കെ-ഇലക്ട്രിക്കിലെ ഓഹരി ചൈനീസ് ഗ്രൂപ്പിന് വില്‍ക്കാന്‍ അബ്രാജ്

കെ-ഇലക്ട്രിക്കിലെ ഓഹരി ചൈനീസ് ഗ്രൂപ്പിന് വില്‍ക്കാന്‍ അബ്രാജ്

പ്രതിസന്ധിക്കയത്തിലേക്ക് കൂപ്പുകുത്തിയ അബ്രാജ് പാക്കിസ്ഥാന്‍ ഊര്‍ജ്ജ കമ്പനിയില്‍ തങ്ങള്‍ക്കുള്ള 66 ശതമാനം ഓഹരിയാണ് വില്‍ക്കുന്നത്‌

ദുബായ്: പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായുള്ള ഇലക്ട്രിസിറ്റി കമ്പനിയായ കെ-ഇലക്ട്രികിന്റെ 66 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരുമായി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അബ്രാജ് കരാറിലെത്തി. ചൈനീസ് ഗ്രൂപ്പിനാണ് ഓഹരികള്‍ വില്‍ക്കുന്നത്. കുറഞ്ഞ വിലയ്ക്കാണ് കരാര്‍ പുനക്രമീകരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

രണ്ട് വര്‍ഷം മുന്‍പ് ഷാംഗ്ഹായ് ഇലട്ര്കിക് പവറിന് കെ-ഇക്ട്രിക് ഓഹരികള്‍ വില്‍ക്കുന്നതിന് ധാരണയായിരുന്ന തുക 1.8 ബില്ല്യണ്‍ ഡോളറായിരുന്നു. അതുപ്രകാരമായിരുന്നുവില്‍പ്പനയെങ്കില്‍ അബ്രാജിന് കരാറിലൂടെ 450 മില്ല്യണ്‍ ഡോളറിന്റെ അധിക നേട്ടമുണ്ടാകുമായിരുന്നു.

എങ്കിലും, നിര്‍ദ്ദിഷ്ട ഓഹരി വില്‍പ്പനയിലൂടെ മികച്ച തോതില്‍ ധനസമാഹരണം നടത്താനാകുമെന്നാണ് അബ്രാജിന്റെ പ്രതീക്ഷ. വായ്പാ ദാതാക്കള്‍ക്ക് അബ്രാജ് കൊടുത്തുതീര്‍ക്കാനുള്ള തുകയിലേക്കാകും ഇത് ഉപയോഗപ്പെടുത്തുക. പശ്ചിമേഷ്യയിലെ പ്രശസ്ത സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായിരുന്നു അബ്രാജ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അതിനാടകീയമായിട്ടായിരുന്നു സ്ഥാപനത്തിന്റെ തകര്‍ച്ച. ഏകദേശം ഒരു ബില്ല്യണ്‍ ഡോളറിന്റെ വായ്പയാണ് അബ്രാജ് ബാങ്കുകളില്‍ തിരിച്ചടയ്ക്കാനുള്ളത്. നിക്ഷേപകരുടെ സമ്മതമില്ലാതെ അബ്രാജിന്റെ അധീനതയിലുള്ള ഫണ്ടില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കുന്നതിന് തുക വക മാറ്റിയതായി ആരോപണമുയര്‍ന്നതോടെ സ്ഥാപനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫണ്ട് വകമാറ്റല്‍ സംബന്ധിച്ച ആരോപണം അബ്രാജിനെതിരെ ശക്തമായത്. ഹെല്‍ത്ത് കെയര്‍ ഫണ്ടിലെ നിക്ഷേപകരുടെ പണം വക മാറ്റി ചെലവഴിച്ചു എന്നതായിരുന്നു പ്രധാനപ്പെട്ട ആരോപണം. ഇത് നിഷേധിച്ച് ഉടന്‍ തന്നെ രംഗത്തെത്തി ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അബ്രാജ് ഗ്രൂപ്പ്.

അബ്രാജ് ഗ്രോത്ത് മാര്‍ക്കറ്റ്‌സ് ഹെല്‍ത്ത് ഫണ്ടില്‍ ദി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ലോകബാങ്കിന്റെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ യൂണിറ്റ്, സിഡിസി ഗ്രൂപ്പ് പിഎല്‍സി, പ്രൊപ്പാര്‍കോ ഗ്രൂപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് ഒരു ബില്ല്യണ്‍ വരുന്ന അബ്രാജ് ഗ്രോത്ത് മാര്‍ക്കറ്റ്‌സ് ഹെല്‍ത്ത് ഫണ്ടിലേക്ക് നല്‍കിയ 200 മില്ല്യണ്‍ ഡോളര്‍ എന്തുകൊണ്ടാണ് ചെലവാക്കപ്പെടാത്തതെന്നോ തിരിച്ചു നല്‍കാത്തതെന്നോ അന്വേഷിക്കുന്നതിനായി ഏജന്‍സിയെ നിയമിച്ചുവെന്ന് വാര്‍ത്ത വന്നതോടെ അബ്രാജ് കൂടുതല്‍ പ്രതിസന്ധിയിലായി. തുടര്‍ന്നാണ് കമ്പനിയുടെ തകര്‍ച്ച ആരംഭിച്ചത്.

വികസ്വര രാജ്യങ്ങളില്‍ ഏറെ സജീവമായ ഇടപെടല്‍ നടത്തിയിരുന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭമാണ് അബ്രാജ്. ഇന്ത്യ, പാക്കിസ്ഥാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ആശുപത്രികള്‍ വാങ്ങുന്നതിന് നല്‍കിയ പണം പ്രവര്‍ത്തന ചെലവുകള്‍ക്കായി വിനിയോഗിച്ചെന്ന ആരോപണവും സ്ഥാപനത്തിനെതിരെ ഉയര്‍ന്നു.

2002ലാണ് ആരിഫ് നഖ്വി എന്ന സംരംഭകന്‍ അബ്രാജിന് രൂപം നല്‍കിയത്. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളിലെ ബിസിനസിനാണ് ഇവര്‍ കൂടുതലായും ഊന്നല്‍ നല്‍കിയത്.

  • 2002ലാണ് ആരിഫ് നഖ്വി എന്ന സംരംഭകന്‍ അബ്രാജിന് രൂപം നല്‍കിയത്
  • കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫണ്ട് വകമാറ്റല്‍ സംബന്ധിച്ച ആരോപണം അബ്രാജിനെതിരെ ശക്തമായത്
  • ഏകദേശം ഒരു ബില്ല്യണ്‍ ഡോളറിന്റെ വായ്പയാണ് അബ്രാജ് ബാങ്കുകളില്‍ തിരിച്ചടയ്ക്കാനുള്ളത

Comments

comments

Categories: Arabia