ബംഗാള്‍ കര്‍ഷകര്‍ പരമ്പരാഗത വിത്തുസംരക്ഷണത്തിന്

ബംഗാള്‍ കര്‍ഷകര്‍ പരമ്പരാഗത വിത്തുസംരക്ഷണത്തിന്

അത്യുല്‍പ്പാദനശേഷി അവകാശപ്പെടുന്ന ആധുനിക വിത്തുകള്‍ക്കു പകരം പാരമ്പര്യമായി ലഭിച്ച നാടന്‍വിത്തുകള്‍ മുളപ്പിച്ചു സൂക്ഷിക്കാനാണ് ഗ്രാമീണബംഗാള്‍ കര്‍ഷകരുടെ തീരുമാനം

ഗ്രാമീണ ബംഗാള്‍ നെല്‍ക്കൃഷിയുടെ വിളനിലമാണ്. ഉപഭോക്തൃസംസ്ഥാനമായ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെ തീറ്റിപ്പോറ്റാനുള്ള അരിക്ക് ബംഗാളിനെയാണ് ഇന്ന് ആശ്രയിക്കേണ്ടി വരുന്നത്. എന്നാല്‍ കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകളെ ബാധിക്കുന്നു. ഇതിനെ ചെറുക്കാന്‍ കര്‍ഷകസംഘങ്ങള്‍ പരമ്പരാഗതമായി വളരുന്ന വൈവിധ്യമാര്‍ന്ന വിത്തുകള്‍ നാടന്‍ രീതിയില്‍ മുളപ്പിച്ചെടുക്കുകയാണിപ്പോള്‍. സെപ്റ്റംബര്‍ മധ്യത്തോടെയാണ് ഇവിടെ വിളവെടുപ്പ്.

കര്‍ഷകരുടെ മുന്‍ഗണന

ഇന്ത്യയുടെ അരിക്കിണ്ണമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ബംഗാളിഗ്രാമമാണ് ബങ്കുര. ഗ്രാമവാസികളുടെ പ്രധാന ജീവിതമാര്‍ഗം കൃഷിയാണ്. ഇവരില്‍ ഭൂരിഭാഗവും ചെറുകിട- നാമമാത്ര കര്‍ഷകരാണ്. 4.30 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയാണ് ജില്ലയിലുള്ളത്. ശരാശരി 1.02 ഹെക്ടര്‍ കൃഷിഭൂമിയാണ് ഇവിടെ ഓരോ ഭൂവുടമയ്ക്കുമുള്ളത്. ഇതില്‍ 4.28 ലക്ഷം ഹെക്ടര്‍ സ്ഥലത്തും നെല്‍ക്കൃഷിയാണുള്ളത്. ഉരുളക്കിഴങ്ങ്, പച്ചക്കറി, എണ്ണക്കുരു എന്നിവയാണ് മറ്റു പ്രധാനവിളകള്‍. മറ്റു സംസ്ഥാനങ്ങളിലെന്നപോലെ അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകളാണ് ഇവിടെയും പഥ്യം. കുറഞ്ഞ വിളവ്, വിപണിയിലെ ആവശ്യക്കുറവ് എന്നിവ കാരണം നാടന്‍ വിത്തിനങ്ങളെ ഇവര്‍ ആശ്രയിക്കാറില്ലായിരുന്നു.

