വയസാകുന്ന ദക്ഷിണേന്ത്യ; യൗവനം നിലനിര്‍ത്തി ഉത്തരേന്ത്യ

വയസാകുന്ന ദക്ഷിണേന്ത്യ; യൗവനം നിലനിര്‍ത്തി ഉത്തരേന്ത്യ

വരുമാന അസമാനതകളും ഭൗതികവും സാമൂഹികവുമായ അടിസ്ഥാനസൗകര്യങ്ങള്‍ക്കായുള്ള സമ്മര്‍ദ്ദവും വര്‍ധിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ജനസംഖ്യാ വിതരണത്തില്‍ അപാകതകളുണ്ടാകുമെന്ന സൂചന നല്‍കി ഉത്തരേന്ത്യയില്‍ യുവജനങ്ങളുടെയും ദക്ഷിണേന്ത്യയില്‍ പ്രായമായവരുടെയും എണ്ണം വര്‍ധിച്ചു വരികയാണെന്ന് എസ്ബിഐ ഇക്കോറാപ്പ് റിപ്പോര്‍ട്ട്. ചൈനയുമായും അമേരിക്കയുമായും താരതമ്യം ചെയ്യുമ്പോള്‍ യുവ രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ നിലനില്‍പ്പിനെ ജനസംഖ്യയിലുള്ള ഈ വിടവ് ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വരുന്ന പതിറ്റാണ്ടുകളില്‍ ഭൗതികവും സാമൂഹികവുമായ അടിസ്ഥാനസൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തീവ്രമായ സമ്മര്‍ദം അനുഭവിക്കുന്നതിലേക്ക് ദക്ഷിണേന്ത്യ നീങ്ങുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വരുമാനത്തിലുള്ള അസമാനതകളും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉത്തരേന്ത്യയേക്കാള്‍ കൂടുതല്‍ സമ്പന്നമാണ്. കര്‍ണാടകയുടെ ആളോഹരി പ്രതിശീര്‍ഷ വരുമാനവും ദേശീയ ശരാശരിയും തമ്മില്‍ 57,000 രൂപയുടെ അന്തരമാണ് നിലവിലുള്ളത്. സമ്പാദ്യത്തിലെ ഇടിവ്, തൊഴില്‍ ശക്തിയിലെ കുറവ് എന്നിവക്കൊപ്പം നിക്ഷേപ നിരക്ക് കുറയുന്നതിനും ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, 2024 ഓടെ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. 2050 ആകുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യ 173 കോടിയിലെത്തുമെന്ന് ലോക ബാങ്ക് കണക്കു കൂട്ടുന്നു. ഇതില്‍ 27 കോടി ആളുകളും 65 വയസിനു മുകളില്‍ പ്രായം വരുന്ന മുതിര്‍ന്ന പൗരന്‍മാരായിരിക്കും. നിലവില്‍ 132 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ആന്ധ്ര പ്രദേശ്, കേരളം, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അഞ്ചില്‍ ഒരാള്‍ 65 വയസിന് മുകളിലുള്ളവരായിരിക്കും. മഹാരാഷ്ട്ര, പശ്ചമബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും ഭാവിയില്‍ സമാനമായ പ്രശ്‌നം അഭിമുഖീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Comments

comments

Categories: FK News, Slider