മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയാകാന്‍ ഇന്ത്യ ഒരുങ്ങുന്നു

മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയാകാന്‍ ഇന്ത്യ ഒരുങ്ങുന്നു

ഉപഭോഗ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുക ഉയര്‍ന്ന ജനസംഖ്യയുള്ള സമ്പന്ന നഗരങ്ങളും ഗ്രാമീണ മേഖലകളില്‍ വികസിച്ചു വരുന്ന പട്ടണങ്ങളുമാണ്

ന്യൂഡെല്‍ഹി: യുഎസിനും ചൈനയ്ക്കും പിന്നില്‍ ലോകത്തില്‍ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയാകാന്‍ ഇന്ത്യ തയാറെടുക്കുന്നതായി ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഉപഭോക്തൃ ചെലവിടല്‍ നിലവിലെ 1.5 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2013 ആകുമ്പോള്‍ 6 ട്രില്യണ്‍ ഡോളറിന് അടുത്തെത്തുമെന്നാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.
മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ (ജിഡിപി) 7.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ നിലവില്‍ ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണെന്ന് ഡബ്ല്യുഇഎഫ് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനത്തോളം വരുന്ന ആഭ്യന്തര സ്വകാര്യ ഉപഭോഗത്തിന് വരുന്ന ദശാബ്ദത്തില്‍ വലിയ വളര്‍ച്ചാ സാധ്യതകളാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

‘ലോകത്തിലെ ഏറ്റവും ചലനാത്മകമായ ഉപഭോക്തൃ വിപണിയെന്ന നിലയില്‍ ഇന്ത്യ മുന്നേറ്റം തുടരുകയാണ്. ഈ വളര്‍ച്ച എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഉത്തരവാദിത്ത പൂര്‍ണവും ആണെന്ന് പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും മുന്‍നിരക്കാന്‍ ഉറപ്പുവരുത്തണം,’, ഡബ്ല്യുഇഎഫ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും ഉപഭോക്തൃ വിപണികള്‍ക്കായുള്ള വിഭാഗത്തിന്റെ മേധാവിയുമായി സാറ ഇന്‍ഗിലിസ്യാന്‍ പറയുന്നു.
ഉപഭോക്തൃ വളര്‍ച്ചയില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെയും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈദഗ്ധ്യ വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഗ്രാമീണ ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉള്‍ചേര്‍ക്കല്‍, പൗരന്‍മാരുടെ ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കല്‍ എന്നിവയെല്ലാമാണ് മുന്നിലുള്ള വെല്ലുവിളികളെന്ന് ഡബ്ല്യുഇഎഫ് പറയുന്നു.

‘വേഗത്തില്‍ വളരുന്ന ഉപഭോക്തൃ വിപണി ഇന്ത്യയിലെ ഉപഭോഗത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ മധ്യവര്‍ഗത്തിന്റെ വളര്‍ച്ച ശ്രദ്ധേയമാണെന്നും ചൂണ്ടിക്കാണിക്കുന്നു. 25 മില്യണോളം കുടുംബങ്ങള്‍ 2030നുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടക്കുമെന്നാണ് ഡബ്ല്യുഇഎഫ് കണക്കാക്കുന്നത്. വരുമാനത്തിലുണ്ടാകുന്ന ഉയര്‍ച്ച ഇന്ത്യയെ ഒരു മധ്യവര്‍ഗ രാജ്യമാക്കി മാറ്റുകയാണ്.
ഉപഭോഗ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുക ഉയര്‍ന്ന ജനസംഖ്യയുള്ള സമ്പന്ന നഗരങ്ങളും ഗ്രാമീണ മേഖലകളില്‍ വികസിച്ചു വരുന്ന പട്ടണങ്ങളുമാണ്. ഇന്ത്യയിലെ മുന്‍നിരയിലെ 40 നഗരങ്ങള്‍ക്ക് സംയുക്തമായി 2030ഓടെ 1.5 ട്രില്യണ്‍ ഉപഭോക്തൃ ചെലവിടലിലേക്ക് വളരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിന്റെയും സംഘടിത ഓണ്‍ലൈന്‍ റീട്ടെയ്‌ലിലേക്കുള്ള പ്രവേശനം വര്‍ധിക്കുന്നതിന്റെയും ഫലമായി ഗ്രാമീണ മേഖലയിലെ ഉപഭോക്തൃ ചെലവിടല്‍ 1.2 ട്രില്യണ്‍ വരെ വര്‍ധിക്കാം.

ബെയ്ന്‍& കമ്പനിയുമായി ചേര്‍ന്നാണ് ഡബ്ല്യുഇഎഫ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 30 ഇന്ത്യന്‍ നരഗങ്ങളിലെ 5100 കുടുംബങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ ഉപഭോക്തൃ സര്‍വെകളുടെ അടിസ്ഥാനത്തിലും പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും പ്രമുഖരായ 40ഓളം പേരെ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് നിഗമനങ്ങളിലെത്തിയത്.

Comments

comments

Categories: Business & Economy
Tags: Consumerism