പശ്ചിമ ബംഗാളിലെ ജല-ജൈവ വൈവിധ്യത്തെക്കുറിച്ചു പഠിച്ച കാര്‍ഷിക ശാസ്ത്രജ്ഞന്‍ അന്‍ജാന്‍ കുമാര്‍ സിന്‍ഹ വിദൂര കര്‍ഷികഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും പരമ്പരാഗത വൈവിധ്യ വിളകള്‍ കണ്ടെത്തുകയും ചെയ്തു. അവ സംരക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നല്ല വിളവ് നല്‍കുന്ന അത്യുല്‍പ്പാദന വിളകളുടെ പുറകേ പോയ പരമ്പരാഗത കര്‍ഷകര്‍ നാടന്‍ വിത്തുകളെ പാടേ അവഗണിച്ചു. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ കാലാവസ്ഥാ വ്യതിയാനം യഥാര്‍ത്ഥ്യമായതോടെ നമ്മുടെ കാര്‍ഷിക സമ്പത്ത് നഷ്ടമനുഭവിക്കേണ്ടി വന്നുവെന്നു സിന്‍ഹ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത വിളകളുടെ പ്രാധാന്യം മനസിലാക്കിയതോടെ അവ പ്രദേശത്തെ നാമമാത്ര കര്‍ഷകരുടെ സഹായത്തോടെ സംരക്ഷിക്കാനുള്ള ശ്രമം അദ്ദേഹം ആരംഭിച്ചു.

വിത്തുല്‍പ്പാദനവും സംരക്ഷണവും

തെക്കു കിഴക്കന്‍ ഏഷ്യന്‍ ഇനമായ ഒറൈസ സാത്തിവ എന്ന നെല്‍വിത്താണ് വികസിപ്പിച്ചത്. ഇത് 88,681 വ്യത്യസ്ത തരത്തിലുണ്ട്. ഇതില്‍ 55,615 ഇനം നാടനും 1,171 വനവിഭവവും, 32,895 മറ്റ് ഇനങ്ങളില്‍പ്പെട്ടവയുമായിരുന്നു. ഹരിതവിപ്ലവം രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കി. എന്നാല്‍ ഇതിന്റെ നട്ടെല്ലായിരുന്ന അത്യുല്‍പ്പാദനവിത്തുകള്‍ പരോക്ഷമായി മണ്ണൊലിപ്പു പോലുള്ള പ്രത്യാഘാതങ്ങള്‍ക്കു കാരണമായി. പശ്ചിമബംഗാളില്‍ ധാരാളം തനതു വിത്തിനങ്ങളുണ്ട്. 50,000 ത്തിലധികം ഇനം നെല്ലിനങ്ങള്‍ സംസ്ഥാനത്തു ലഭ്യമായിരുന്നു. അവയില്‍ ഭൂരിഭാഗവും തെറ്റായ കൃഷിരീതികള്‍ കാരണം അപ്രത്യക്ഷമായി. അത്യുല്‍പ്പാദകവിത്തുകള്‍ തേടിപ്പോയ കര്‍ഷകരുടെ അത്യാഗ്രഹത്തില്‍ ഇവയിപ്പോള്‍ 15 ആയി പരിമിതപ്പെട്ടിരിക്കുന്നു.

നാടന്‍ ഇനങ്ങളെ മറന്നതാണ് ഇതിനു കാരണം. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് പ്രത്യേക പരിതസ്ഥിതിയില്‍ പരിണമിച്ചുണ്ടായ അസംഖ്യം പ്രധാന ജീനുകളുടെ ഒരു നിധിയാണ് ഇത്തരം നെല്‍വിത്തുകളെന്നു പറയാം. രോഗപ്രതിരോധശേഷിയുള്ള പുതിയ ഇനം സങ്കരവിത്തുകള്‍ ഇവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാനാകും. 2012 ല്‍ 65 നാടന്‍ വിത്തിനങ്ങളില്‍ നടത്തിയ പഠനമനുസരിച്ച് കലാംകതി, ദാനേര്‍ഗുരി, തുളസിബോഗ്, നഗ്രാശൈല്‍, വുത്മുരി, സിതാശൈല്‍, ഗോബിന്ദോഭോഗ്, നേതാ, രൂപ്‌ശൈല്‍, ചന്ദ്രകാന്ത, ദരാന്‍സൈല്‍, കട്ടാരിഭോഗ്, ദഹര്‍നഗ്ര, ബാദ്ഷഭോഗ് തുടങ്ങിയ ഇനങ്ങള്‍ ഭാവിയില്‍ വലിയ വാണിജ്യസാധ്യതയുള്ളവയാണെന്നു കണ്ടെത്തി.

