2019ല്‍ യുഎഇ 3 ശതമാനം വളരും; പരിഷ്‌കരണങ്ങള്‍ ഫലം ചെയ്യുന്നു

2019ല്‍ യുഎഇ 3 ശതമാനം വളരും; പരിഷ്‌കരണങ്ങള്‍ ഫലം ചെയ്യുന്നു

ആഗോള തലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലും യുഎഇ മികച്ച വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

ദുബായ്: യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) വരും വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2019ലും തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളിലും യുഎഇ ശക്തമായ വളര്‍ച്ചയായിരിക്കും രേഖപ്പെടുത്തുക. ആഗോള സാമ്പത്തികരംഗത്തെ മോശം കാലാവസ്ഥയെ അതിജീവിച്ച് യുഎഇ കുതിപ്പ് പ്രകടമാക്കുമെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന നിക്ഷേപവും സര്‍ക്കാരിന്റെ പരിഷ്‌കരണ നയങ്ങളുമാണ് യുഎഇക്ക് മുതല്‍കൂട്ടാകുന്നത്.

2018ല്‍ യുഎഇ രണ്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 2019ല്‍ മൂന്ന് ശതമാനം വളരാന്‍ യുഎഇക്ക് സാധിക്കുമെന്നാണ് ലോകബങ്കിന്റെ പ്രതീക്ഷ. 2020ലും 2021ലും 3.2 ശതമാനത്തിന്റെ ഗംഭീരവളര്‍ച്ചയിലേക്ക് എത്താനും യുഎഇക്ക് സാധിക്കും.

2018ലേക്കും 2019ലേക്കുമുള്ള യുഎഇയുടെ വളര്‍ച്ചാനിരക്കില്‍ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ അന്താരാഷ്ട്ര നാണ്യനിധി വര്‍ധന വരുത്തിയിരുന്നു. എണ്ണ വിലയിലെ വര്‍ധനവും തുടരുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളും സ്വകാര്യമേഖല സജീവമാകുന്നതും സര്‍ക്കാര്‍ ചെലവിടല്‍ കൂടുന്നതും എല്ലാമായിരുന്നു അതിനുള്ള കാരണങ്ങള്‍.

എണ്ണ ഉല്‍പ്പാദനവും സര്‍ക്കാര്‍ ചെലവിടലും കൂടുന്നതനുസരിച്ച് മൊത്തത്തിലുള്ള വളര്‍ച്ചയും മെച്ചപ്പെടും. ഈ വര്‍ഷം 2.9 ശതമാനവും അടുത്ത വര്‍ഷം 3.7 ശതമാനവുമായിരിക്കും ജിഡിപി വളര്‍ച്ച-ഐഎംഎഫ് വ്യക്തമാക്കി.

ലോകബാങ്കിന്റെ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്റ്റ്‌സ് റിപ്പോര്‍ട്ട് പ്രകാരം ജിസിസി മേഖലയിലാകെ മികച്ച വളര്‍ച്ചാ പ്രതീക്ഷകളാണ് നിലവിലുള്ളത്. 2018ല്‍ ജിസിസി രാജ്യങ്ങളുടെ വളര്‍ച്ച 2.6 ശതമാനത്തിലേക്ക് ഉയരുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഉയര്‍ന്ന നിക്ഷേപവും നിയന്ത്രണ സംവിധാനങ്ങളും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. മറ്റ് അറബ് രാജ്യങ്ങളില്‍ 3.6 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയായി നിലനിര്‍ത്തുന്നതില്‍ കുവൈറ്റ് വിജയിച്ചിട്ടുണ്ട്.

ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള സാഹചര്യമാണ് യുഎഇയിലേതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതും വളര്‍ച്ചയില്‍ പ്രതിഫലിക്കും. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ 2019ല്‍ യുഎഇ പതിനൊന്നാം സ്ഥാനം നേടിയെന്നത് വളരെ ശ്രദ്ധേയമാണ്. പോയ വര്‍ഷം ബിസിനസ് സൗഹൃദപട്ടികയില്‍ യുഎഇ 21ാം സഥാനത്തായിരുന്നു.

അബുദാബിയില്‍ ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും ദുബായില്‍ ഷേഖ് മഹുമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും കൈക്കൊള്ളുന്ന സാമ്പത്തിക ഉത്തേജന നടപടികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നതും യുഎഇയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നു.

  • നിക്ഷേപ സൗഹൃദം യുഎഇ
  • ചെലവിടലില്‍ വര്‍ധനയും ഉയര്‍ന്ന നിക്ഷേപവും യുഎഇക്ക് കരുത്തുപകരും
  • 2020ല്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 3.2 ശതമാനം
  • ബിസിനസ് സൗഹൃദ രാജ്യങ്ങളില്‍ യുഎഇ 11ാം സ്ഥാനത്ത്

Comments

comments

Categories: Arabia
Tags: UAE, uae growth