എട്ടു പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 6% വര്‍ധന

എട്ടു പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 6% വര്‍ധന

എന്‍ബിഎഫ്‌സി പ്രതിസന്ധി 2018ന്റെ രണ്ടാം പകുതിയിലെ വില്‍പ്പനയെ ബാധിച്ചു

ന്യൂഡെല്‍ഹി: ഡെവലപ്പര്‍മാര്‍ വില കുറച്ചതിന്റെയും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പരോക്ഷ ഡിസ്‌കൗണ്ടുകള്‍ നല്‍കിയതിന്റെയും ഫലമായി 2018ല്‍ ഇന്ത്യയിലെ എട്ടു പ്രധാന നഗരങ്ങളിലെ മൊത്തം ഭവന വില്‍പ്പന 6 ശതമാനം വര്‍ധിച്ചു. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സ്ഥാപനമായ ഫ്രാങ്ക് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡെല്‍ഹി- രാജ്യ തലസ്ഥാന മേഖല, മുംബൈ, ബെഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ ഭവന യൂണിറ്റുകളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായപ്പോള്‍ കൊല്‍ക്കൊത്ത, പൂനെ എന്നിവിടങ്ങളിലെ വില്‍പ്പന ഇടിയുകയാണുണ്ടായത്.
ഈ എട്ടു നഗരങ്ങലില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വില്‍ക്കപ്പെടാത്ത യൂണിറ്റുകളുടെ എണ്ണം 11 ശതമാനം ഇടിഞ്ഞ് 4.7 ലക്ഷം യൂണിറ്റായി കുറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കൂടുതല്‍ മെച്ചപ്പെട്ട റെഗുലേറ്ററി സംവിധാനം, വിലയിലുണ്ടായ കുറവ്, ഭവന ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് എത്തുന്നത് എന്നിവയെല്ലാം ഉപഭോക്താക്കളെ വാങ്ങലിന് പ്രേരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2018ല്‍ വില്‍പ്പന നടത്തിയ യൂണിറ്റുകളുടെ എണ്ണം 2,42,328 ആണെന്നാണ് കണക്കാക്കുന്നത്. മുന്‍ വര്‍ഷം ഇത് 2,28,072 യൂണിറ്റുകളായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബെംഗളൂരുവാണ് റിപ്പോര്‍ട്ടില്‍ പരിഗണിച്ച നഗരങ്ങളില്‍ ഏറ്റവും വലിയ വര്‍ധന ഭവന വില്‍പ്പനയില്‍ കരസ്ഥമാക്കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന നടത്തിയ യൂണിറ്റുകളുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനയാണ് ബെംഗളൂരുവില്‍ 2018ല്‍ ഉണ്ടായത്. സാമ്പത്തിക സ്ഥിരതയും തൊഴില്‍ സുരക്ഷിതത്വവുമാണ് ഇതിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കൊല്‍ക്കത്തയിലെ ഭവന വില്‍പ്പന 10 ശതമാനം ഇടിവ് പ്രകടമാക്കിയപ്പോള്‍ പൂനെയില്‍ ഒരു ശതമാനം മാത്രമാണ് ഇടിവ്.

രാജ്യതലസ്ഥാന മേഖലയില്‍ 8 ശതമാനം വളര്‍ച്ചയാണ് ഭവന വില്‍പ്പനയില്‍ ഉണ്ടായത്. ഗ്രോയ്ഡയിലും ഗ്രേറ്റര്‍ നോയ്ഡയിലുമാണ് മികച്ച വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. വില്‍ക്കാത്ത യൂണിറ്റുകളുടെ എണ്ണം 2018 അവസാനത്തിലെ കണക്ക് പ്രകാരം 4,68,372 യൂണിറ്റാണ്. എട്ടു നഗരങ്ങളിലെ പുതിയ വീടുകളുടെ അവതരണം 2018ല്‍ 1,82,207 യൂണിറ്റുകളായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനം വര്‍ധനയാണ് പുതിയ വീടുകളുടെ എണ്ണത്തിലുണ്ടായത്.
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഭവന പ്രോപ്പര്‍ട്ടികളുടെ വിപണിയില്‍ തിരിച്ചുവരവ് പ്രകടമായതെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യ സിഎംഡി ശിഷിര്‍ ബാലാജി പറഞ്ഞു. മിതമായ വിലയിലുള്ള വിഭാഗമാണ് ഈ മുന്നേറ്റത്തെ നയിച്ചത്. കുറഞ്ഞ ജിഎസ്ടി നിരക്ക് അഫോഡബിള്‍ ഹൗസിംഗ് മേഖലയ്ക്ക് നല്‍കിയ അടിസ്ഥാന സൗകര്യ പദവി തുടങ്ങിയവയിലൂടെ ലഭ്യമായ ആനുകൂല്യങ്ങള്‍ ആവശ്യകതയെ നടിച്ചു. വിതരണവും ഇതിനൊത്ത് ഉയര്‍ത്താന്‍ ഡെവലപ്പര്‍മാാര്‍ക്കായെന്ന് അദ്ദേഹം നീരീക്ഷിച്ചു.

2018ന്റെ രണ്ടാം പകുതിയില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ അനുഭവപ്പെട്ട പ്രതിസന്ധി വില്‍പ്പനയെ പരിമിതപ്പെടുത്തയിട്ടുണ്ട്. രാജ്യ തലസ്ഥാന മേഖല, മുംബൈ എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി ബാധിച്ചതെന്ന് ശിഷിര്‍ ബാലാജി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: House sale