പേമെന്റ്‌സ് ബാങ്കുകള്‍ക്ക് ചരമക്കുറിപ്പെഴുതാന്‍ സമയമായില്ല

പേമെന്റ്‌സ് ബാങ്കുകള്‍ക്ക് ചരമക്കുറിപ്പെഴുതാന്‍ സമയമായില്ല

2017 മാര്‍ച്ച് മാസത്തില്‍ ഭാരതി എയര്‍ടെലാണ് ഇന്ത്യയിലെ ആദ്യ പേമെന്റസ് ബാങ്ക് ആരംഭിച്ചത്. അധികം വൈകാതെ അഞ്ച് പേമെന്റ്‌സ് ബാങ്കുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ പുതിയ സാമ്പത്തിക സേവന മാധ്യമം ധനപരമായി നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സമഗ്രമായ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ലക്ഷ്യമിട്ട് രൂപീകരിച്ച പേമെന്റ്്‌സ് ബാങ്കുകളെ എഴുതിത്തള്ളുന്നത് വിഡ്ഢിത്തമാകും. കരുത്താര്‍ജ്ജിക്കാനും പടര്‍ന്ന് വളരാനുമുള്ള ആശയ ദൃഢതയും അനുകൂല പരിതസ്ഥിതിയും അവയ്ക്കുണ്ട്

പേമെന്റ്‌സ് ബാങ്കുകള്‍ക്ക് ഇപ്പോഴും രാജ്യത്ത് ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ‘ട്രെന്‍ഡ്‌സ് ആന്‍ഡ് പ്രോഗ്രസ് ഓഫ് ബാങ്കിംഗ് ഇന്‍ ഇന്ത്യ 2017-18’ എന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. അഞ്ച് പേമെന്റ്‌സ് ബാങ്കുകളുടെ അറ്റ നഷ്ടം 2016-17 കാലയളവിലെ 242 കോടിയില്‍ നിന്ന് ഇരട്ടിയിലധികമായി വര്‍ധിച്ച് 516 കോടിയിലേക്ക് എത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് രാജ്യത്തെ പേമെന്റസ്് ബാങ്കുകള്‍ നഷ്ടക്കണക്ക് കാണിക്കുന്നത്. മതിയായ സാമ്പത്തിക സഹായം രാജ്യത്തെ എല്ലാ പൗരന്‍മാരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആരംഭിച്ച ഈ സംരംഭത്തിന് തുടക്കത്തിലേ ഏറ്റ തിരിച്ചടി സര്‍ക്കാരിനെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

ഇതുവരെ അഞ്ച് ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എയര്‍ടെല്‍, ജിയോ, ആദിത്യ ബിര്‍ള, പേടിഎം, ഫിനോ, ഇന്ത്യ പോസ്റ്റ് എന്നിങ്ങനെ ആറ് പേമെന്റ്‌സ് ബാങ്കുകള്‍ ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം പ്രൊമോട്ടര്‍മാരുടെ മുഖ്യ ബിസിനസായ ടെലികോം കമ്പനികള്‍ക്ക് അനുബന്ധമായി ആരംഭിച്ചവയാണ്. പ്രധാന ബിസിനസില്‍ നിന്നു തന്നെ ആയാസരഹിതമായി ഇവര്‍ക്ക് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ലഭിച്ചിട്ടുണ്ട്. അതേസമയം, പേടിഎം, ഫിനോ, ഇന്ത്യ പോസ്റ്റ് തുടങ്ങിയ മൂന്ന് പേമെന്റ്‌സ് ബാങ്കുകള്‍ വിപണി വിഹിതം നേടിയെടുക്കാന്‍ പ്രത്യേക ഉല്‍പ്പന്നങ്ങളിലോ സേവനങ്ങളിലോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനുള്ള മാധ്യമമായാണ് പ്രധാനമായും പേമെന്റ്‌സ് ബാങ്കുകള്‍ വിലയിരുത്തപ്പെടുന്നത്. രാജ്യത്തുടനീളം ശാഖകളും എടിഎമ്മുകളും സ്ഥാപിക്കുന്നത് വിജയകരമാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ സാങ്കേതിക വിദ്യകള്‍ അവര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കര്‍ശന നിയമ നിബന്ധനകള്‍ക്ക് വിധേയമായാണ് പേമെന്റ്‌സ് ബാങ്കുകളുടെ പ്രവര്‍ത്തനം. ഒരു എക്കൗണ്ടില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനാണ് അനുവാദമുള്ളത്. ഈ തുകയുടെ 75 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുകയും വേണം. തുകയുടെ 25 ശതമാനത്തിലധികം സാധാരണ ബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകളായി നിക്ഷേപിക്കാന്‍ അനുമതിയുമില്ല.

