ഇന്ത്യയുടെ പുതിയ മേച്ചില്‍പുറം റഷ്യയോ

ഇന്ത്യയുടെ പുതിയ മേച്ചില്‍പുറം റഷ്യയോ

1.64 കോടി ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്നുവെന്നാണ് പുതിയ കണക്ക്. ജനസംഖ്യയുടെ ഒന്നരശതമാനം മാത്രമാണ് ഇതെങ്കിലും ഇവരുടെ പ്രതിവര്‍ഷ വരുമാനം നമ്മുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍(ജിഡിപി) വലിയ പങ്ക് വഹിക്കുന്നുണ്ട്. വിദേശത്തേക്ക് ജോലി അന്വേഷിച്ച് പോകുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് അതിനാല്‍ തന്നെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

എണ്ണവിലയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് വിദേശത്ത് നിന്നും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തില്‍ കാര്യമായ കുറവുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴും 2017ലെ ലോകബാങ്ക് കണക്കനുസരിച്ച് വിദേശത്ത് ജോലി ചെയ്യുന്നവര്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഇത്തവണയും ഒന്നാംസ്ഥാനത്ത് നില്‍ക്കുകയാണ് ഇന്ത്യ. ആഗോളതലത്തില്‍ പ്രവാസിപ്പണം 613 ബില്യണ്‍ ഡോളറായി രാജ്യാന്തര വിനിമയം ചെയ്യപ്പെട്ടപ്പോള്‍ ഇതില്‍ പതിനൊന്ന് ശതമാനവും ഇന്ത്യയിലേക്കാണ് എത്തിയിരിക്കുന്നത്. 69 ബില്യണ്‍ യുഎസ് ഡോളറാണ് കഴിഞ്ഞ വര്‍ഷം വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്. 67 ബില്യണ്‍ ഡോളറുമായി ചൈനയാണ് പ്രവാസി പണത്തില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത്. ഫിലിപ്പൈന്‍സ്(33 ബില്യണ്‍ ഡോളര്‍), മെക്‌സികോ(31 ബില്യണ്‍ ഡോളര്‍) നൈജീരിയ(22 ബില്യണ്‍ ഡോളര്‍) എന്നിവര്‍ പ്രവാസികളയക്കുന്ന പണത്തില്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തിയിരിക്കുന്നു.

1.64 കോടി ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്നുവെന്നാണ് പുതിയ കണക്ക്. ജനസംഖ്യയുടെ ഒന്നരശതമാനം മാത്രമാണ് ഇതെങ്കിലും ഇവരുടെ പ്രതിവര്‍ഷ വരുമാനം നമ്മുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍(ജിഡിപി) വലിയ പങ്ക് വഹിക്കുന്നുണ്ട്. വിദേശത്തേക്ക് ജോലി അന്വേഷിച്ച് പോകുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് അതിനാല്‍ തന്നെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

പ്രവാസികള്‍ സമ്പദ്ഘടനയുടെ നട്ടെല്ല് ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ സമ്പദ് ഘടനയെ പരിപോഷിപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് ചെറുതല്ല. ഇന്ത്യക്കാര്‍ ജോലി തേടി വിദേശത്തേക്ക് പോകാന്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളേറെയായി. 1960കളിലാണ് ജോലിയന്വേഷിച്ച് വിദേശത്തേക്ക് പോകുന്ന പ്രവണത വ്യാപകമായത്. ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ഇന്ത്യക്കാരുടെ വിദേശമോഹങ്ങള്‍ക്ക് തണലേകിയത്. എണ്ണ വ്യാപാരത്തിന്റെ സാധ്യതകളുമായി ഗള്‍ഫ് മേഖല തൊഴിലവസരങ്ങളുടെ വാതായാനങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്നിട്ടതോടെ ഇന്ത്യക്കാരുടെ സ്വപ്‌നഭൂമിയായി ഗള്‍ഫ്. 1991 മുതലാണ് ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ കാര്യമായ ഒഴുക്ക് തുടങ്ങിയത്.

ഏതാണ്ട് 4.48 ലക്ഷം കോടി രൂപയാണ് പ്രവാസികളില്‍ നിന്നും രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തില്‍ കഴിഞ്ഞ വര്‍ഷം എത്തിയത്. ഇന്ത്യയുടെ റവന്യൂവരുമാനത്തിന്റെ 25 ശതമാനത്തോളം വരും ഈ തുക. പ്രവാസികള്‍ രാജ്യത്തേക്ക് അയക്കുന്ന തുക ഓരോ വര്‍ഷവും കൂടി വരുന്നതിനാല്‍ നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ല് വിദേശ ഇന്ത്യക്കാരാണെന്നതില്‍ സംശയമില്ല. ഗള്‍ഫ് നാടുകളില്‍ എണ്ണവിലയില്‍ ഇടിവുണ്ടായ സാഹചര്യത്തിലും സാമ്പത്തികമാന്ദ്യത്തില്‍ നിന്നും അവര്‍ പൂര്‍ണമായും മുക്തമാകാത്ത സാഹചര്യത്തിലും ആഗോളതലത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം വരുംനാളുകളില്‍ കൂടുക തന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2018ല്‍ പ്രവാസികളയക്കുന്ന പണം 4.6 ശതമാനം വര്‍ധിച്ച് 642 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് കണക്കുകള്‍. ഇത് ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്നത് ഇന്ത്യയ്ക്ക് തന്നെയാണ്.