കര്‍ഷകരുടെ പരിശ്രമങ്ങള്‍

സിന്‍ഹയുടെ നേതൃത്വത്തില്‍ ബങ്കുരയിലെ ആറ് ഗ്രാമങ്ങളിലെ നെല്‍കൃഷിക്കാര്‍ ചേര്‍ന്ന് അമര്‍ക്കാനാ റൂറല്‍ സോഷ്യല്‍-എന്‍വയണ്‍മെന്റല്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്നപേരില്‍ കര്‍ഷകകൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. പരമ്പരാഗത വിത്തിനങ്ങള്‍ പരിപാലിക്കുകയും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന അമ്പതംഗ കര്‍ഷകസംഘമാണിത്. വേഗത കുറവാണെങ്കിലും ഉപയോക്താക്കളുടെ ഇടയില്‍ അവബോധം ഉണ്ടാകുന്നതിനാല്‍ അംഗത്വം വര്‍ദ്ധിക്കുകയാണ്. ജൈവകൃഷിരീതി പിന്തുടരുന്ന ഏതൊരാള്‍ക്കും കൂട്ടായ്മയില്‍ അംഗത്വമെടുക്കാം. ഒരു അംഗത്തിന് അര കിലോ മുതല്‍ ഒരു കിലോ വരെ വിത്തുകള്‍ ലഭിക്കുന്നു. മൂന്നരമാസം കഴിഞ്ഞ് തന്റെ വിളവെടുപ്പില്‍ നിന്ന് ഒരു കിലോ വിത്ത് കര്‍ഷകന്‍ തിരികെ നല്‍കണം. ഇതു കൊണ്ട് 50-60 കിലോ അരി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നു.

സംരക്ഷണവും അടയാളപ്പെടുത്തലും

നെല്ല് പറിച്ചു നടുന്നതിനു മുമ്പ് ഭൂരിഭാഗം കര്‍ഷകരും മണ്ണില്‍ ജൈവവളം പാകുകയും ഭൂമി ഉഴുകുകയുമാണ് ചെയ്യുന്നത്. ഇത് നെല്ല് അഴത്തില്‍ വേരുപിടിക്കാനും പോഷണത്തിനായി അന്തരീക്ഷത്തിലെ നൈട്രജന്‍, ബാക്ടീരിയകള്‍, ജൈവവസ്തുക്കള്‍ എന്നിവ സ്വാംശീകരിക്കാനും സഹായിക്കുന്നു. നാടന്‍ ഇനങ്ങളെ അപേക്ഷിച്ച് അത്യുല്‍പ്പാദനശേഷിയുള്ള സങ്കയിനങ്ങള്‍ക്ക് കൂടുതല്‍ വളവും പോഷണവും കൊടുക്കേണ്ടി വരും. ഉദാഹരണമായി രാസവളത്തിനുള്ള ചെലവ് ഹെക്ടറിന് 4,500 രൂപയാണ്. എന്നാല്‍, കച്ചി, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ക്ക് ഇത് വെറും 400 രൂപയിലൊതുങ്ങുന്നു.

അമര്‍ക്കാനാ റൂറല്‍ സോഷ്യല്‍-എന്‍വയണ്‍മെന്റല്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് ഇതുവരെ 116 പരമ്പരാഗത നെല്‍ക്കൃഷിവിത്തുകള്‍ സംരക്ഷിക്കാനായിട്ടുണ്ട്. ഇതിനായി കാര്യക്ഷമമായ നാടന്‍ സംവിധാനങ്ങളാണ് അവര്‍ പിന്തുടരുന്നത്. ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുന്നതിനൊപ്പം വിത്തുകള്‍ മണ്‍കുടങ്ങളില്‍ ഇട്ടുവെക്കുകയും പ്രാണികളിലും പുഴുക്കളില്‍ നിന്നും സംരക്ഷിക്കാനായി ഉണങ്ങിയ വേപ്പില ഉപയോഗിച്ച് മൂടിവെക്കുകയും ചെയ്യുന്നു.