ആസ്തികള്‍, ബാധ്യതകള്‍ എന്നീ രണ്ട് മേഖലകളിലും പേമെന്റ്‌സ് ബാങ്കുകള്‍ക്ക് നിയന്ത്രണമുണ്ട്. തങ്ങളുടെ നിക്ഷേപ നിരക്കുകളുടെയും വരുമാനത്തിന്റെയും അതുപോലെ തന്നെ സര്‍ക്കാരിന്റെ ഹ്രസ്വകാല സെക്യൂരിറ്റികളുടെയും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെയും ഇടയിലുള്ള ഇടുങ്ങിയ പ്രതലത്തിലാണ് അവ തങ്ങളുടെ ബിസിനസ് മാതൃകകള്‍ നിര്‍മിക്കേണ്ടത്. ഇ-വാലറ്റുകളില്‍ നിക്ഷേപിക്കപ്പെട്ട നിഷ്‌ക്രിയ തുക (ഐഡല്‍ ക്യാഷ്) വഴിയും ഇവര്‍ക്ക് പണമുണ്ടാക്കാം. പേടിഎം ആണ് ഈ സംവിധാനം ആദ്യം പ്രയോജനപ്പെടുത്തിത്.

ആര്‍ബിഐയുടെ റിപ്പോര്‍ട്ട് വളച്ചുകെട്ടലുകള്‍ ഇല്ലാതെ വായിക്കുമ്പോള്‍, ഈ ഹ്രസ്വമായ കാലയളവിലുള്ള പേമെന്റ്‌സ് ബാങ്കുകളുടെ പ്രവര്‍ത്തനത്തോട് അത് നീതി പുലര്‍ത്തുന്നതായി തോന്നുന്നില്ല. ഏതൊരു പുതിയ ബിസിനസിനും അടിസ്ഥാന സൗകര്യങ്ങളിലെ പ്രാഥമിക നിക്ഷേപം, വിപണനം, കെവൈസി (നോ യുവര്‍ കസ്റ്റമര്‍) അനുസരിക്കല്‍, ഉപഭോക്താക്കളെ കൂടെ നിര്‍ത്തുന്നതിനുള്ള ചെലവ് കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ കാരണം. ലാഭവും നഷ്ടവും തിരിക്കാനുള്ള സമയം ആയിട്ടില്ലെന്ന് സാരം.

പണത്തെ അടിസ്ഥാനമാക്കി വിലയിരുത്തിയാല്‍ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും പേമെന്റ്‌സ് ബാങ്കുകളുടെ പ്രവര്‍ത്തന അനുപാതം തൊട്ടു മുന്‍പത്തെ വര്‍ഷത്തിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് സൂക്ഷ്മമായി അപഗ്രഥിക്കുമ്പോള്‍ മനസിലാകും. ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം പേമെന്റ്‌സ് ബാങ്കുകളുടെ ബിസിനസ് മാതൃകയും ആത്മവിശ്വാസം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.

2016-17നും 2017-18നും ഇടയിലുള്ള കാലയളവില്‍ പേമെന്റ് ബാങ്കുകളുടെ ആസ്തികളിലുള്ള ലാഭം -25.2 ല്‍ നിന്നും -10.6 ആയി മെച്ചപ്പെട്ടു. അതേസമയം, അറ്റ പലിശാ മാര്‍ജിനുകള്‍ 2.8 ശതമാനത്തില്‍ നിന്നും 4.5 ശതമാനമായും ഉയര്‍ന്നു. പേമെന്റ്‌സ് ബാങ്കുകളിലേക്ക് വലിയ തോതില്‍ തന്നെ പണം ഒഴുകിയെത്തുന്നുണ്ടെന്നും സര്‍ക്കാര്‍ ബോണ്ടുകളിലേക്ക് ഇത് വിന്യസിക്കപ്പെടുന്നുണ്ടെന്നുമാണ് ഉയര്‍ന്ന അറ്റ പലിശാ മാര്‍ജിനുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പേമെന്റ്‌സ് ബാങ്കുകള്‍ക്ക് വിജയസാധ്യതയില്ലെന്നു പറഞ്ഞ് ഇപ്പോള്‍ത്തന്നെ എഴുതിത്തള്ളുന്നത് വളരെ നേരത്തെയായിപ്പോകുമെന്നതാണ് യാഥാര്‍ഥ്യം. നിലവില്‍ അവയുടെ ഉപഭോക്താക്കളുടെ ബാഹുല്യം വര്‍ധിച്ചു വരുന്നതേയുള്ളു. ഉപഭോക്താക്കളുടെ എണ്ണം വളരെ കുറവായ നിലവിലെ ഘട്ടത്തില്‍ പോലും നേടിയ വലിയ നേട്ടങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും.

