ വര്‍ഷം വയര്‍ലെസ് വ്യവസായം അതിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ വലിയൊരു നവീകരണം നടത്തും. 5ജി സാങ്കേതികവിദ്യ വളരെ വേഗതയില്‍ ഡാറ്റ എത്തിക്കുമെന്നും അതിലൂടെ ആളുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുമെന്നു എടി &ടി, വെരിസോണ്‍ പോലുള്ള ഫോണ്‍ കമ്പനികള്‍ പറയുന്നു. സ്മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കുമെന്നു മാത്രമല്ല, റോബോട്ടുകള്‍, സെല്‍ഫ് ഡ്രൈവിങ് കാറുകള്‍, ഡ്രോണ്‍്, സെക്യൂരിറ്റി ക്യാമറകള്‍ തുടങ്ങിയ മറ്റ് ഉപകരണങ്ങള്‍ക്കും 5 ജി വളരെ പ്രധാനപ്പെട്ടതാണ്. 5ജി സാങ്കേതികവിദ്യ, ഉപകരണങ്ങള്‍ പരസ്പരം ആശയവിനിമയം നടത്താനെടുക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം കുറച്ചു കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു. 5ജി ടെക്‌നോളജി ഈ വര്‍ഷം ലോഞ്ച് ചെയ്യുമെങ്കിലും യുഎസ്, ബ്രിട്ടന്‍, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ചൈന, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ പോലുള്ള ചുരുക്കം ചില രാജ്യങ്ങളിലായിരിക്കും ഈ വര്‍ഷം അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. 5ജി ടെക്‌നോളജി സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളുമായി ഈ വര്‍ഷം സാംസങും, ചില ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും വിപണിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ 2020 വരെ 5ജി ഫോണ്‍ അവതരിപ്പിക്കില്ലെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.

വെര്‍ച്വല്‍ റിയല്‍റ്റിയും, സെല്‍ഫ് ഡ്രൈവിംഗ് കാറും

സമീപ വര്‍ഷങ്ങളില്‍ ഒട്ടേറെ ചര്‍ച്ച ചെയ്ത ടെക്‌നോളജികളാണ് വെര്‍ച്വല്‍ റിയല്‍റ്റിയും, സെല്‍ഫ് ഡ്രൈവിംഗ് കാറും. ഈ വര്‍ഷം ഇവ രണ്ടും വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. പക്ഷേ, ഈ രണ്ട് സാങ്കേതികവിദ്യകളും ഇപ്പോഴും ശൈശവ ദിശയിലാണെന്നതാണു യാഥാര്‍ഥ്യം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടെക് കമ്പനികളായ ഫേസ്ബുക്കിന്റെ ഒക്യുലസും, എച്ച്ടിസിയും, ഗൂഗിളും, സാംസങും വെര്‍ച്വല്‍ റിയല്‍റ്റി ടെക്‌നോളജിയില്‍ അടിസ്ഥാനമാക്കിയ ഹെഡ്‌സെറ്റുകള്‍, സോഫ്റ്റ്‌വെയര്‍, ഗെയിംസ് എന്നിവ കൊണ്ടു വിപണിയില്‍ പ്രളയം സൃഷ്ടിച്ചു. എന്നിട്ടും ആളുകള്‍ ഈ ഉത്പന്നങ്ങളെ സ്വീകരിച്ചില്ല. ഹാര്‍ഡ്‌വെയറിന്റെ ഉയര്‍ന്ന ചെലവ്, ഉപയോഗത്തിലെ സങ്കീര്‍ണത, ശ്രദ്ധ പിടിച്ചു പറ്റുന്ന കണ്ടന്റിന്റെ ക്ഷാമം, കണ്‍സ്യൂമറിന്റെ താത്പര്യക്കുറവ് എന്നിവയാണു പരാജയകാരണമായി വിലയിരുത്തുന്നത്. സെല്‍ഫ് ഡ്രൈവിംഗ് കാറും മുഖ്യധാരയിലേക്ക് എത്താന്‍ ഇനിയും ഒരുപാട് വര്‍ഷങ്ങളെടുക്കുമെന്നു തന്നെയാണു നിഗമനം. ചില കമ്പനികള്‍ക്കു കാലിഫോര്‍ണിയയിലും, അരിസോണയിലും, മറ്റു ചില നഗരങ്ങളിലും സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പരീക്ഷിക്കാനുള്ള അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും ആല്‍ഫബെറ്റിന്റെ വയ്‌മോ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പുറത്തിറക്കുന്ന തീയതികളെ കുറിച്ച് പ്രഖ്യാപിക്കാന്‍ ഇനിയും തയാറായിട്ടില്ല.

Comments

comments

Categories: Slider, Tech