സെവന്‍ സീറ്റ് ടാറ്റ ഹാരിയര്‍ ഈ വര്‍ഷം തന്നെ

സെവന്‍ സീറ്റ് ടാറ്റ ഹാരിയര്‍ ഈ വര്‍ഷം തന്നെ

5 സീറ്റ് സ്റ്റാന്‍ഡേഡ് ടാറ്റ ഹാരിയര്‍ എസ്‌യുവി ഈ മാസം 23 ന് പുറത്തിറക്കും

ന്യൂഡെല്‍ഹി : ഈ മാസം 23 നാണ് ടാറ്റ ഹാരിയര്‍ എസ്‌യുവി വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. 5 സീറ്റ് ഹാരിയറാണ് അന്ന് പുറത്തിറക്കുന്നത്. എന്നാല്‍ ഹാരിയര്‍ എസ്‌യുവിയുടെ 7 സീറ്റ് വേര്‍ഷന്‍ 2019 കലണ്ടര്‍ വര്‍ഷത്തില്‍തന്നെ വിപണിയിലെത്തിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

5 സീറ്റ് വേര്‍ഷന്‍ പോലെ ലാന്‍ഡ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോമിലാണ് 7 സീറ്റ് ടാറ്റ ഹാരിയര്‍ നിര്‍മ്മിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് അടിസ്ഥാനമാക്കിയിരിക്കുന്നതും ഇതേ പ്ലാറ്റ്‌ഫോം തന്നെ. മൂന്നാം നിരയില്‍ രണ്ട് സീറ്റുകള്‍ സ്ഥാപിക്കുന്നതിന് ഈ പ്ലാറ്റ്‌ഫോം ധാരാളമെന്ന നിലപാടിലാണ് ടാറ്റ മോട്ടോഴ്‌സ്. കൂടാതെ, 7 സീറ്റ് ടാറ്റ ഹാരിയറിന്റെ റിയര്‍ ഓവര്‍ഹാംഗിന് 5 സീറ്റ് ഹാരിയറിലേതിനേക്കാള്‍ 62 മില്ലി മീറ്റര്‍ നീളം കൂടുതല്‍ ഉണ്ടായിരിക്കും. ഇതോടെ 7 സീറ്റ് ഹാരിയറിന്റെ ആകെ നീളം 4,660 മില്ലി മീറ്ററായി വര്‍ധിക്കും. മൂന്നാം നിര സീറ്റുകള്‍ സ്ഥാപിക്കുന്നത് എളുപ്പമാകും.

എന്നാല്‍ നീളം വര്‍ധിക്കുമ്പോഴും, ടാറ്റ ഹാരിയറിന്റെ രണ്ട് വേര്‍ഷനുകളുടെയും വീല്‍ബേസ് ഒന്നുതന്നെയായിരിക്കും. 2,741 മില്ലി മീറ്റര്‍. അതേസമയം, സി പില്ലറിന്റെ സ്റ്റൈലിംഗ് അല്‍പ്പം വ്യത്യസ്തമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിയര്‍ ക്വാര്‍ട്ടര്‍ വിന്‍ഡോകള്‍ക്ക് പകരം വലിയ ഗ്ലാസ് ഏരിയ നല്‍കിയേക്കും.

ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ സെവന്‍ സീറ്റ് വേര്‍ഷന് വ്യത്യസ്തമായ പേര് നല്‍കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇരു വേര്‍ഷനുകളും തമ്മില്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനാണ് ഇത്തരമൊരു നീക്കം. മാത്രമല്ല, 5 സീറ്റ് ഹാരിയര്‍ ഉപയോഗിക്കുന്ന 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിന്റെ കൂടുതല്‍ കരുത്തുറ്റ, ബിഎസ് 6 പാലിക്കുന്ന വേര്‍ഷന്‍ 7 സീറ്റ് ഹാരിയറിന് ലഭിക്കും. 170 എച്ച്പിയില്‍ കൂടുതല്‍ കരുത്തും 350 ന്യൂട്ടണ്‍ മീറ്ററില്‍ക്കൂടുതല്‍ ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. ഇതേ എന്‍ജിന്‍ 5 സീറ്റ് വേര്‍ഷനിലും നല്‍കിയേക്കും.

6 സ്പീഡ് മാന്വല്‍, ഹ്യുണ്ടായില്‍നിന്ന് വാങ്ങിയ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയായിരിക്കും 7 സീറ്റ് ഹാരിയറിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 5 സീറ്റ് ഹാരിയറിന് 16 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെയാണ് ഓണ്‍-റോഡ് വില പ്രതീക്ഷിക്കുന്നത്. 7 സീറ്റ് വേര്‍ഷന് അതിനേക്കാള്‍ വില കൊടുക്കേണ്ടിവരും.

Comments

comments

Categories: Auto
Tags: Tata Harrier