മികച്ച പ്രകടനം കാഴ്ച വെക്കുന്നതില്‍ നിന്ന് പേമെന്റ്‌സ് ബാങ്കുകളെ തടയുന്ന, കമ്പനി തലത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ട്. ഉദാഹരണത്തിന്, നിയമപരമായ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പുതിയ ബാങ്കിംഗ് ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ നിന്ന് എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക്, പേടിഎം, ഫിനോ എന്നിവയെ ആര്‍ബിഐ വിലക്കിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ തീര്‍ച്ചയായും തുടക്കത്തില്‍ അവയുടെ വളര്‍ച്ച ചുരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ അറിവോടു കൂടിയല്ലാതെ എക്കൗണ്ടുകള്‍ തുറന്നതിനാണ് എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് നടപടി നേരിട്ടത്. ഉപഭോക്താക്കളുടെ ഡാറ്റയ്ക്ക് മതിയായ സുരക്ഷ നല്‍കാതിരിക്കുകയെന്ന കുറ്റം പേടിഎമ്മിനും എക്കൗണ്ടുകളുടെ ഉയര്‍ന്ന പരിധി പാലിച്ചില്ലെന്ന ആരോപണം ഫിനോയ്ക്കു മേലും ചുമത്തപ്പെട്ടു. ഇതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നിലവില്‍ പിന്‍വലിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് മൂന്ന് കമ്പനികളും വീണ്ടും വളരുകയാണ്.

ആദിത്യ ബിര്‍ള പേമെന്റ്‌സ് ബാങ്കിന്റെയും ജിയോയുടെയും പ്രവര്‍ത്തനങ്ങള്‍ അവയുടെ ടെലികോം ഉപഭോക്തൃ അടിത്തറയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിലും ചില വര്‍ധനവുകള്‍ കാണാന്‍ സാധിച്ചു. കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസുകള്‍ വഴി നടപ്പിലാക്കുന്ന ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കിന് 1,50,000 ല്‍ അധഇകം പോസ്റ്റ് ഓഫീസുകളുടെ വിശാലമായ സംവിധാനത്തിന്റെ പിന്തുണയുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലാണെന്നതും നേട്ടമാണ്. ഗ്രാമീണ മേഖലയിലുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ പ്രാപ്യമാക്കാന്‍ ഇന്ത്യ പോസ്റ്റിന്റെ പേമെന്റ്‌സ് ബാങ്ക് സേവനങ്ങള്‍ ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

നിക്ഷേപങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍, ഉപഭോക്താക്കള്‍ക്ക് ചെറിയ തുകകള്‍ പോലും വായ്പ നല്‍കുന്നതിലുള്ള നിരോധനം എന്നിവ പേമെന്റ്‌സ് ബാങ്കുകളുടെ ബിസിനസ് മാതൃകകളെ അനാവശ്യമായി പരിമിതപ്പെടുത്തും. നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഉപഭോക്താക്കളുടെ എക്കൗണ്ട് ബാലന്‍സ് താല്‍ക്കാലികമായി ഒരു ലക്ഷം രൂപ എന്ന പരിധി മറികടക്കുകയാണെങ്കില്‍, അതു കുറച്ചുകൊണ്ടു വരാനും പലിശ ഒന്നും നല്‍കാതെ പണം കൈവശം സൂക്ഷിക്കാനും പേമെന്റ്‌സ് ബാങ്കുകള്‍ക്ക് സമയമനുവദിക്കണം. മികച്ച ഉപഭോക്താക്കള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യങ്ങളും നല്‍കാം. ഇതുവഴി ഉയര്‍ന്ന മാര്‍ജിനോടെയുള്ള ചില വായ്പ നല്‍കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും. പേമെന്റ്‌സ് ബാങ്കുകള്‍ക്ക് ചരമക്കുറിപ്പ് എഴുതുന്നത് നിലവിലെ സാഹചര്യത്തില്‍ വളരെ നേരത്തെയായിപ്പോകും. സ്വയം കരുത്താര്‍ജിക്കാനും തങ്ങളുടെ ബിസിനസ് മാതൃകകള്‍ ലാഭകരമാക്കാനുള്ള അവസരം ഇപ്പോഴും അവയ്ക്കുണ്ട്.

ആര്‍ബിഐ ലൈസന്‍സ് നല്‍കിയ 11 പേമെന്റ്‌സ് ബാങ്കുകള്‍

ആദിത്യ ബിര്‍ള നുവോ,

എയര്‍ടെല്‍ എം കൊമേഴ്‌സ്,

ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍,

ഇന്ത്യ പോസ്റ്റ്,

ഫിനോ പേടെക്,

നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി,

റിലയന്‍സ് ഇന്‍ഡസ്ട്രീസ്,

ദിലീപ് ശാന്തിലാല്‍ സാംഘ്‌വി,

വിജയ് ശേഖര്‍ ശര്‍മ,

ടെക് മഹീന്ദ്ര ലിമിറ്റഡ്,

വോഡഫോണ്‍ എം-പേസ

പ്രവര്‍ത്തനമാരംഭിച്ച പേമെന്റ്‌സ് ബാങ്കുകള്‍

ആദിത്യ ബിര്‍ള പേമെന്റസ് ബാങ്ക്,

എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക്,

ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക്,

ഫിനോ പേമെന്റ്‌സ് ബാങ്ക്,

ജിയോ പേമെന്റ്‌സ് ബാങ്ക്,

പേടിഎം പേമന്റ്‌സ് ബാങ്ക്

Comments

comments

Categories: FK Special, Slider