സുഗന്ധവാഹിനി

സുഗന്ധമൂറുന്ന ബസ്മതി, അംബെമോഹര്‍, രാധുനി പഗോല്‍, ഗോബിന്ദോഭോഗ്് തുടങ്ങിയ നെല്‍വൈവിധ്യങ്ങള്‍ ഇന്ന് പ്രശസ്തങ്ങളാണ്. എന്നാല്‍ അമര്‍ക്കാനാ സൊസൈറ്റി 28 സുഗന്ധ അരിയിനങ്ങളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. സുഗന്ധഅരിക്ക് വിപണിയില്‍ പ്രിയം ഏറിയതോടെ നല്ല വില ലഭ്യമാകുകയും ആഗോള വിപണിയിലെ വര്‍ദ്ധിച്ച ഡിമാന്‍ഡ് നെല്‍ക്കൃഷിക്കാരെ ആകര്‍ഷിക്കുകയും ചെയ്തു. വാണിജ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ സുഗന്ധ അരി ഉല്‍പ്പാദനത്തിനാണ് ഇന്ന് വിപണി എല്ലാറ്റിനുമുപരി പ്രാധാന്യം കൊടുക്കുന്നത്.

അപൂര്‍വ ഇനം, സുഗന്ധമുള്ള അരി ഇനങ്ങള്‍, ഇന്ത്യയുടെ വിലപ്പെട്ട നിക്ഷേപങ്ങളില്‍ ഒന്നാണെന്ന് ബിധാന്‍ ചന്ദ്ര കൃഷിവിശ്വവിദ്യാലയ കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസര്‍ കല്യാണ്‍ ജന ചൂണ്ടിക്കാട്ടുന്നു. ഇത്തരം അരിയിലടങ്ങിയ 2- അസെറ്റില്‍-1 – പൈറോളിന്‍ എന്ന ഘടകമാണ് സുഗന്ധം നല്‍കുന്നത്. മഴക്കാലത്ത് കൂടുതല്‍ വിളകൊയ്യാനാകുന്ന വിധത്തില്‍ ജൈവകൃഷിരീതി കര്‍ശനമായി പാലിക്കുകയാണെങ്കില്‍ സുഗന്ധം വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറയുന്നു.

വികസനസാധ്യത

2050- ഓടെ ഭക്ഷ്യോല്‍പ്പാദനം 50- 100 ശതമാനം വരെ ഉയരുമെന്ന് ലോകസസാമ്പത്തികഫോറം പ്രവചിച്ചിരിക്കുന്നു. എന്നാല്‍ ലോകമെമ്പാടും കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. അതിനാല്‍ ബുദ്ധിമുട്ടേറിയ ഈ ലക്ഷ്യം നേടാന്‍ കാര്‍ഷികമേഖലയ്ക്കാകുമോ എന്നതാണു ചോദ്യം. വിളകള്‍ക്ക് ന്യായവില കിട്ടണമെന്നും വായ്പയിളവുകള്‍ നല്‍കണമെന്നും ജലസേചന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ കര്‍ഷകര്‍ സ്ഥിരമായി ഉയര്‍ത്തുന്നു. സ്വതവേ നഷ്ടത്തിലായ കാര്‍ഷികവൃത്തി, കാലാവസ്ഥാവ്യതിയാനം കൂടുതലായ ഇക്കാലത്ത് വലിയ നഷ്ടക്കച്ചവടമാകുന്നുവെന്നും സ്ഥിരജോലിയില്ലാത്തത് കര്‍ഷകരുടെ മനോനിലയെ ബാധിക്കുന്നുവെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. വലിയ നഷ്ടം വരുത്തുന്ന കൃഷിയില്‍ ഒരു തവണയുണ്ടാകുന്ന വിളനാശം പോലും കര്‍ഷകരെ മാനസികമായി തളര്‍ത്തുന്നു.

