ടെലികോം കമ്പനികളില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം വീണ്ടും ഇടിയും

ടെലികോം കമ്പനികളില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം വീണ്ടും ഇടിയും

സ്‌പെക്ട്രം ചാര്‍ജിനത്തില്‍ ടെലികോം കമ്പനികളില്‍ നിന്നും സര്‍ക്കാരിലേക്കെത്തുന്ന വരുമാനം കഴിഞ്ഞ വവര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 17% കുറഞ്ഞു

ന്യൂഡെല്‍ഹി: ടെലികോം മേഖലയില്‍ നിന്നും സര്‍ക്കാരിലേക്കെത്തുന്ന വരുമാനത്തില്‍ വീണ്ടും ഇടിവുണ്ടാകുമെന്ന് ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. വിപണിയില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ മേഖലയില്‍ നിന്നും സര്‍ക്കാരിലേക്കുള്ള വരുമാനം വീണ്ടും കുറയുമെന്നാണ് ട്രായ് പറയുന്നത്.

സ്‌പെക്ട്രം ഉപയോഗ ചാര്‍ജിനത്തില്‍ ടെലികോം മേഖലയില്‍ നിന്നും സര്‍ക്കാരിലേക്കെത്തുന്ന വരുമാനത്തിലാണ് കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഏകദേശം 17 ശതമാനം വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 1,256 കോടി രൂപയാണ് ടെലികോം കനികള്‍ സ്‌പെക്ട്രം ചാര്‍ജായി സര്‍ക്കാരിന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇത് 1,043 കോടി രൂപയായി ചുരുങ്ങിയതായി ട്രായ്‌യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ടെലികോം മേഖലയിലെ ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍) 2017 സെപ്റ്റംബര്‍ പാദത്തിലെ 41,669 കോടി രൂപയില്‍ നിന്നും 2018 സെപ്റ്റംബര്‍ പാദത്തില്‍ 36,142 കോടി രൂപയായി. 13.26 ശതമാനം വാര്‍ഷിക ഇടിവാണ് കമ്പനികളുടെ എജിആറില്‍ രേഖപ്പെടുത്തിയത്. ഇത് കാരണം എജിആറിനുമേല്‍ കമ്പനികള്‍ സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നികുതിയും കുറഞ്ഞിട്ടുണ്ട്. റിലയന്‍സ് ജിയോ, ടാറ്റ, എംടിഎന്‍എല്‍, ക്വാഡ്രന്റ് എന്നിവയുടെ ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ വര്‍ധനയുണ്ടായപ്പോള്‍ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ എജിആറില്‍ ഇടിവുണ്ടായി.

ലൈസന്‍സ് ഫീ ഇനത്തില്‍ നിന്നുള്ള വരുമാനം 11.08 ശതമാനം ഇടിഞ്ഞ് 2,889 കോടി രൂപയായി. മുന്‍ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 3,249 കോടി രൂപയാണ് ഈ വിഭാഗത്തില്‍ നിന്നും സര്‍ക്കാരിലേക്കെത്തിയത്. കമ്പനികള്‍ നേടുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ലൈസന്‍സ് ഫീയും സ്‌പെക്ട്രം ചാര്‍ജും പിരിക്കുന്നത്.

2017-2018 സാമ്പത്തിക വര്‍ഷം ടെലികോം മേഖലയില്‍ നിന്നും സര്‍ക്കാരിലേക്കെത്തിയ വരുമാനത്തില്‍ 22 ശതമാനം വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയത്. സേവനങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള കമ്പനികളുടെ വരുമാനം കുറഞ്ഞതാണ് ഇതിനുള്ള കാരണം. 2017-2018ലെ ടെലികോം കമ്പനികളുടെ എജിആര്‍ 1,30,844.9 കോടി രൂപയായിരുന്നു. തൊട്ടുമുന്‍സാമ്പത്തിക വര്‍ഷം 1,60,787.9 കോടി രൂപയുടെ എജിആര്‍ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇത് ലൈസന്‍സ് ഫീയായും സ്‌പെക്ട്രം ചാര്‍ജായും സര്‍ക്കാരിലേക്കെത്തുന്ന വരുമാനം കുറയാന്‍ കാരണമായി. 2017-2018ല്‍ ലൈസന്‍സ് ഫീയില്‍ നിന്നുള്ള വരുമാനത്തില്‍ 18.12 ശതമാനത്തില്‍ സെപെക്ട്രം ചാര്‍ജില്‍ നിന്നും വരുമാനത്തില്‍ 29 ശതമാനത്തിന്റെയും ഇടിവുണ്ടായി.

കമ്പനികളുടെ വയര്‍ലെസ് വരിക്കാരുടെ എണ്ണത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വയര്‍ലെസ് വരിക്കാരുടെ എണ്ണം 1.16 ശതമാനം ഇടിഞ്ഞ് 1169.29 മില്യണ്‍ ആയിട്ടുണ്ടെന്നും ട്രായ് വ്യക്തമാക്കി.

Comments

comments

Categories: FK News