ഗള്‍ഫിലെ പ്രതിസന്ധി – ഇന്ത്യയ്ക്ക് ആശങ്ക

എന്നാല്‍ ആശങ്കകള്‍ പൂര്‍ണമായും തള്ളിക്കളയാനാകില്ല. എണ്ണവില കുറയുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ തൊഴില്‍രംഗം മന്ദതയിലാകുമെന്ന സത്യം ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഗള്‍ഫ് മേഖലയിലാണ് എന്ന വസ്തുതയാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം. യുഎഇ, യുഎസ്, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, യുകെ, ഒമാന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുമാണ് പ്രവാസികളില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്ന പണത്തിന്റെ 83 ശതമാനവും വരുന്നത്.

കേരളത്തിലെ പ്രവാസികളില്‍ 89 ശതമാനവും ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. 22.46 ലക്ഷം മലയാളികള്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നുവെന്നാണ് പുതിയ കണക്കുകള്‍. അതില്‍ തന്നെ 9 ലക്ഷം പേര്‍ യുഎഇയിലും 5.37 ലക്ഷം പേര്‍ സൗദിയിലും ജോലി ചെയ്യുന്നു.

2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഗള്‍ഫ് ഇനിയും മുക്തരായിട്ടില്ല. ഇതിനിടെ എണ്ണവിലയിലുണ്ടായ ഇടിവ്, നിര്‍മ്മാണ മേഖലയിലെ മാന്ദ്യം, നിതാഖാത് എന്നിവ ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്.ഗള്‍ഫ് മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയുന്ന ഒരു സാഹചര്യമുണ്ടായാല്‍ നിലവില്‍ തൊഴിലില്ലാത്ത ഇന്ത്യക്കാര്‍ക്കൊപ്പം ഗള്‍ഫില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവര്‍ക്കു കൂടി തൊഴില്‍ കണ്ടെത്തേണ്ട അവസ്ഥ ഇന്ത്യയ്ക്ക് വരും. ഇത് പ്രവാസികളില്‍ നിന്നും രാജ്യത്തിന് ലഭിക്കുന്ന വരുമാനത്തെയും ബാധിക്കും.

പുതിയ മേച്ചില്‍പുറങ്ങള്‍ തേടി

ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് പുതിയ തൊഴിലിടങ്ങള്‍ കണ്ടെത്തി കൊടുക്കുക എന്നത് അധികൃതരെ സംബന്ധിച്ചെടുത്തോളം വലിയ ഉത്തരവാദിത്വമാണ് . വിദേശത്ത് നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നത് എക്കൗണ്ടന്റോ അഭിഭാഷകനോ പ്ലംബ്ബറോ ഡ്രൈവറോ ആണെങ്കിലും അവര്‍ ഇന്ത്യന്‍ തൊഴിലാളികളാണ്. നമുക്ക് മിച്ചം വരുന്ന ഏറ്റവും വലിയ കയറ്റുമതി സാധ്യത മനുഷ്യവിഭവശേഷിയാണ്. വൈദഗ്ധ്യമുള്ള തൊഴിലാളികളെ വിദേശത്തേക്ക് അയക്കുകയെന്നതാകണം സര്‍ക്കാരിന്റെ മുന്‍ഗണനകളിലൊന്ന്. മറുനാടന്‍ പണം കൂടുതലായി രാജ്യത്തേക്ക് എത്തുന്നതിനും വിദേശങ്ങളിലെ ഇന്ത്യന്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും വിദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായകമാകും.

ഗള്‍ഫിലെ തൊഴിലവസരങ്ങള്‍ മങ്ങുന്ന സാഹചര്യത്തില്‍ റഷ്യയാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. റഷ്യയിലേക്ക് തൊഴിലാളികളെ അയക്കാനുള്ള സാധ്യതകളെ കുറിച്ച് ഇന്ത്യ കൂടുതലായി ആലോചിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂപ്രദേശമാണ് റഷ്യയെങ്കിലും അവിടെ ജനസംഖ്യ തീരെ കുറവാണ്.
അധിനിവേശം ഭയന്ന് ചൈനക്കാരെ റഷ്യയിലേക്ക് അടുപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇസ്ലാമിക് രാഷ്ട്രങ്ങളില്‍ നിന്നുളള തൊഴിലാളികളുടെ വ്യാപനവും റഷ്യക്കാര്‍ ഭയക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് റഷ്യയില്‍ തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യതകള്‍ ഏറെയാണ്. ഇന്ധന മേഖലയില്‍ ഇതിനോടകം തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ ചില ധാരണയിലെത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ റഷ്യയില്‍ കല്‍ക്കരി ഖനി തുറക്കുന്നത് സംബന്ധിച്ച് റഷ്യയും ടാറ്റ പവറും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിന് പുറമേ റെയില്‍വേ ലൈന്‍, തുറമുഖം എന്നിങ്ങനെ ചില പദ്ധതികള്‍ക്കുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഇത്തരത്തില്‍ റഷ്യയില്‍ കൂടുതല്‍ പദ്ധതികള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ സംരംഭകരും തൊഴിലാളികള്‍ക്ക് അവസരങ്ങളൊരുക്കി കൊടുക്കാന്‍ സര്‍ക്കാരും ശ്രമിക്കണം.

