ഹെക്ടര്‍; ഇന്ത്യയിലെ ആദ്യ എംജി എസ്‌യുവി

ഹെക്ടര്‍; ഇന്ത്യയിലെ ആദ്യ എംജി എസ്‌യുവി

ഹെക്ടര്‍ എസ്‌യുവിയുടെ ടീസര്‍ വീഡിയോ എംജി മോട്ടോര്‍ പുറത്തുവിട്ടു

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ എംജി മോട്ടോറിന്റെ ആദ്യ വാഹനം ഹെക്ടര്‍ എന്ന് അറിയപ്പെടും. ഇന്ത്യയിലെ ആദ്യ ഉല്‍പ്പന്നത്തിന് ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്പനി പേരിട്ടു. ഹെക്ടര്‍ എന്ന റോയല്‍ ബ്രിട്ടീഷ് ബൈപ്ലേനില്‍നിന്നാണ് ഇന്ത്യയിലെ ആദ്യ വാഹനത്തിന് പേര് സ്വീകരിച്ചത്. ഒന്നിനുമുകളിലൊന്നായി രണ്ട് ജോഡി ചിറകുള്ള വിമാനമാണ് ബൈപ്ലേന്‍. 1930 കളിലാണ് ഹെക്ടര്‍ ബൈപ്ലേന്‍ റോയല്‍ എയര്‍ഫോഴ്‌സ് ഉപയോഗിച്ചിരുന്നത്. ഗ്രീക്ക് പുരാണത്തിലെ ട്രോയ് രാജകുമാരന്‍ കൂടിയാണ് ഹെക്ടര്‍.

ഹെക്ടര്‍ എസ്‌യുവിയുടെ ടീസര്‍ വീഡിയോ എംജി മോട്ടോര്‍ പുറത്തുവിട്ടു. ടീസറില്‍ വാഹനം വളരെ കുറച്ച് മാത്രമാണ് കാണുന്നത്. എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും വലിയ ഗ്രില്ലും കാണാനിടയായി. എസ്‌യുവിയുടെ കാബിന്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ്. എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സവിശേഷതകളാണെന്ന് വീഡിയോയില്‍നിന്ന് വ്യക്തമാകുന്നു. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് പാക്കേജ്, 360 ഡിഗ്രി കാമറ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.

5 സീറ്റര്‍, 7 സീറ്റര്‍ എന്നിവയില്‍ ഏത് വേര്‍ഷനില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഫീച്ചറുകള്‍ നിറഞ്ഞതും സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നതുമായിരിക്കും എംജി ഹെക്ടര്‍ എസ്‌യുവി. ഈ വര്‍ഷം പകുതിയോടെ ഓള്‍-ന്യൂ എംജി ഹെക്ടര്‍ എസ്‌യുവി വിപണിയിലെത്തും. ജീപ്പ് കോംപസ്, ഹ്യുണ്ടായ് ടൂസോണ്‍, വരാനിരിക്കുന്ന ടാറ്റ ഹാരിയര്‍ എന്നിവയാണ് എതിരാളികള്‍. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് ഉല്‍പ്പാദനം.

Comments

comments

Categories: Auto
Tags: Hector