ഐ ഫോണിന്റെ ഉത്പാദനം ആപ്പിള്‍ 10 ശതമാനം വെട്ടിച്ചുരുക്കി

ഐ ഫോണിന്റെ ഉത്പാദനം ആപ്പിള്‍ 10 ശതമാനം വെട്ടിച്ചുരുക്കി

തായ്‌പേയ്: ജനുവരി മുതല്‍ മാര്‍ച്ച് വരെ അടുത്ത മൂന്ന് മാസത്തേയ്ക്ക് ആപ്പിള്‍ ഐ ഫോണ്‍ പുതിയ മൂന്ന് മോഡലിന്റെ ഉത്പാദനം പത്ത് ശതമാനം വെട്ടിച്ചുരുക്കുന്നു. ഇതോടെ ഈ വര്‍ഷം ഐ ഫോണിനു വില്‍പനയില്‍ കൂടുതല്‍ തിരിച്ചടി നേരിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആപ്പിള്‍ ഐ ഫോണ്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നത്. 2018 അവസാനത്തോടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കില്ലെന്ന് ആപ്പിള്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതിനു ശേഷമാണു ഉത്പാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം ആപ്പിള്‍ ലോകത്തെ അറിയിച്ചത്. 2018 ഡിസംബര്‍ 29ന് അവസാനിച്ച പാദത്തില്‍ ആപ്പിള്‍ പ്രതീക്ഷിക്കുന്ന വരുമാനം 84 ബില്യന്‍ ഡോളറായിരിക്കുമെന്ന് ഈ മാസം രണ്ടിന് നിക്ഷേപകര്‍ക്ക് അയച്ച കത്തില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് അറിയിച്ചു. ഇത് കമ്പനി പ്രതീക്ഷിച്ച 89-93 ബില്യന്‍ ഡോളറിനേക്കാള്‍ കുറവായിരിക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

ജനുവരി-മാര്‍ച്ച് പാദത്തില്‍ ഐ ഫോണ്‍ എക്‌സ് എസ്, എക്‌സ് എസ് മാക്‌സ്, എക്‌സ് ആര്‍ തുടങ്ങിയ ഐ ഫോണ്‍ മോഡലുകളുടെ ഉത്പാദനത്തിലായിരിക്കും കുറവു വരുത്തുകയെന്ന് അറിയുന്നു. ചൈനയില്‍ ഐ ഫോണ്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരി-മാര്‍ച്ച് പാദത്തില്‍ 40-43 മില്യന്‍ യൂണിറ്റായി ഐ ഫോണ്‍ ഉത്പാദനം ചുരുക്കാനാണു തീരുമാനിച്ചത്. 47-48 മില്യന്‍ യൂണിറ്റായിരുന്നു നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 2018 ജനുവരി-മാര്‍ച്ച് പാദത്തില്‍ 52.21 മില്യന്‍ യൂണിറ്റായിരുന്നു ഐ ഫോണ്‍ ആപ്പിള്‍ നിര്‍മിച്ചു വില്‍പന നടത്തിയത്.

Comments

comments

Categories: Tech
Tags: Iphone