റഷ്യയിലെ തൊഴിലവസരങ്ങളെ ഇന്ത്യ വേണ്ടവിധം വിനിയോഗിക്കുകയാണെങ്കില്‍ അത്് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകും. മാത്രമല്ല ഏഷ്യയുടെ ഭാവി റഷ്യയുടെയും ചൈനയുടെയും ഇന്ത്യയുടെയും കയ്യിലാണെന്നതു കൊണ്ടുതന്നെ ഇവര്‍ തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനം ഏഷ്യയെ പുരോഗതിയിലേക്ക് നയിക്കും.

തൊഴില്‍ശേഷി വര്‍ധിപ്പിക്കണം

പ്രവാസികളയക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്താണെങ്കിലും ആദ്യ അഞ്ചു സ്ഥാനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് വിദേശങ്ങളില്‍ ഏറ്റവും കുറവ് വേതനം ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ജോലിക്കാരാണ് ഏറ്റവും തൊഴില്‍ ശേഷി കുറഞ്ഞവരെന്നും ഇതിലൂടെ അര്‍ത്ഥമാക്കാം. ചൈനീസ്, ഫിലിപ്പിനോ തൊഴിലാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ജോലി ചെയ്യാനുള്ള കഴിവിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ ഇന്ത്യക്കാര്‍ പൊതുവേ പിന്നോട്ടാണ്. അതിനാല്‍ തന്നെ ഇന്ത്യക്കാരായ സംരംഭകര്‍ പോലും വിദേശങ്ങളില്‍ മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളെ തങ്ങളുടെ പ്രോജക്ടുകള്‍ക്കായി തെരഞ്ഞെടുക്കുന്നു.

വിദേശത്ത് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മികച്ച വേതനം ലഭിക്കണമെങ്കില്‍ അവരുടെ തൊഴില്‍ ശേഷിയും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണം. വിദേശത്ത്് പല പ്രോജക്ടുകളും നടപ്പാക്കുന്നതിനൊപ്പം അതിന് ആവശ്യമായ യോഗ്യതകളുള്ള തൊഴിലാളികളേയും ഒപ്പം കൂട്ടാന്‍ ഇതിലൂടെ ഇന്ത്യന്‍ സംരഭകര്‍ക്ക് കഴിയും.

തക്കം പാര്‍ത്ത് ബംഗ്ലാദേശികള്‍

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേതനം അധികം നല്‍കേണ്ടി വരികയും തൊഴില്‍ശേഷി താരതമ്യേന കുറഞ്ഞിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബഗ്ലാദേശികള്‍ അടക്കമുള്ള മറുനാടന്‍ തൊഴിലാളികള്‍ക്ക് അവസരമേറുമെന്ന കാര്യം ഇന്ത്യ മറക്കരുത്. ലോകത്തില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ബംഗ്ലാദേശ്. നേപ്പാള്‍, മ്യാന്‍മാര്‍, ഗള്‍ഫ് തുടങ്ങിയ വിദേശങ്ങളിലേക്ക് കുടിയേറാന്‍ ബംഗ്ലാദേശികളെ പ്രേരിപ്പിക്കുന്ന പ്രധാനഘടകവും അതുതന്നെ. ഈ സാഹചര്യത്തില്‍ മികച്ച തൊഴില്‍ശേഷിയുള്ളവരായി ഇന്ത്യന്‍ തൊഴിലാളികളെ വാര്‍ത്തെടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എങ്കില്‍ മാത്രമേ വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ധിക്കുകയുള്ളു.

ലിബിയ, ഇറാഖ്, സിറിയ പോലുള്ള യുദ്ധ മേഖലകളിലേക്ക് പറ്റിയ പ്രോജക്ടുകള്‍ ആവിഷ്‌കരിച്ച് തൊഴിലാളികളെ കയറ്റിയയ്ക്കാന്‍ ഇന്ത്യ ശ്രമിക്കണം. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഈ മേഖലയില്‍ ആശാവഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും അവര്‍ നേതൃത്വം നല്‍കുന്ന മന്ത്രാലയത്തിനും സാധിക്കുന്നുണ്ട്. പ്രവാസികളുടെ ആവശ്യങ്ങളിലും വിദേശത്തേക്ക് കയറ്റുമതി ചെയ്യാവുന്ന മനുഷ്യവിഭവശേഷിയും പ്രോജക്ടുകളടക്കമുള്ള സേവനങ്ങളും സംബന്ധിച്ചും വിശദമായ പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമാക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ഇനിയും ഏറെ നമുക്ക് ചെയ്യാനുണ്ട്.

Comments

comments

Categories: Top Stories
Tags: India Russia