പശ്ചിമബംഗാളിലെ പ്രധാന ഭക്ഷണം ചോറാണ്. ധാന്യങ്ങളില്‍ ഏറ്റവും പോഷകഗുണമുള്ള അരി അന്നജസംപുഷ്ടമാണ്. പച്ചരിയില്‍ 4.3%- 18.2% വരെ അന്നജമടങ്ങിയിരിക്കുന്നു. ഏഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും പ്രതിദിനം കഴിക്കുന്ന അന്നജത്തിന്റെ 35 ശതമാനവും വരുന്നത് അരിയില്‍ നിന്നാണ്. ഒരു ജീവിയുടെ ജനിതകപരമായ വൈവിധ്യം നഷ്ടപ്പെടുന്തോറും മാറുന്ന പരിതസ്ഥിതിയില്‍ അതിന്റെ പ്രതികരിക്കുന്നതിനുള്ള കഴിവ് അനുപാതികമായി പരിമിതപ്പെട്ടു കൊണ്ടിരിക്കും. ഇത് അതിന്റെ വംശനാശത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന നെല്‍വര്‍ഗങ്ങളില്‍ 95% അപ്രത്യക്ഷമാകുകയും ജനിതക വൈകല്യത്തിന്റെ തുടര്‍ന്നുള്ള നഷ്ടവും കൂടി കണക്കിലെടുക്കുമ്പോള്‍, വിവിധ നെല്‍വര്‍ഗങ്ങള്‍ വംശനാശഭീഷണി നേരിടുന്നതായി മനസിലാക്കാം.

സ്വതവേ നഷ്ടത്തിലായ കാര്‍ഷികവൃത്തി, കാലാവസ്ഥാവ്യതിയാനം കൂടുതലായ ഇക്കാലത്ത് വലിയ നഷ്ടക്കച്ചവടമാകുന്നു. വലിയ നഷ്ടം വരുത്തുന്ന കൃഷിയില്‍ ഒരു തവണയുണ്ടാകുന്ന വിളനാശം പോലും കര്‍ഷകരെ മാനസികമായി തളര്‍ത്തുന്നു. ജനസംഖ്യയുടെ പകുതിയോളം പേരുടെ ഉപജീവനം കൃഷിയും അനുബന്ധ വ്യവസായങ്ങളുമായതിനാല്‍ കര്‍ഷകരെ രാജ്യത്തിന്റെ ഹൃദയവും ആത്മാവുമായാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ മൂന്നു ദശകമായി അവരുടെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുകയാണ്. ഒരിക്കല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്തിരുന്ന കാര്‍ഷികമേഖല ഇന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 15 ശതമാനത്തിലേക്ക് ഒതുങ്ങുന്ന സ്ഥിതിയിലെത്തി.

പ്രാദേശിക സംരക്ഷണ സംവിധാനമെന്ന നിലയില്‍ അമര്‍ക്കാനാ സൊസൈറ്റിയുടെ സംരംഭം കൃഷിയിടങ്ങളെ ആശ്രയിച്ചാണു നിലനില്‍ക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട തരത്തിലുള്ള വിത്തുകളും സവിശേഷമായ ഇനങ്ങളും പരിസ്ഥിതിമാറ്റങ്ങളിലൂടെ മെച്ചപ്പെട്ട ശ്രേണികളോടൊപ്പം കൃഷിസ്ഥലങ്ങളില്‍ വളരുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നു.ചെറുകിട കര്‍ഷകരുടെ പരിശ്രമങ്ങള്‍, പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അവസരമൊരുക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കൃഷിയുടെ വളര്‍ച്ചയില്‍ അസ്ഥിരമായ മാറ്റങ്ങള്‍ വരുത്താം. ഈര്‍പ്പം, താപവ്യത്യാസം തുടങ്ങിയ അന്തരീക്ഷ ഘടകങ്ങളും പുതിയ കീടങ്ങളും രോഗങ്ങളും പ്രശ്‌നങ്ങളുണ്ടാകാന്‍ കാണമാകുന്നു. ഈ സാഹചര്യത്തില്‍ മണ്ണിനിണങ്ങുന്ന തനി നാടന്‍ വിത്തുകളായിരിക്കും ഫലപ്രദം.

Comments

comments

Categories: Top Stories