ജിഎസ്ടി നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയത് 48,202 കോടി രൂപ

ജിഎസ്ടി നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയത് 48,202 കോടി രൂപ

രണ്ട് മാസം കൂടുമ്പോഴാണ് കേന്ദ്രം നഷ്ടപരിഹാര തുക കണക്കാക്കി വിതരണം ചെയ്യുന്നത്

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ട് മാസത്തിനിടെ ഏകീകൃത ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) നഷ്ടപരിഹാരമായി 48,202 കോടി രൂപ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. ധനവകുപ്പ് സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ 48,178 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.

ജിഎസ്ടി നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ചാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത്. സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടാകുന്ന പക്ഷം കേന്ദ്രത്തിന് ലഭിക്കുന്ന നികുതി വരുമാനത്തില്‍ നിന്നും നഷ്ടപരിഹാര തുക നല്‍കണമെന്നാണ് ജിഎസ്ടി നിയമം വ്യവസ്ഥ ചെയ്യുന്നത്. രണ്ട് മാസം കൂടുമ്പോഴാണ് കേന്ദ്രം നഷ്ടപരിഹാര തുക കണക്കാക്കി വിതരണം ചെയ്യുന്നത്.

14 ശതമാനമാണ് ജിഎസ്ടി നഷ്ടപരിഹാരത്തിനായി നിശ്ചയിച്ചിരിക്കുന്നത്. 2017-2018 സാമ്പത്തിക വര്‍ഷം ജിഎസ്ടി നഷ്ടപരിഹാരമായി ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് കര്‍ണാടകത്തിനാണ,് 7,500 കോടി രൂപ. രണ്ടാമതായി കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ച സംസ്ഥാനം പഞ്ചാബ് ആണ്. 4,600 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചാബിന് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചത്.

2017 ജൂലൈ ഒന്നിനാണ് ഏകീകൃത ചരക്ക് സേവന നികുതി നയം പ്രാബല്യത്തില്‍ വന്നത്. ഇതേതുടര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്തുന്നതിനായാണ് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. ദീര്‍ഘാകലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം. 2022വരെ നഷ്ടപരിഹാരം നല്‍കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍, ഈ കാലയളവിനുശേഷം 2025വരെ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിന് ഒരു സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് വിവരം.

Comments

comments

Categories: FK News
Tags: GST