പറക്കുംകാര്‍ ചര്‍ച്ചകള്‍ക്കിടെ നടക്കുംകാറുമായി ഹ്യുണ്ടായ്

പറക്കുംകാര്‍ ചര്‍ച്ചകള്‍ക്കിടെ നടക്കുംകാറുമായി ഹ്യുണ്ടായ്

ഹ്യുണ്ടായ് എലവേറ്റ്’ ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ പ്രദര്‍ശിപ്പിച്ചു

ലാസ് വേഗസ് : സവിശേഷതരം മൊബിലിറ്റി കണ്‍സെപ്റ്റുമായാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇത്തവണ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലെത്തിയത്. എലവേറ്റ് കണ്‍സെപ്റ്റ് എന്നാണ് ഹ്യുണ്ടായ് ഇതിനെ വിളിക്കുന്നത്. നാല്കാലുള്ള വാഹനമാണ് ഹ്യുണ്ടായ് എലവേറ്റ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി എലവേറ്റ് കണ്‍സെപ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു ദക്ഷിണ കൊറിയന്‍ കമ്പനി. ഓട്ടോണമസ് മൊബിലിറ്റിയും ഇവി സാങ്കേതികവിദ്യയും മികച്ച രീതിയില്‍ സംയോജിപ്പിച്ചതാണ് ഹ്യുണ്ടായ് എലവേറ്റ്. മറ്റൊരു വാഹനവും ഇതിനുമുമ്പ് കടന്നുചെന്നിട്ടില്ലാത്ത ഇടങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകാന്‍ ഹ്യുണ്ടായ് എലവേറ്റിന് കഴിയും. മറ്റ് ഗ്രഹങ്ങളുടെ പര്യവേക്ഷണത്തിനും വാഹനം ഉപയോഗിക്കാമെന്ന് ഹ്യുണ്ടായ് പറയുന്നു.

‘അള്‍ട്ടിമേറ്റ് മൊബിലിറ്റി വാഹന’മായിരിക്കും എലവേറ്റ് കണ്‍സെപ്റ്റ് എന്ന് ഹ്യുണ്ടായ് അവകാശപ്പെട്ടു. റോബോട്ടിക് കാലുകള്‍ ഉപയോഗിച്ച് ഏത് ഭൂപ്രദേശങ്ങളിലൂടെയും നടക്കാനും ഇഴഞ്ഞുനീങ്ങാനും വാഹനത്തിന് കഴിയും. നാല് മെക്കാനിക്കല്‍ കാലുകള്‍ നല്‍കിയാണ് ഹ്യുണ്ടായ് എലവേറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാല് കാലുകളിലെയും ഓരോ ചക്രം കാല്‍പ്പാദമായി പ്രവര്‍ത്തിക്കും. കാലുകള്‍ നീട്ടി ഉരുളാനും അല്ലെങ്കില്‍ അവ ഉള്ളിലേക്ക് വലിച്ച് കാര്‍ പോലെ ഡ്രൈവ് ചെയ്തുപോകാനും കഴിയും. പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റിന്റെ പൊസിഷന്‍ മാറാതെ തന്നെ നീണ്ട കാലുകള്‍ ഉപയോഗിച്ച് ഉയരുകയും കയറുകയും ഇഴയുകയും ചെയ്യാം. ദൈനംദിന യാത്രാ ആവശ്യങ്ങള്‍ക്കല്ല, മറിച്ച് ചില അസാധാരണ ജോലികള്‍ ചെയ്യിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹ്യുണ്ടായ് എലവേറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, പാതയോരത്തെ മഞ്ഞില്‍ ഉറച്ചുപോയാല്‍ സ്വയം ഉയര്‍ന്ന് നടന്നുകയറി റോഡിലെത്താന്‍ ഹ്യുണ്ടായ് എലവേറ്റിന് കഴിയും.

എന്നാല്‍ മാനുഷികപരിഗണന കണക്കിലെടുത്താണ് എലവേറ്റ് കണ്‍സെപ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഹ്യുണ്ടായ് ഇന്നൊവേഷന്‍ മേധാവി ജോണ്‍ സ പറഞ്ഞു. റോബോട്ടിക്‌സ് ഉപയോഗിച്ച് കാര്‍ രൂപകല്‍പ്പന ചെയ്താല്‍ ദുരന്തമുഖങ്ങളില്‍നിന്ന് അനേകം ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തങ്ങളിലും ദുര്‍ഘടമായ സ്ഥലങ്ങളിലും പരുക്കേറ്റ് കിടക്കുന്നവരെ കണ്ടെത്തുന്നതിനും ഹ്യുണ്ടായ് എലവേറ്റ് ഉപയോഗിക്കാം. ഏത് ദിശയിലേക്കും നീങ്ങാന്‍ കഴിയുന്ന വാഹനത്തിന് ചുവരുകളില്‍ ഒന്നര മീറ്റര്‍ വരെ കയറാനും കഴിയും. അതേസമയം വാഹനത്തിന്റെ ബോഡി തറയുടെ സമാന്തരമായിരിക്കും.

Comments

comments

Categories: Auto