വര്‍ധിത റേഞ്ചുമായി നിസാന്‍ ലീഫ് ഇ പ്ലസ്

വര്‍ധിത റേഞ്ചുമായി നിസാന്‍ ലീഫ് ഇ പ്ലസ്

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ‘ലീഫ് ഇ പ്ലസ്’ അരങ്ങേറി

ലാസ് വേഗസ് : ലീഫ് ഇലക്ട്രിക് കാറിന്റെ പുതിയ വേര്‍ഷന്‍ നിസാന്‍ മോട്ടോര്‍ കമ്പനി അനാവരണം ചെയ്തു. ലാസ് വേഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ‘ലീഫ് ഇ പ്ലസ്’ അരങ്ങേറിയത്. ഇതോടെ നിസാന്റെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് കാറും ടെസ്‌ല മോഡല്‍ 3, ഷെവര്‍ലെ ബോള്‍ട്ട് എന്നീ മോഡലുകളുമായി നിലനിന്നിരുന്ന റേഞ്ച് അന്തരം കുറഞ്ഞു. 226 മൈലാണ് (363 കിലോമീറ്റര്‍) നിസാന്‍ ലീഫ് ഇ പ്ലസ് ഇലക്ട്രിക് കാറിന്റെ റേഞ്ച്. നാല്‍പ്പത് ശതമാനത്തോളം വര്‍ധിച്ചു. കൂടുതല്‍ ഊര്‍ജ്ജ സാന്ദ്രതയേറിയ ബാറ്ററി നല്‍കിയതോടെയാണ് റേഞ്ച് ഈവിധം വര്‍ധിച്ചത്.

യുഎസ്സില്‍ 44,000 ഡോളറില്‍ വില ആരംഭിക്കുന്ന ടെസ്‌ലയുടെ മോഡല്‍ 3 കാറിന് 220 മുതല്‍ 310 മൈല്‍ വരെയാണ് റേഞ്ച് എങ്കില്‍ 36,620 ഡോളര്‍ വിലയുള്ള ജനറല്‍ മോട്ടോഴ്‌സിന്റെ ഷെവര്‍ലെ ബോള്‍ട്ടിന്റെ ബാറ്ററി ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 238 മൈല്‍ ദൂരം സഞ്ചരിക്കാം. അതേസമയം അമേരിക്കയില്‍ ഏകദേശം 30,000 ഡോളറിലാണ് നിസാന്‍ ലീഫിന്റെ വില ആരംഭിക്കുന്നത്.

2010 ല്‍ ആദ്യമായി പുറത്തിറക്കിയശേഷം ആഗോളതലത്തില്‍ ഇതുവരെ 3.80 ലക്ഷത്തിലധികം ലീഫ് ഇലക്ട്രിക് കാറുകളാണ് നിസാന്‍ വിറ്റത്. യുഎസ്സില്‍ മാത്രം 1.28 ലക്ഷത്തിലധികം ലീഫ് വില്‍ക്കാന്‍ സാധിച്ചു. പുതിയ ലീഫ് ജപ്പാനില്‍ ഈ മാസം ലഭിച്ചുതുടങ്ങും. തുടര്‍ന്ന് യുഎസ്സിലും യൂറോപ്പിലും വില്‍പ്പനയ്‌ക്കെത്തും. വില്‍പ്പന അടുക്കുന്നതുവരെ ഇ പ്ലസ് വേര്‍ഷന്റെ വില പ്രഖ്യാപിക്കേണ്ട എന്നാണ് ജാപ്പനീസ് കമ്പനിയുടെ തീരുമാനം.

Comments

comments

Categories: Auto