വീണ്ടും പ്രതീക്ഷ നല്‍കി ഇന്ത്യ

വീണ്ടും പ്രതീക്ഷ നല്‍കി ഇന്ത്യ

ആഗോള സാമ്പത്തിക രംഗത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ട് കൂടുമ്പോഴും ഇന്ത്യയില്‍ പ്രതീക്ഷയുടെ ശുഭകിരണങ്ങളാണ് ഇപ്പോഴുമുള്ളതെന്ന ലോകബാങ്കിന്റെ റിപ്പോര്‍ട്ട് നിക്ഷേപകരുടെയും ആത്മവിശ്വാസം ഉയര്‍ത്തും

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.3 ശതമാനമായിരിക്കുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു. ഇതേവര്‍ഷത്തില്‍ ചൈന രേഖപ്പെടുത്തുക 6.3 ശതമാനം വളര്‍ച്ചാനിരക്കായിരിക്കുമെന്നതാണ് ഇന്ത്യയുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നത്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തിലേക്ക് എത്തുമെന്നും നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകബാങ്ക് വ്യക്തമാക്കുന്നുണ്ട്. ഉപഭോഗം വീണ്ടും കൂടുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുന്നത്.

രാജ്യത്ത് പല തരത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുമ്പോഴും വളര്‍ച്ചാനിരക്കില്‍ വരുന്ന ഇത്തരം പ്രതീക്ഷാനിര്‍ഭരമായ വിലയിരുത്തലുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വലിയ തോതില്‍ ഉയര്‍ത്തുന്നതുതന്നെയാണ്.

വ്യാപാരയുദ്ധവും എണ്ണവിലയിലെ ചാഞ്ചാട്ടവുമെല്ലാം ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ തരുമ്പോള്‍ ലോക സമ്പദ് വ്യവസ്ഥയില്‍ കാര്യങ്ങള്‍ സുഗമമാവില്ലെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. അമേരിക്കയില്‍ വ്യക്തിപരമായ നേട്ടങ്ങളിലും താല്‍പ്പര്യങ്ങളിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ ശ്രദ്ധയൂന്നുന്നതിനാല്‍ സാമ്പത്തികരംഗത്തിന്റെ കാര്യത്തില്‍ പലര്‍ക്കും തീരെ പ്രതീക്ഷയില്ല. ആഗോളവല്‍ക്കരണ പ്രത്യയശാസ്ത്രത്തില്‍ നിന്ന് യുഎസ് പിന്മാറിയതോടെ തന്നെ സ്വതന്ത്ര വ്യാപാരത്തിന്റെ ഒഴുക്ക് ബാധിക്കപ്പെട്ടിരുന്നു. ഇന്നും അതിന്റെ അനുരണനങ്ങളാണ് പല തലങ്ങളില്‍ ആഗോള വ്യാപാരത്തില്‍ നിഴലിക്കുന്നത്. അതേസമയം ലോകത്തെ സാമ്പത്തിക അനിശ്ചിതത്വത്തില്‍ ഇന്ത്യക്ക് അത്ര പരിക്കേല്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ലോകബാങ്ക് ഉള്‍പ്പടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. മാത്രമല്ല, രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഇടിവും സംഭവിച്ചേക്കില്ല.

മാര്‍ച്ച് 31 ആകുമ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.2 ശതമാനമാകുമെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസും കണക്കുകൂട്ടുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ച 7.4 ശതമാനം വളര്‍ച്ചാനിരക്കിനെക്കാളും കുറവാണ് ഇതെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട് കാര്യങ്ങള്‍. ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങളെന്ന് വിലയിരുത്തപ്പെട്ട നോട്ട് അസാധുവാക്കല്‍, ജിഎസ്ടി (ചരക്ക് സേവന നികുതി) എന്നിവ തീര്‍ത്ത ഇരട്ട പ്രഹരത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ പൂര്‍ണമായും മുക്തി നേടി എന്ന തലത്തിലേക്ക് കാര്യങ്ങളെത്തി എന്നത് ആശ്വാസകരമാണ്. അതേസമയം നിക്ഷേപ വളര്‍ച്ചയില്‍ ശ്രദ്ധയൂന്നുന്നതിനും സാമ്പത്തിക അച്ചടക്കത്തോടെയുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി വളര്‍ച്ചയുടെ ദിശ നിര്‍ണയിക്കപ്പെടുകയുള്ളൂ. അതുകൊണ്ടുതന്നെ സ്ഥിരതയാര്‍ന്ന സര്‍ക്കാരാണോ വരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള യാത്രയുടെ വേഗം. ജിഎസ്ടി നിരക്കുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉദാരവും ലളിതവുമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതിനാകണം പുതിയ സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടത്.

Comments

comments

Categories: Editorial, Slider
Tags: India